ഗസ: ഫലസ്തീനിലെ ഇസ്രഈല്‍ വംശഹത്യയില്‍ പ്രതിഷേധിച്ച് ഔദ്യോഗികമായി പൗരത്വം ഉപേക്ഷിച്ച് ജൂത എഴുത്തുകാരന്‍. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അവി സ്റ്റെയിൻബെര്‍ഗാണ് ഇസ്രഈല്‍ പൗരത്വം ഉപേക്ഷിച്ചത്.
ഇസ്രഈലിന്റെ വര്‍ണവിവേചനപരമായ നീക്കത്തിനെതിരെ കൂടുതല്‍ പൗരന്മാര്‍ തന്റെ തീരുമാനത്തോടൊപ്പം നില്‍ക്കണമെന്ന് അവി ആവശ്യപ്പെട്ടു.
അമേരിക്കന്‍ വംശജരായ ദമ്പതികള്‍ക്ക് ജെറുസലേമില്‍ ജനിച്ച എഴുത്തുകാരനാണ് അവി സ്റ്റെയിൻബെര്‍ഗ്. ഓര്‍ത്തഡോക്‌സ് പശ്ചാത്തലത്തിലാണ് അവി വളര്‍ന്നത്. 1993ല്‍ സ്റ്റെയിൻബെര്‍ഗിന്റെ കുടുംബം യു.എസിലേക്ക് കുടിയേറുകയായിരുന്നു.
ഇസ്രഈല്‍ അമേരിക്കയുടെ സഖ്യകക്ഷിയായിരിക്കെ യു.എസില്‍ വ്യാപകമായ പ്രതിഷേധമാണ് നെതന്യാഹു സര്‍ക്കാരിനെതിരെ നടക്കുന്നത്. ജൂത സംഘടനകളുടെ നേതൃത്വത്തില്‍ ഉള്‍പ്പെടെയാണ് യു.എസില്‍ പ്രതിഷേധം തുടരുന്നത്. ഈ സാഹചര്യങ്ങളില്‍ കൂടിയാണ് അവി ഇസ്രഈല്‍ പൗരത്വം ഉപേക്ഷിക്കുന്നത്.
കുടിയേറ്റക്കാരുടെ കൊളോണിയലിസത്തെ നിയമവിധേയമാക്കുന്ന വംശഹത്യയുടെ ഒരു ഉപകരണമായിരുന്നു ഇസ്രഈലി പൗരത്വം എന്നും അവി സ്റ്റെയിൻബെര്‍ഗ് പറഞ്ഞു. ഇടത് പ്രസിദ്ധീകരണമായ ട്രൂതൗട്ടില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
നുണകളുടെ ആഴം കൂട്ടുന്നതും കുറ്റകൃത്യങ്ങളെ വെള്ളപൂശുന്നതും അക്രമങ്ങളെ മുൻനിര്‍ത്തിയുള്ളതുമാണ് ഇസ്രഈല്‍ പൗരത്വമെന്നും എഴുത്തുകാരന്‍ പ്രതികരിച്ചു.
താന്‍ വളര്‍ന്നത് ഫലസ്തീന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മനസിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ കുടുംബത്തെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടിയിറക്കുകയും പിന്നീട് ഇവര്‍ ജോര്‍ദാനിലേക്ക് കുടിയേറിയെന്നാണ് വിവരം.
നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രഈല്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇസ്രഈലികള്‍ക്കും പ്രവാസികള്‍ക്കും ഇടയില്‍ വിള്ളലുണ്ടാക്കിയിട്ടുണ്ട്. അതിന് ഉത്തമ ഉദാഹരണമാണ്, 2023 നവംബറില്‍ ഇസ്രഈല്‍ കമ്മീഷന്‍ നടത്തിയ വോട്ടെടുപ്പില്‍ മുന്നില്‍ രണ്ട് ശതമാനം അമേരിക്കന്‍ ജൂതരും പിന്തുണച്ചത് ഫലസ്തീനികളെയാണ്. ഒരു ശതമാനം പിന്തുണച്ചത് ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിനെയാണെന്നും അവി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം എന്‍+1ന് വേണ്ടി എഴുതിയ ലേഖനത്തില്‍ സ്റ്റെയിൻബെര്‍ഗ് ഫലസ്തീനികളെ പിന്തുണച്ചിരുന്നു. തുടര്‍ന്ന് ജൂത സംഘടനകളായ ജൂത വോയ്സ് ഫോര്‍ പീസ് (ജെ.വി.പി) , ഇഫ് നോട്ട് നൗ (ഐ.എന്‍.എന്‍) എന്നിവര്‍ക്കൊപ്പം ചിക്കാഗോയില്‍ നടത്തിയ ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തിനിടെ അവി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
Content Highlight: Jewish writer renounced Israeli citizenship