| Friday, 24th November 2023, 4:23 pm

സർവകലാശാല ഇസ്രഈലി കമ്പനികളുടെ നിക്ഷേപങ്ങൾ പിൻവലിക്കണം; യു.എസിൽ സമരവുമായി ജൂത സംഘടനാ വിദ്യാർത്ഥികൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

റോഡ് ഐലൻഡ്: ഇസ്രഈൽ കമ്പനികളിൽ നിന്നുള്ള നിക്ഷേപം സർവകലാശാല പിൻവലിക്കണമെന്നും വെടിനിർത്തൽ ആഹ്വാനത്തിനൊപ്പം ചേരണമെന്നും ആവശ്യപ്പെട്ട് യു.എസിലെ ബ്രൗൺ സർവകലാശാലയിലെ ജ്യൂസ് ഫോർ സീസ്ഫയർ നൗ (ജെ.എഫ്.സി.എൻ) സംഘടനയിലെ ജൂത വിദ്യാർത്ഥികൾ.

തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾ സർവകലാശാല പ്രസിഡന്റ്‌ ക്രിസ്റ്റീന പേക്സണിന്റെ ഓഫീസിന് മുമ്പിൽ അഞ്ച് മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരം നടത്തി.

ഓഫീസ് അടക്കുന്ന സമയമായപ്പോൾ അധികൃതർ വിദ്യാർത്ഥികളോട് പിരിഞ്ഞുപോകാൻ പറഞ്ഞുവെങ്കിലും വിദ്യാർത്ഥികൾ തയ്യാറായില്ല. തുടർന്ന്, അധികൃതർ പൊലീസിനെ വിളിച്ചു.

അതിക്രമിച്ചു കയറിയ കുറ്റത്തിന് പൊലീസ് 20 ജൂത വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു.

നവംബർ എട്ടിന് നടന്ന സംഭവത്തിൽ അതിക്രമിച്ചു കയറിയ കുറ്റത്തിന് സർവകലാശാല വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കുമോ ഇല്ലയോ എന്നത് വ്യക്തമല്ല. അതേസമയം തങ്ങളുടെ പ്രവർത്തി തികച്ചും അനിവാര്യമായിരുന്നു എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

ലിബറൽ മൂല്യങ്ങളുടെ കോട്ടയാണ് തങ്ങൾ എന്ന് അവകാശപ്പെടുന്ന സർവകലാശാലയുടെ മുഖംമൂടി അഴിഞ്ഞുവീണുവെന്നും ഫലസ്തീൻ വിരുദ്ധ മനോഭാവം എത്രത്തോളമുണ്ടെന്ന് വ്യക്തമായെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

സർവകലാശാലയിലെ ഫലസ്തീനി വിദ്യാർത്ഥികൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും സർവലാശാല യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

Content Highlight: Jewish students say they won’t be silenced by Brown University

Latest Stories

We use cookies to give you the best possible experience. Learn more