കാലിഫോർണിയ: ഗസയിൽ വെടി നിർത്തൽ നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കാലിഫോർണിയ അസംബ്ലിയിൽ ജൂത സംഘടനകൾ പ്രതിഷേധം നടത്തി. ജ്യൂയിഷ് വോയിസ് ഫോർ പീസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധമാണ് ബുധനാഴ്ച കാലിഫോർണിയ അസംബ്ലി നിർത്തിവയ്ക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചത്.
മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം സഭ വീണ്ടും കൂടിയപ്പോൾ ആയിരുന്നു പ്രതിഷേധം നടന്നത്. കറുപ്പും, ചുവപ്പും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയ പ്രതിഷേധക്കാർ ക്യാപിറ്റോളിനുള്ളിൽ സംഘടിക്കുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.
കൂടാതെ അമേരിക്കയേയും ഇസ്രഈലിനേയും വിമർശിക്കുന്ന പ്രതിഷേധ ബാനറുകൾ ഉയർത്തുകയും ചെയ്തു.
ഞങ്ങളുടെ പേരിൽ യുദ്ധം വേണ്ടെ, ഗസ നിവാസികളെ ജീവിക്കാൻ അനുവദിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തിയത്.
പ്രതിഷേധം ശക്തമായതോടെ സഭ പിരിച്ചുവെട്ടെങ്കിലും പ്രതിഷേധം അവസാനിച്ചില്ല. ക്യാപിറ്റോൾ കെട്ടിടത്തിന് പുറത്തും അവർ പ്രതിഷേധമുയർത്തി.
ജൂതർ എന്ന നിലയിലും യു.എസ് നികുതി ദായകർ എന്ന നിലയിലും ഇത് ശരിയല്ല, യു.എസ് സംഭാവന നൽകിയുള്ള വംശഹത്യയാണ് ഗസയിൽ നടക്കുന്നതെന്ന് പ്രതിഷേധക്കാരിൽ ഒരാളായ പെന്നി റോസൻവാസർ പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ പ്രതിഷേധം വ്യാഴാഴ്ച വരെ നീണ്ടു നിന്നു എന്നാണ് കാലിഫോർണിയ അസംബ്ലി വെബ്സൈറ്റ് പറയുന്നത്.
ഇസ്രഈലി സേന ഗസയിൽ വംശഹത്യ നടത്തുകയാണ്, തങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികൾ ഇസ്രഈൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി ശ്രമിക്കണമെന്നും കൂടാതെ അമേരിക്ക ഇസ്രഈലിന് നൽകുന്ന സാമ്പത്തിക സഹായങ്ങൾ അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു.
പ്രതിഷേധക്കാർ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.
അസംബ്ലിയിലുള്ള റിപ്പബ്ലിക്കൻ പ്രതിനിധികൾ ഹമാസിനെ അപലപിക്കുന്ന പ്രമേയം അവതരിപ്പിച്ചു. കൂടാതെ പാർലമെന്റ് തലവന് കാലിഫോർണിയയിലെ ജൂതർ ഭയത്തിൽ ആണെന്ന് പറഞ്ഞുകൊണ്ടുള്ള കത്ത് സമർപ്പിക്കുകയും ചെയ്തു.
ജൂതർക്കെതിരെ സമൂഹത്തിൽ വെറുപ്പ് ഉയർന്നു വരികയാണെന്നും ഈ യഹൂദ വിരുദ്ധതക്കെതിരെ കമ്മിറ്റി രൂപീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഗസയിൽ നടക്കുന്ന ഇസ്രഈൽ വംശഹത്യയിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് 500ൽ അധികം ആളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത് അതിൽ പകുതിയിൽ കൂടുതലും ജൂതന്മാരെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
ഇസ്രഈലിന് അമേരിക്ക പിന്തുണ നൽകുകയാണെന്ന് ആരോപിച്ച് അമേരിക്കയിൽ ഉടനീളം നിരവധി പ്രതിഷേധങ്ങളാണ് നടക്കുന്നത്.
കഴിഞ്ഞ 86 ദിവസമായി തുടരുന്ന ഇസ്രഈൽ ഹമാസ് യുദ്ധത്തിൽ 1200ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 240 ഓളം ആളുകൾ ബന്ദികൾ ആവുകയും ചെയ്തിട്ടുണ്ട്.
Content Highlights: Jewish protesters calling for Gaza ceasefire shut down California assembly