വംശഹത്യയെ ന്യായീകരിക്കുന്നവന്‍ ജൂതനല്ല നാസിയാണ്; ജൂതര്‍ക്ക് അപകടകരമായ ഇടം ഇസ്രഈലാണെന്ന് ജൂത പുരോഹിതന്‍
World News
വംശഹത്യയെ ന്യായീകരിക്കുന്നവന്‍ ജൂതനല്ല നാസിയാണ്; ജൂതര്‍ക്ക് അപകടകരമായ ഇടം ഇസ്രഈലാണെന്ന് ജൂത പുരോഹിതന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th December 2023, 10:10 pm

ലണ്ടന്‍: ജൂതന്മാര്‍ക്ക് ലോകത്തില്‍ ഏറ്റവും അപകടകരമായ സ്ഥലം ഇസ്രഈലാണെന്ന് ജൂത പുരോഹിതനായ റബ്ബി എല്‍ഹാനന്‍ ബെക്ക്. ലോകമെമ്പാടുമുള്ള ജൂതര്‍ സമാധാനമായി ജീവിക്കുമ്പോഴും ഇസ്രഈലിലുള്ള ജൂതര്‍ ചെറുപ്പം മുതല്‍ വെടിമരുന്നിനെയും യുദ്ധത്തിനെയും അഭിമുഖീകരിക്കുന്നുവെന്നും എല്‍ഹാനന്‍ ബെക്ക് പറഞ്ഞു. ടി.ആര്‍.ടി വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെയും അഭിമുഖത്തില്‍ എല്‍ഹാനന്‍ ബെക്ക് വിമര്‍ശനം ഉയര്‍ത്തി. ഫലസ്തീനില്‍ വംശഹത്യ നടത്തുകയും പിന്നീട് അതിനെ ന്യായീകരിക്കയും ചെയ്യുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും, അത്തരത്തില്‍ വാദിക്കുന്ന ഒരാളെ ജൂതനായി കണക്കാക്കാന്‍ സാധിക്കില്ലെന്നും ബെക്ക് പറഞ്ഞു. വംശഹത്യയെ ന്യായീകരിക്കുന്ന വ്യക്തികള്‍ നാസികള്‍ ആണെന്നും ബെക്ക് വ്യക്തമാക്കി.

യഥാര്‍ത്ഥ ജൂതര്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും എന്നാല്‍ സയണിസ്റ്റ് രാഷ്ട്രമായ ഇസ്രഈല്‍ ദൈവത്തിനെതിരെ പ്രവര്‍ത്തിക്കുകയാണെന്നും എല്‍ഹാനന്‍ ബെക്ക് ചൂണ്ടിക്കാട്ടി. അമേരിക്ക, ബ്രിട്ടനടക്കമുള്ള രാജ്യങ്ങളില്‍ ജൂതര്‍ സുരക്ഷയോടെയും സമാധാനത്തോടെയാണ് ജീവിക്കുന്നതെന്ന് ബെക്ക് ഊന്നിപ്പറഞ്ഞു.

വര്‍ഷങ്ങളായി ഇംഗ്ലണ്ടില്‍ ജീവിക്കുന്ന താന്‍ ഇതുവരെ ഇംഗ്ലീഷ് സൈനികര്‍ എങ്ങനെയിരിക്കുമെന്നും അവരുടെ യൂണിഫോം എങ്ങനെയാണെന്നും അറിയില്ലെന്ന് ബെക്ക് അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ഇസ്രഈലിലെ കുഞ്ഞുങ്ങക്ക് ആയുധം, സൈനികര്‍, ടാങ്കുകള്‍, യുദ്ധവാഹനങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം അറിയാമെന്നും ഇതിനെ സുരക്ഷയായി പരിഗണിക്കാന്‍ കഴിയുമോയെന്നും ബെക്ക് ചോദ്യമുയര്‍ത്തി.

സയണിസം എപ്പോഴും വാദിക്കുന്നത് മുസ്‌ലിങ്ങൾ ജൂതന്മാരെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണെന്ന് ബെക്ക് വ്യക്തമാക്കി. എന്നാല്‍ പലയിടങ്ങളിലും ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കിലും മുസ്‌ലിങ്ങൾ ജൂതന്മാരുടെ രക്ഷകരായിരുന്നുവെന്നും മുസ്‌ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ ജൂതന്മാര്‍ സുരക്ഷിതരായാണ് മുന്നോട്ട് പോവുന്നതെന്നും എല്‍ഹാനന്‍ ബെക്ക് പറഞ്ഞു.

ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷങ്ങള്‍ തുടങ്ങിയത് 2023 ഒക്ടോബര്‍ ഒമ്പത് മുതലല്ലെന്നും 1948ലെ നക്ബയിലൂടെയാണ് ഫലസ്തീനികളെ ഇസ്രഈല്‍ ഭരണകൂടം ചൂഷണം ചെയ്യാന്‍ തുടങ്ങിയതെന്നും ബെക്ക് പറഞ്ഞു. വെള്ളവും ഭക്ഷണവും ഇലക്ട്രിസിറ്റിയും നിഷേധിച്ച് 20 ലക്ഷത്തിലധികം ഫലസ്തീനികളെ ഇസ്രഈല്‍ അടക്കിഭരിക്കുകയാന്നെയും എല്‍ഹാനന്‍ ബെക്ക് ചൂണ്ടിക്കാട്ടി.

സയണിസ്റ്റ് വിരുദ്ധ പ്രസ്ഥാനമായ നെറ്റൂറി കര്‍ത്താ എന്ന സംഘടനയുടെ തലവനാണ് റബ്ബി എല്‍ഹാനന്‍ ബെക്ക്. ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് നിരവധി ഫലസ്തീന്‍ അനുകൂല റാലികള്‍ ബെക്ക് സംഘടിപ്പിച്ചിട്ടുണ്ട്.

Content Highlight: Jewish priest says Israel is a dangerous place for Jews