| Tuesday, 5th March 2024, 9:10 pm

ഫലസ്തികളുടെ വിശപ്പടക്കാന്‍ ഗസാ അതിര്‍ത്തി കടക്കാന്‍ തീരുമാനിച്ച് ജൂത-ഫലസ്തീന്‍ സാമൂഹ്യനീതി സംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഗസയിലേക്ക് മാനുഷിക സഹായമെത്തിക്കാന്‍ തയ്യാറെടുത്ത് ജൂത-ഫലസ്തീന്‍ സാമൂഹ്യനീതി സംഘം. ഇസ്രഈല്‍ ആക്രമണങ്ങളെ തുടര്‍ന്ന് പട്ടിണിയിലായ ഫലസ്തീനികളുടെ വിശപ്പടക്കുന്നതിനായി ഭക്ഷ്യമെത്തിക്കാനാണ് സംഘം തീരുമാനിച്ചിരിക്കുന്നത്. ‘സ്റ്റാന്‍ഡിങ് ടുഗെതര്‍’ എന്ന പേരിലാണ് ജൂത-ഫലസ്തീന്‍ സാമൂഹ്യനീതി സംഘം ഫലസ്തീനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്.

ഗസയില്‍ പട്ടിണി കിടക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആവശ്യമായ അടിസ്ഥാന മാനുഷിക സഹായം എത്തിക്കാന്‍ ഇസ്രഈലി സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് ജൂത-ഫലസ്തീന്‍ സംഘം പറഞ്ഞു.

ഫലസ്തീന്‍ അതിര്‍ത്തികളിലേക്ക് ചെറിയ രീതിയില്‍ പോലും സഹായമെത്തിക്കാന്‍ ഇസ്രഈലി പൊലീസ് അനുവദിക്കുന്നില്ലെന്നും സംഘടന എക്‌സില്‍ കുറിച്ചു.

ഇസ്രഈലിന്റെ തലസ്ഥാനമായ ടെല്‍ അവീവ്, യാഫ, ഹൈഫ എന്നിവിടങ്ങളില്‍ നിന്ന് വാഹന വ്യൂഹവുമായി കരേം അബു സലേം അതിര്‍ത്തി വഴി ഗസയിലേക്ക് കടക്കാനാണ് സംഘം ശ്രമിക്കുന്നതെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഇസ്രഈല്‍ ഉപരോധത്തിന് ശേഷം ഗസയിലെ സിവിലിയന്മാര്‍ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും വിനാശകരമായ തലങ്ങള്‍ അഭിമുഖീകരിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി.

നിലവിലെ കണക്കുകള്‍ പ്രകാരം ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 30,631 പേര്‍ കൊല്ലപ്പെടുകയും 72,043 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 10 ആക്രമണങ്ങളില്‍ 97 ഫലസ്തീനികള്‍ കൊലപ്പെട്ടുവെന്നും 123 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Content Highlight: Jewish-Palestinian social justice group prepares to bring humanitarian aid to Gaza

We use cookies to give you the best possible experience. Learn more