| Monday, 5th August 2024, 8:42 pm

ഹനിയയുടെ മരണം; തിരിച്ചടിക്കാന്‍ ധൈര്യപ്പെടാത്ത തരത്തില്‍ ഇസ്രഈലിനെ ആക്രമിക്കും; ഇറാനിലെ ജൂത എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാന്‍: ഇറാനെതിരായ ഇസ്രഈല്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് ഇറാന്‍ പാര്‍ലമെന്റിലെ ജൂത എം.പി ഹോമയൂണ്‍ സമേ യാഹ് നജഫബാദി. ഹമാസ് തലവനായ ഇസ്മായില്‍ ഹനിയയുടെ മരണത്തില്‍ ഇറാന്‍ ശക്തമായി തിരിച്ചടിക്കണമെന്നും ഹോമയൂണ്‍ പറഞ്ഞു. ടെഹ്‌റാനില്‍ നടന്ന മിസൈലാക്രമണത്തില്‍ ഹനിയ കൊല്ലപ്പെട്ട സംഭവം ഉദ്ധരിച്ചായിരുന്നു എം.പിയുടെ പരാമര്‍ശം.

ഇറാനിലെ ജൂത സമൂഹം ഹനിയയുടെ മരണത്തില്‍ അപലപിക്കുന്നുവെന്നും ഹോമയൂണ്‍ പ്രസ് ടി.വിയോട് പറഞ്ഞു. സയണിസ്റ്റ് ഭരണകൂടത്തിനെതിരെ ശക്തമായി ആഞ്ഞടിക്കുമെന്ന് ആഹ്വാനം ചെയ്യുകയാണെന്നും ഹോമയൂണ്‍ പറയുകയുണ്ടായി.

ഹമാസ് തലവനെ വധിച്ചതിലൂടെ പശ്ചിമേഷ്യയിലെ സംഘര്‍ഷം വര്‍ധിപ്പിക്കാനാണ് ഇസ്രഈല്‍ ശ്രമിക്കുന്നതെന്നും ഹോമയൂണ്‍ പറഞ്ഞു. ഇറാന്റെ പ്രാദേശിക അഖണ്ഡതയ്ക്കെതിരെ വീണ്ടും ആക്രമണം നടത്താന്‍ സയണിസ്റ്റ് ഭരണകൂടം ധൈര്യപ്പെടാത്ത തരത്തിലായിരിക്കണം തങ്ങള്‍ പ്രതികരിക്കുകയെന്നും എം.പി വ്യക്തമാക്കി.

നെതന്യാഹു സര്‍ക്കാരിന്റെ നടപടികളും ഗസക്കെതിരായ പ്രവൃത്തികളും യഹൂദമതത്തിന് വിരുദ്ധമാണെന്നും ഹോമയൂണ്‍ പറഞ്ഞു. ഗസയിലെ ഫലസ്തീനികള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ഹനിയയുടെ കൊലപാതകത്തില്‍ ഇസ്രഈല്‍ ഇതുവരെ തങ്ങളുടെ പങ്ക് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. അതേസമയം ഹനിയ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ആക്രമണഭീഷണി മുഴക്കിയ ഇറാനെ പ്രതിരോധിക്കാന്‍ ഇസ്രഈല്‍ ഭൂഗര്‍ഭ ബങ്കറുകള്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാന്‍ ഏത് തരം ആക്രമണമാണ് ഇസ്രഈലിനെതിരെ പ്രയോഗിക്കുക എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

ഇറാന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ മസൂദ് പെസസ്‌കിയാന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ ടെഹ്‌റാനിലെ ഗസ്റ്റ് ഹൗസില്‍ എത്തിയ ഹനിയ, മിസൈലാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

തുടര്‍ന്ന് ഇറാന്‍, പ്രത്യാക്രമണം നടത്തുമെന്ന് യു.എസ് ഇസ്രഈലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ ചൊവ്വാഴ്ച്ച ഹിസ്ബുള്ള കമാന്‍ഡറായ ഫുവാദ് ഷുക്കറിനെ ഇസ്രഈല്‍ കൊലപ്പെടുത്തിയതിന്റെ ഭാഗമായി ഹിസ്ബുള്ളയും ഇറാനൊപ്പം പങ്ക് ചേരാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Content Highlight: Jewish MP condemns Israel’s aggression against Iranian soil

Latest Stories

We use cookies to give you the best possible experience. Learn more