| Wednesday, 19th May 2021, 6:52 pm

ഫലസ്തീനെതിരെ ഇസ്രാഈല്‍ നടത്തുന്ന ആക്രമണങ്ങളെ ഗൂഗിള്‍ അപലപിക്കണം; സുന്ദര്‍ പിച്ചൈക്ക് കത്തയച്ച് ഗൂഗിളിലെ ജൂത ജീവനക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഗൂഗിളിനോട് ഫലസ്തീനെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് ജൂത ജീവനക്കാര്‍. ഗൂഗിളിലെ ഇരുന്നൂറിലേറെ ജൂത ജീവനക്കാരാണ് ഗാസയില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമങ്ങളില്‍ ഗൂഗിള്‍ പ്രതിഷേധം രേഖപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

Jewish Diaspora in Tech എന്നറിയപ്പെടുന്ന സംഘടനയിലെ അംഗങ്ങളാണ് ഫലസ്തീനെ സഹായിക്കണമെന്ന് ഗൂഗിളിനോട് ആവശ്യപ്പെട്ടത്. പട്ടാളത്തിന്റെ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീനില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഗിള്‍ ആവശ്യമായ സഹായം നല്‍കാന്‍ തയ്യാറാകണമെന്ന് ജൂത ഗ്രൂപ്പ് ആവശ്യപ്പെട്ടു.

ഇസ്രാഈലില്‍ ഗൂഗിള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുല്യമായ സഹായ പ്രവര്‍ത്തനങ്ങള്‍ ഫലസ്തീനില്‍ നടത്തണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടീവ് സുന്ദര്‍ പിച്ചൈക്കും കമ്പനിയിലെ എക്‌സിക്യൂട്ടീവ് ബോര്‍ഡിനും അയച്ച കത്തിലൂടെയാണ് ഇവര്‍ ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.

‘ഫലസ്തീനിലും ഇസ്രാഈലിലും നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് ഗൂഗിള്‍ പ്രസ്താവനയിറക്കണം. ഇസ്രഈലി പട്ടാളവും മറ്റു അക്രമി സംഘങ്ങളും ഫലസ്തീനികള്‍ക്ക് നേരെ നടത്തുന്ന ആക്രമങ്ങളെ കുറിച്ച് ആ പ്രസ്താവനയില്‍ വ്യക്തമായി പ്രതിപാദിച്ചരിക്കണം,’ സംഘടന അയച്ച കത്തില്‍ പറയുന്നു.

ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങളില്‍ ഇസ്രാഈലിലെയും ഫലസ്തീനിലെയും പൗരന്മാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, അതുകൊണ്ട് ഫലസ്തീനികള്‍ക്ക് നേരിടേണ്ടി വരുന്ന അതിഭീകരമായ ആക്രമണങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രാഈലിനെയും ജൂതരെയും ഒന്നായി കാണരുതെന്നും സയണിസ്റ്റ് വിരുദ്ധമെന്നാല്‍ സെമിറ്റിക് വിരുദ്ധം എന്നല്ല അര്‍ത്ഥമെന്നും ഇവര്‍ കത്തില്‍ പറഞ്ഞു.

അതേസമയം ഗാസയില്‍ ഇസ്രാഈല്‍ ആക്രമണം തുടരുകയാണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം, മെയ് 10 മുതല്‍ 219 ഫലസ്തീനികളാണ് ഇസ്രാഈലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 63 പേര്‍ കുട്ടികളാണ്. 1500ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഹമാസ് നടത്തിയ ആക്രമണത്തില്‍ 12 ഇസ്രാഈലികള്‍ കൊല്ലപ്പെട്ടു. 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കിഴക്കന്‍ ജറുസലേമിലെ ഷെയ്ഖ് ജറായില്‍ നിന്നും അറബ് വംശജരെയും മുസ്ലിങ്ങളെയും കുടിയൊഴിപ്പിക്കാനായി ഇസ്രാഈല്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പ്രദേശത്ത് ഒരു മാസത്തിലേറെയായി ഫലസ്തീനികള്‍ പ്രതിഷേധം നടത്തുന്നുണ്ടായിരുന്നു.

പിന്നീട് മെയ് ഏഴിന് മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രാഈല്‍ സേന ആക്രമണങ്ങള്‍ നടത്തുകയും ഹമാസ് ഇതിനെതിരെ രംഗത്തുവന്നതിനും പിന്നാലെയാണ് ഗാസയില്‍ ഇസ്രാഈല്‍ വലിയ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Jewish Google Employees for Company to support Palestinian amid Israel bombing of Gaza

We use cookies to give you the best possible experience. Learn more