| Thursday, 7th December 2023, 10:41 pm

സയണിസ്റ്റ് വിരുദ്ധതയെ ആന്റി സെമിറ്റിക് എന്ന് തെറ്റായി പ്രസ്താവിക്കുന്നത് ജൂതർക്കും ഫലസ്തീനികൾക്കും അപകടം: ജൂയിഷ് വോയിസ്‌ ഫോർ പീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: സയണിസ്റ്റ് വിരുദ്ധതയെ യഹൂദ വിരുദ്ധതയായി ചിത്രീകരിക്കുന്നതിനെതിരെ ജൂയിഷ് വോയിസ്‌ ഫോർ പീസ് സംഘടന. ഇത് എല്ലാ ജൂതന്മാരെയും ഇസ്രഈലുമായി കൂട്ടിയിണക്കുമെന്നും അത് ജൂത സമൂഹത്തിന് അപകടകരമാണെന്നും എക്‌സിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിൽ സംഘടന പറഞ്ഞു.

‘സയണിസ്റ്റ് വിരുദ്ധതയെ യഹൂദ വിരുദ്ധത (ആന്റി സെമിറ്റിസം) എന്ന് തെറ്റായി പ്രസ്താവിക്കുന്നത് മുഴുവൻ ജൂതന്മാരെയും ഇസ്രഈലുമായി കൂട്ടിയിണക്കുന്നതാണ്. ഇത് നമ്മുടെ ജൂത സമൂഹത്തിനെ അപകടത്തിലാക്കും.

മാത്രമല്ല, ഇത് ഫലസ്തീനികൾക്കെതിരായ മാരക ആക്രമണങ്ങൾക്കും സെൻസർഷിപ്പ് കാമ്പയിനുകൾക്കും ആക്കം കൂട്ടുന്നതാണ്.

ഞങ്ങൾ സയണിസ്റ്റ് വിരുദ്ധ ജൂതന്മാരാണ് എന്നതിൽ അഭിമാനിക്കുന്നു. സമുദായങ്ങളെ തമ്മിലടിപ്പിക്കുന്നതിനോട്‌ ഞങ്ങൾ വിയോജിപ്പ് അറിയിക്കുന്നു,’ ജൂയിഷ് ഫോർ പീസ് എക്‌സിൽ പോസ്റ്റ്‌ ചെയ്തു.

ഫലസ്തീൻ അനുകൂല നിലപാടിലൂടെ ശ്രദ്ധേയമായ സംഘടനയാണ് ജൂയിഷ് ഫോർ പീസ്. ഇസ്രഈൽ ഗസയിൽ നടത്തുന്ന ആക്രമണങ്ങളെ അവർ അപലപിക്കുകയും ഫലസ്തീൻ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അതേസമയം പാശ്ചാത്യ രാജ്യങ്ങളിൽ നടക്കുന്ന ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളെ ആന്റി സെമിറ്റിക് എന്ന് മുദ്രകുത്തി അടിച്ചമർത്തുകയാണ് ഭരണകൂടം.

ഹോളിവുഡ് അഭിനേതാക്കളെ ഉൾപ്പെടെ ഫലസ്തീൻ അനുകൂല പ്രസ്താവനകളുടെ പേരിൽ വിലക്ക് ഏർപ്പെടുത്തുകയും ടാലെന്റ ഏജൻസികളിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

Content Highlight: Jewish for Peace against Falsely stating anti-Zionism as antisemitism

We use cookies to give you the best possible experience. Learn more