കൊച്ചി: വിവാഹ സമയത്ത് യുവതികള്‍ക്ക് നല്‍കുന്ന ആഭരണവും പണവും നിയമപരമായി രേഖപ്പെടുത്തണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. സ്ത്രീധനത്തിന്റെ പേരിൽ യുവതികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം.
എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വനിതാ കമ്മിഷന്‍ അദാലത്തിന്റെ രണ്ടാം ദിവസം പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു സതീദേവി. വിവാഹ ബന്ധങ്ങള്‍ തകരുന്നതോടെ ഈ പണവും ആഭരണങ്ങളും ലഭിക്കണമെന്ന പരാതിയുമായാണ് ഭൂരിപക്ഷം യുവതികളും കമ്മീഷന് മുന്നിലെത്തുന്നെതെന്ന് അവർ പറഞ്ഞു. വിവാഹ സമയത്ത് യുവതികള്‍ക്ക് നല്‍കുന്ന ആഭരണത്തിനും പണത്തിനും തെളിവ് സൂക്ഷിക്കില്ല. അത് കൊണ്ട് തന്നെ വിവാഹ ബന്ധം വേർപെടുമ്പോൾ ഇവ തിരികെ ലഭിക്കാൻ പ്രയാസമാണെന്നും അവർ ചൂണ്ടിക്കാട്ടി.
വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് ആഭരണങ്ങളും പണവും നല്‍കുകയാണെങ്കില്‍ അത് നിയമപരമായ രീതിയില്‍ കൃത്യമായി രേഖപ്പെടുത്തി വെക്കണമെന്നും അധ്യക്ഷ നിര്‍ദേശിച്ചു. സ്ത്രീകള്‍ക്ക് നേരെ തൊഴിലിടങ്ങളിലും വ്യാപകമായ ചൂഷണം നടക്കുന്നുണ്ടെന്നും പലരെയും കാരണം കാണിക്കാതെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നുണ്ടെന്ന റിപ്പോർട്ടുകളുണ്ടെന്നും അവർ പറഞ്ഞു.
പ്രാദേശിക മേഖലയിൽ സ്ത്രീകളെ ആക്രമിക്കുന്നതും അധിക്ഷേപിക്കുന്നതുമായ പരാതികളും വര്‍ധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ കാര്യക്ഷമമായി ഇടപെടണമെന്നാണ് വനിതാ കമ്മിഷന്‍ നിലപാടെന്നും സതീദേവി വ്യക്തമാക്കി.
ഓഗസ്റ്റ് മാസം മുതല്‍ വനിതാ കമ്മീഷന്‍ വിവിധ കാമ്പയിനുകള്‍ ആരംഭിക്കും. കോളേജുകളില്‍ കലാലയ ജ്യോതി സംഘടിപ്പിക്കും. വിദ്യാർത്ഥിനി കളുമായി മുഖാമുഖം പരിപാടി സംഘടിപ്പിക്കുമെന്നും വിവാഹപൂര്‍വ കൗണ്‍സിലിംഗ് നല്‍കുമെന്നും അധ്യക്ഷ അറിയിച്ചു.
Content Highlight: Jewellery and money during marriage must be legally recorded