മുംബൈ: മുംബൈ-ഡല്‍ഹി ജെറ്റ് എയര്‍വെയ്സ് വിമാനത്തിന് ഭീഷണിക്കത്ത് ഉറുദുവില്‍ എഴുതിയത് വിമാന റാഞ്ചലിനു പിന്നില്‍ മുസ്‌ലിമെന്ന് തെറ്റിദ്ധരിപ്പിക്കാനെന്ന് പിടിയിലായയാള്‍. ഇസ്‌ലാം മതവിശ്വാസിയാണ് സംഭവത്തിനു പിന്നിലെന്ന് തോന്നിപ്പിക്കാന്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ ഉപയോഗിച്ചാണ് താന്‍ കത്തെഴുതിയതും പ്രതി ബിര്‍ജു കിഷോര്‍ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞദിവസമായിരുന്നു തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണിമൂലം ജെറ്റ് ഏയര്‍വേസ് തിരിച്ചിറക്കിയത്. വിമാനത്തിന്റെ വാഷ് റുമില്‍നിന്ന് ഭീഷണി കത്ത് ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ 2.55 നായിരുന്നു വിമാനം തിരിച്ചിറക്കുന്നത്. വിമാനം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും ലഗേജ് അറയില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്നുമായിരുന്നു കത്ത്.
“അള്ളാഹു മഹാന്‍” എന്നു പറഞ്ഞായിരുന്ന കത്ത് അവസാനിച്ചിരുന്നത്. ജെറ്റ് എയര്‍വേയ്സിലെ ജീവനക്കാരിയുമായി പ്രണയത്തിലായിരുന്ന കിഷോര്‍ കാമുകിയുടെ ജോലി പോകാനാണ് റാഞ്ചല്‍ ഭീഷണി ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 37 കാരനായ ബിര്‍ജു കിഷോര്‍ മുംബൈ സ്വദേശിയാണ്.
“വിമാനം നേരെ പാക്ക് അധിനിവേശ കശ്മീരിലേക്കു അയയ്ക്കണം. 12 ഹൈജാക്കര്‍മാരാണ് വിമാനത്തിലുള്ളത്. ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ യാത്രക്കാര്‍ കൊല്ലപ്പെടുന്നതിന്റെ ശബ്ദം നിങ്ങള്‍ക്കു കേള്‍ക്കാം. ഇതൊരു തമാശയായി എടുക്കരുത്. കാര്‍ഗോ ഏരിയയില്‍ സ്ഫോടക വസ്തുക്കളുണ്ട്. നിങ്ങള്‍ ദല്‍ഹിയില്‍ ഇറങ്ങിയാല്‍ വിമാനം പൊട്ടിത്തെറിക്കു”മെന്നും കത്തില്‍ പറഞ്ഞിരുന്നു.
15 യാത്രക്കാരും ഏഴ് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. കേസന്വേഷണം ഏറ്റെടുക്കണമോ എന്ന കാര്യം അഹമ്മദാബാദ് പൊലീസുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്ന് എന്‍.ഐ.എ തലവന്‍ വൈസി മോദി പറഞ്ഞു.