| Sunday, 8th November 2020, 8:11 am

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; തങ്ങളെ പഴിചാരി എം.സി കമറുദ്ദീന്‍, ലീഗ് ഉന്നതാധികാര സമിതി യോഗം ചേരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഞ്ചേശ്വരം: ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസില്‍ ഫാഷന്‍ ഗോള്‍ഡ് മാനേജിംഗ് ഡയരക്ടറും ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായ ടി.കെ പൂക്കോയ തങ്ങളെ പഴിചാരി അറസ്റ്റിലായ മുസ്‌ലിം ലീഗ് എം.എല്‍.എ എം.സി കമറുദ്ദീന്‍.

ജ്വല്ലറി ചെയര്‍മാന്‍ എന്നത് രേഖകളില്‍ മാത്രമാണെന്നും എല്ലാ ഇടപാടുകള്‍ക്കും ഉത്തരവാദി പൂക്കോയ തങ്ങളാണെന്നുമാണ് എം.സി കമറുദ്ദീന്റെ മൊഴിയില്‍ പറയുന്നത്.

തന്നെ തെറ്റിധരിപ്പിച്ചെന്നും ജനപ്രതിനിധി എന്ന നിലയില്‍ തിരക്കിലായതിനാല്‍ ജ്വല്ലറി കാര്യങ്ങള്‍ കൃത്യമായി അറിഞ്ഞിരുന്നില്ലെന്നും കമറുദ്ദീന്റെ മൊഴിയില്‍ പറയുന്നുണ്ട്.

അതേസമയം എം.സി കമറുദ്ദീന്റെ അറസ്റ്റിന് പിന്നാലെ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് കോഴിക്കോട് നടക്കും. കമറുദ്ദീന്‍റെ അറസ്റ്റ് പാര്‍ട്ടിക്കും യു.ഡി.എഫിനും കനത്ത തിരച്ചടിയുണ്ടാക്കുമെന്നും എം.എല്‍.എ സ്ഥാനം കമറുദ്ദീന്‍ രാജി വെയ്ക്കണമെന്നും പാര്‍ട്ടിയില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്.

ശനിയാഴ്ചയാണ് എം.സി കമറുദ്ദീന്‍ അറസ്റ്റിലായത്. ചന്തേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളിലാണ് അറസ്റ്റ്. 420, 43 വകുപ്പുകള്‍ പ്രകാരമാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്.

നിക്ഷേപ തട്ടിപ്പില്‍ കൂടുതല്‍ തെളിവുകള്‍ കമറുദ്ദീനെതിരെ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റെന്നും ചെയര്‍മാന്‍ എന്ന നിലയില്‍ തട്ടിപ്പില്‍ എം.സി കമറുദ്ദീന് ഉത്തരവാദിത്തം ഉണ്ടെന്നും എസ്.പി പി. വിവേക് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

‘കമറുദ്ദീനാണ് കമ്പനി ചെയര്‍മാന്‍. കമ്പനി തട്ടിപ്പ്കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ചെയര്‍മാന്‍ എന്ന നിലയില്‍ കമറുദ്ദീന് കൂടുതല്‍ ഉത്തരവാദിത്തം ഉണ്ട്. കമറുദ്ദീനെതിരെ 77 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. അത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങുന്നത്,’ എ.എസ്.പി പറഞ്ഞു.

കേസില്‍ അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതല്‍ കമറുദ്ദീനെ കാസര്‍ഗോഡ് എസ്. പി ഓഫീസില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയായിരുന്നു. ഇതുവരെ നൂറിലേറെ പരാതികളാണ് കമറുദ്ദീനെതിരെ ലഭിച്ചിട്ടുള്ളത്.

കേസില്‍ എം.സി കമറുദ്ദീനെ സംരക്ഷിക്കില്ലെന്ന് ലീഗ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. നിക്ഷേപകരുടെ ബാധ്യത തീര്‍ക്കുന്ന കാര്യം പാര്‍ട്ടി ഏറ്റെടുത്തിട്ടില്ലെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. എ മജീദ് പറഞ്ഞത്.

പണം തിരികെ നല്‍കുമെന്നാണ് കമറുദ്ദീന്‍ പറഞ്ഞിരിക്കുന്നത്. മറ്റ് കാര്യങ്ങള്‍ പാര്‍ട്ടി ആലോചിച്ച് തീരുമാനമെടുക്കും. ധാര്‍മികതയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും യു.ഡി.എഫ് ജില്ലാ നേതൃയോഗത്തിനെത്തിയ കെ. പി. എ മജീദ് കാസര്‍ഗോഡ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കമറുദ്ദീനെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ജാഗ്രത കാണിക്കേണ്ടിയിരുന്നെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

ഓഗസ്റ്റ് 27നാണ് എം.സി കമറുദ്ദീനെതിരായ ആദ്യത്തെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കേസുകള്‍ വര്‍ധിച്ചിട്ടും കമറുദ്ദീനെതിരെ നടപടിയുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് വിമര്‍ശനങ്ങളുയര്‍ന്നത്.

അതേസമയം കേസില്‍ മാനേജിംഗ് ഡയരക്ടറും ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായ ടി.കെ പൂക്കോയ തങ്ങളെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Jewelery investment fraud;MC Kamaruddin blames Pookoya Thangal and joins the League High Authority Committee meeting

We use cookies to give you the best possible experience. Learn more