അവതാരകയായും നടിയായും പ്രേക്ഷക മനസുകളില്‍ ഇടംനേടിയ താരമാണ് ജുവല്‍ മേരി. നിരവധി അവാര്‍ഡ് ഷോകളില്‍ ജുവല്‍ അവതാരകയായിട്ടുണ്ട്. ഒരു അവാര്‍ഡ് ഫംങ്ക്ഷനിടയില്‍ തനിക്ക് പറ്റി അബദ്ധത്തെ പറ്റി സംസാരിക്കുകയാണ് ജുവല്‍. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജുവല്‍ അവാര്‍ഡ് ഫംങ്ക്ഷനിലെ അനുഭവങ്ങള്‍ പങ്കുവെച്ചത്.
‘സ്റ്റേഡ് ഷോയ്ക്കിടെ കരഞ്ഞ അനുഭവങ്ങളുണ്ടായിട്ടുണ്ട്. വ്യക്തിപരമായി ഒരുപാട് വിഷമുണ്ടാക്കിയ സംഭവമുണ്ടായിട്ടുണ്ട്. എനിക്ക് അങ്ങനെ പറ്റി പോയല്ലോ എന്നോര്‍ത്തായിരുന്നു സങ്കടം. യു.കെയില്‍ വെച്ചായിരുന്നു പരിപാടി. ബെസ്റ്റ് ആക്ടറിനെ അനൗണ്‍സ് ചെയ്യേണ്ടത് അനില്‍ കപൂറാണ്. ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് അങ്ങേയറ്റം ഹൈപ്പിലാണ് പറയുന്നത്.
മൂന്നാല് മണിക്കൂര്‍ ഷോ പറഞ്ഞ് എന്റെ കിളി എവിടെയോ പോയിട്ടുണ്ടായിരുന്നു. ബെസ്റ്റ് ആക്ടറിന്റെ പേര് എഴുതിയ കാര്‍ഡ് എനിക്ക് തന്നു. ഞാനത് അനില്‍ കപൂറിന് കൊടുത്തിട്ട് അദ്ദേഹമാണ് വായിക്കേണ്ടത്. പക്ഷേ പറഞ്ഞ് പിടിച്ച് വന്നപ്പോള്‍ ഞാന്‍ അത് അനൗണ്‍സ് ചെയ്തുപോയി. അതാണെങ്കില്‍ അനില്‍ കപൂറിന് മനസിലായതുമില്ല. അദ്ദേഹം വാട്ട് ഡിഡ് യു സേ എന്ന് ചോദിച്ചു. ആള്‍ക്കാര് കൂവാന്‍ തുടങ്ങി. അപ്പോള്‍ ഒരു സംയമനം തിരിച്ചുപിടിക്കലുണ്ട്. ഇതൊരു ഷൂട്ടാണെന്നും കട്ട് ചെയ്‌തെടുക്കാന്‍ പറ്റുമെന്നും എനിക്ക് അറിയാം. ഞാന്‍ അനില്‍ കപൂറിന് കാര്‍ഡ് കൊടുത്ത് റീഡ് ഔട്ട് ദി നെയിം എന്ന് പറഞ്ഞു. പുള്ളി വായിച്ചു. പിന്നെ ആളുകള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല,’ ജുവല്‍ പറഞ്ഞു.
ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് മമ്മൂക്കയും ഫാമിലിയുമൊത്ത് തനിക്കുണ്ടായ അനുഭവത്തെ കുറിച്ചും ജുവല്‍ സംസാരിച്ചു. ‘അവാര്‍ഡ് ഫംങ്ക്ഷന് നടന്നപ്പോള്‍ ചാനലിന്റെ ഭാഗത്ത് നിന്നും റിക്വസ്റ്റ് ഉണ്ടായിരുന്നു, ദുല്‍ഖറിന് സുല്‍ഫത്ത് മാം അവാര്‍ഡ് കൊടുക്കണമെന്ന്. അത് പക്ഷെ അവരോട് പറഞ്ഞിട്ടില്ല. മാം സ്റ്റേജില്‍ വരുന്നത് വളരെ റെയര്‍ ആയിട്ടാണ്.
ഞാന്‍ ഒന്ന് ശ്രമിച്ച് നോക്കാമെന്ന് പറഞ്ഞാണ് സ്റ്റേജില്‍ കയറിയത്. അങ്ങനെ ഞാന്‍ അനൗണ്‍സ് ചെയ്തു, ഈ അവാര്‍ഡ് കൊടുക്കാന്‍ വേണ്ടി സുല്‍ഫത്ത് മാം വരണമെന്ന്. മമ്മൂക്ക അപ്പോള്‍ തന്നെ ഓണ്‍ ക്യാമറയില്‍ പറഞ്ഞു, പറ്റില്ലെന്ന്. ഞാന്‍ ആകെ തകര്‍ന്നു.
ഞാന്‍ തിരിച്ച് എക്സ്പ്രഷനൊന്നും ഇടാതെ വെയിറ്റ് ചെയ്തു. പിന്നെ ഇതൊരു ഷോ ആണെന്നും ലൈവ് ഓഡിയന്‍സ് കുറച്ചേ ഉള്ളൂവെന്നും ഇത് എഡിറ്റ് ചെയ്യാന്‍ പറ്റുമെന്നുള്ള ഒരു ധൈര്യത്തില്‍ ആണ് വെയിറ്റ് ചെയ്ത് നിന്നത്.
ദുല്‍ഖര്‍ അമ്മയുടെ കയ്യിലൊക്കെ കയറിപ്പിടിച്ചു, പോവണ്ടായെന്നുള്ള രീതിയില്‍ തടസപ്പെടുത്തി. ഞാന്‍ പറഞ്ഞത് അവര്‍ക്കാര്‍ക്കും ഇഷ്ടപ്പെട്ടില്ല. അപ്പോഴും അവര്‍ക്ക് അറിയില്ല അവാര്‍ഡ് കൊടുക്കേണ്ടത് ദുല്‍ഖറിനാണെന്നത്. അത് ഞാന്‍ പറഞ്ഞിരുന്നില്ല. അങ്ങനെ ഞാന്‍ മൂന്നാമതും സുല്‍ഫത് മാമിനെ സ്റ്റേജിലേക്ക് വിളിച്ചു.
അന്നേരം മമ്മൂക്കയുടെ മുഖമൊക്കെ ആകെ മാറി. ഒരു കയ്യടിയൊക്കെ കൊടുത്താല്‍ മാം വരുമെന്നൊക്കെ ഞാന്‍ പറഞ്ഞു, ആളുകള്‍ കയ്യടിച്ചു. അവസാനം ഒരുതരത്തില്‍ വിളിച്ച് സ്റ്റേജില്‍ കൊണ്ടുവന്നു. അവരുടെ എല്ലാവരുടെയും മുഖം അപ്സറ്റായിരുന്നു.
എന്നിട്ട് ഞാന്‍ അവാര്‍ഡ് അനൗണ്‍സ് ചെയ്തു, ദുല്‍ഖറിനാണെന്ന്. അപ്പോള്‍ എല്ലാവരുടെയും ഭാവം മാറി, മുഖത്ത് ഭയങ്കര സന്തോഷം വന്നു. അമ്മയുടെ കയ്യില്‍ നിന്ന് അങ്ങനെ ഒരവാര്‍ഡ് വാങ്ങാന്‍ പറ്റിയപ്പോള്‍ ദുല്‍ഖറിനും ഭയങ്കര സന്തോഷമായി. കാരണം അതുപോലുള്ള നല്ലൊരു മൊമന്റ്റ് അല്ലേ അത് ?
പിന്നെ ഞാന്‍ നോക്കുമ്പോള്‍ മമ്മൂക്ക അത് വീഡിയോ എടുക്കുന്നുണ്ട്. മമ്മൂക്ക അത്രേയുള്ളു. ആ സ്പോട്ടില്‍ തന്നെ അത് തീര്‍ന്നു. അതുകഴിഞ്ഞ് ഡിന്നറിന്റെ സമയത്ത് ഞാന്‍ മാമിന്റെ അടുത്ത് സംസാരിച്ചു. ഞാന്‍ സോറി പറയാന്‍ ചെന്നപ്പോള്‍ മാം പറഞ്ഞു, മോളേ, എനിക്ക് ഇത്തിരി ടെന്‍ഷനൊക്കെ വരും അതുകൊണ്ടാണ് എന്ന്. പക്ഷെ അത് നല്ലതായിരുന്നു കേട്ടോ എന്നും പറഞ്ഞു. അപ്പൊ എനിക്ക് സന്തോഷമായി,” ജുവല്‍ പറഞ്ഞു.
Content Highlight: Jewel mary talks about her mistake during an award function