| Saturday, 31st August 2024, 12:25 pm

വിൻഡീസുകാരൻ കൊടുങ്കാറ്റായി; അടിച്ചുകയറിയത് സഞ്ജുവിന്റെ വിശ്വസ്തൻ ഒന്നാമനായ ലിസ്റ്റിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ എസ്.കെ.എന്‍ പേട്രിയൻസിന് ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ ഫാല്‍ക്കണ്‍സിനെ ഒരു വിക്കറ്റിനാണ് എസ്.കെ.എന്‍ പരാജയപ്പെടുത്തിയത്.

സാര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ എസ്.കെ.എന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാര്‍ബുഡ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ എസ്.കെ.എന്‍ 20 ഓവറില്‍ ഒരു വിക്കറ്റ് ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരം പരാജയപ്പെട്ടെങ്കിലും തകര്‍പ്പന്‍ പ്രകടനമാണ് ബാര്‍ബുഡ താരം ജുവല്‍ ആന്‍ഡ്രൂ നടത്തിയത്. 30 പന്തില്‍ പുറത്താവാതെ 50 റണ്‍സ് നേടി കൊണ്ടായിരുന്നു ജുവലിന്റെ തകര്‍പ്പന്‍ പ്രകടനം. ഏഴ് ഫോറുകളും ഒരു സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഈ മിന്നും പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ആന്‍ഡ്രൂ സ്വന്തമാക്കിയത്. മേജര്‍ ടി-20 ലീഗില്‍ അര്‍ധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടമാണ് ജുവല്‍ സ്വന്തമാക്കിയത്. 17 വയസും 266 ദിവസവും പ്രായത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

17 വയസും 32 ദിവസവും പ്രായമുള്ളപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍താരം നിക്കോളാസ് പൂരന്‍ നേടിയ ഫിഫ്റ്റിയുടെ റെക്കോഡാണ് ആന്‍ഡ്രൂ മറികടന്നത്. 2013ല്‍ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ റെഡ് സ്റ്റീലിന് വേണ്ടിയായിരുന്നു നിക്കോളാസ് ഈ നേട്ടം സ്വന്തമാക്കിയത്.

ഈ പട്ടികയില്‍ ഒന്നാമതുള്ളത് ഇന്ത്യന്‍ സൂപ്പര്‍ താരം റിയാന്‍ പരാഗാണ്. 2019 രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് താരം അര്‍ധസെഞ്ച്വറി നേടിയത്. 17 വയസും 175 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു പരാഗ് ഈ നേട്ടം കൈപ്പിടിയിലാക്കിയത്.

അതേസമയം മത്സരത്തില്‍ ജുവലിന് പുറമേ ഫഖര്‍ സമാന്‍ 32 പന്തില്‍ 43 റണ്‍സും കോഫി ജെയിംസ് 24 പന്തില്‍ 22 റണ്‍സും നേടി മികച്ച പ്രകടനമാണ് നടത്തിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ എസ്.കെ.എന്നിനായി കൈല്‍ മയേഴ്‌സ് 24 പന്തില്‍ 39 റണ്‍സും എവിന്‍ ലൂയിസ് 24 പന്തില്‍ 29 റണ്‍സും ഒടിയന്‍ സ്മിത്ത് 19 പന്തില്‍ 27 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി വിജയത്തില്‍ വലിയ പങ്കുവഹിച്ചു.

ബാര്‍ബുഡയുടെ ബൗളിങ്ങില്‍ ഷാമര്‍ സ്പ്രിങ്കര്‍ നാല് വിക്കറ്റും റോഷന്‍ പ്രിമസ് രണ്ട് വിക്കറ്റും വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. മുഹമ്മദ് അമീര്‍, ഇമാദ് വസിം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

Content Highlight: Jewel Andrew Create a New Record in Major T20

We use cookies to give you the best possible experience. Learn more