ന്യൂദല്‍ഹി: സാമ്പത്തിക പ്രതിസന്ധി കാരണം പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ച ജെറ്റ് എയര്‍വേസിന്റെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ദല്‍ഹിയില്‍ പ്രതിഷേധത്തില്‍. ജന്തര്‍ മന്ദറില്‍ മെഴുകുതിരി കത്തിച്ചായിരുന്നു അവരുടെ പ്രതിഷേധം.
പ്രവര്‍ത്തനം നിര്‍ത്തിയതോടെ ആയിരത്തോളം ജീവനക്കാര്‍ക്കാണ് ജെറ്റ് എയര്‍വേസില്‍ ജോലി നഷ്ടപ്പെട്ടത്.
നേരത്തേ കഴിഞ്ഞ മൂന്നുമാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് 1,100-ഓളം പൈലറ്റുമാരും എന്‍ജിനീയര്‍മാരും പണിമുടക്കിയിരുന്നു. അതിനുമുന്‍പ് കടബാധ്യതയെത്തുടര്‍ന്ന് ജെറ്റ് എയര്‍വേഴ്സ് തങ്ങളുടെ ഭൂരിഭാഗം അന്താരാഷ്ട്ര വിമാനങ്ങളും നിര്‍ത്തിവെച്ചിരുന്നു. പണം നല്‍കാത്തതിനെത്തുടര്‍ന്ന് ജെറ്റ് എയര്‍വേസിനു നല്‍കിവന്നിരുന്ന ഇന്ധനവിതരണം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നിര്‍ത്തിവെച്ചതോടു കൂടിയാണത്.
അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കിയതുവഴി യാത്രക്കാര്‍ക്കു മാത്രം ജെറ്റ് എയര്‍വേസ് നല്‍കാനുള്ളത് 3,500 കോടി രൂപയാണ്. അതേസമയം ബാങ്കുകള്‍ക്ക് നല്‍കാനുള്ള 8300 കോടി രൂപയാണ്. ഇതുകൂടാതെ വിതരണക്കാര്‍ക്കും എണ്ണക്കമ്പനികള്‍ക്കുമൊക്കെ വേറെയും പണം നല്‍കാനുണ്ട്.
അതേസമയം ജെറ്റ് എയര്‍വേസിലുള്ള 100 പൈലറ്റുമാരെയും 200 കാബിന്‍ ക്രൂ ജീവനക്കാരെയും 200 ടെക്‌നിക്കല്‍, വിമാനത്താവള ജീവനക്കാരെയും സ്‌പൈസ് ജെറ്റ് ജോലിക്കെടുത്തിട്ടുണ്ട്.
നിലവില്‍ എസ്.ബി.ഐയാണ് ജെറ്റ് എയര്‍വേസ് നടത്തുന്നത്. കമ്പനിയുടെ 75 ശതമാനം ഓഹരി വാങ്ങാന്‍ എസ്.ബി.ഐ ആളെ തേടുന്നുണ്ട്.