ജെറ്റ് എയര്‍വെയ്‌സിന്റെ എല്ലാ വിമാന സര്‍വീസുകളും ഇന്ന് മുതല്‍ നിര്‍ത്തിവെയ്ക്കും
Jet Airways crisis
ജെറ്റ് എയര്‍വെയ്‌സിന്റെ എല്ലാ വിമാന സര്‍വീസുകളും ഇന്ന് മുതല്‍ നിര്‍ത്തിവെയ്ക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th April 2019, 8:17 pm

മുംബൈ: ജെറ്റ് എയര്‍വെയ്‌സിന്റെ എല്ലാ വിമാന സര്‍വീസുകളും ഇന്ന് രാത്രിയോടെ നിര്‍ത്തി വെയ്ക്കും. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നടത്തിപ്പിനാവശ്യമായ ഫണ്ടുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി. ഇന്ന് രാത്രി 10:30ന് അമൃത്സറില്‍ നിന്നും മുംബൈയിലേക്കാണ് അവസാന സര്‍വീസ്.

ഇന്ന് അഞ്ച് വിമാനങ്ങള്‍ മാത്രമാണ് കമ്പനിയ്ക്ക് പറപ്പിക്കാന്‍ സാധിച്ചിരുന്നത്.

8000 കോടി രൂപ കടമുള്ള ജെറ്റ് എയര്‍വെയ്‌സിന് സഹായത്തിനായി നല്‍കാമെന്ന് പറഞ്ഞിരുന്ന 1500 കോടിരൂപ കൊടുക്കാന്‍ സാധിക്കില്ലെന്ന് ബാങ്കുകളും മറ്റു വായ്പാ സ്ഥാപനങ്ങളും അറിയിച്ചിരുന്നു. ഇതിനിടെ, ജെറ്റ് എയര്‍വെയ്സിന്റെ ഷെയര്‍ വാങ്ങാനുള്ള തീരുമാനത്തില്‍നിന്ന് മുന്‍ ചെയര്‍മാന്‍ നരേഷ് ഗോയല്‍ പിന്മാറിയിരുന്നു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്സില്‍ തൊഴിലാളിസമരം അടക്കമുള്ളവ നടന്നിരുന്നു. മൂന്നുമാസമായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നാണ് പൈലറ്റുമാരും എന്‍ജിനീയര്‍മാരും പണിമുടക്കിയത്.

ഒരുകാലത്ത് 120 വിമാനങ്ങളുണ്ടായിരുന്ന ജെറ്റ് എയര്‍വെയ്‌സിന് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഏഴ് വിമാനങ്ങളിലേക്ക് സര്‍വീസ് ചുരുക്കേണ്ടി വന്നിരുന്നു.