മൂന്നുമാസമായി ശമ്പളമില്ല; ബാങ്കുകള്‍ക്കു നല്‍കാനുള്ളത് 8300 കോടി; ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ നാളെമുതല്‍ പണിമുടക്കിയേക്കും
ന്യൂദല്‍ഹി: ജെറ്റ് എയര്‍വേസിന്റെ കടബാധ്യത അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൈലറ്റുമാര്‍ അടക്കമുള്ള ജീവനക്കാര്‍ നാളെമുതല്‍ പണിമുടക്കിയേക്കും. രാവിലെ പത്തുമണി മുതല്‍ 1,100-ഓളം പൈലറ്റുമാരും എന്‍ജിനീയര്‍മാരും പണിമുടക്കിനിറങ്ങിയേക്കുമെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞയാഴ്ചയാണു വന്‍ കടബാധ്യതയുള്ള ജെറ്റ് എയര്‍വേഴ്‌സ് തങ്ങളുടെ ഭൂരിഭാഗം അന്താരാഷ്ട്ര വിമാനങ്ങളും കഴിഞ്ഞയാഴ്ച നിര്‍ത്തിയത്. പണം നല്‍കാത്തതിനെത്തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ജെറ്റ് എയര്‍വേസിനു നല്‍കിവന്നിരുന്ന ഇന്ധനവിതരണം ബുധനാഴ്ച നിര്‍ത്തുകയും ചെയ്തിരുന്നു.
കമ്പനിയുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് ലഭിച്ചതിനു രണ്ടുദിവസത്തിനകമാണ് പൈലറ്റുമാരുടെ സംഘടന പണിമുടക്കുമായി രംഗത്തെത്തുന്നത്. പൈലറ്റുമാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും കഴിഞ്ഞ മൂന്നുമാസമായി ശമ്പളം ലഭിച്ചിട്ടെന്ന് പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ ഏവിയേറ്റേഴ്‌സ് ഗില്‍ഡ് (എന്‍.എ.ജി) ഇറക്കിയ കുറിപ്പില്‍ പറയുന്നു. താത്കാലിക ഫണ്ടായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) നല്‍കാനുള്ള 1500 കോടി രൂപയ്ക്കായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു.
അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കിയതുവഴി യാത്രക്കാര്‍ക്കു മാത്രം ജെറ്റ് എയര്‍വേസ് നല്‍കാനുള്ളത് 3,500 കോടി രൂപയാണ്. അതേസമയം ബാങ്കുകള്‍ക്ക് നല്‍കാനുള്ള 8300 കോടി രൂപയാണ്. ഇതുകൂടാതെ വിതരണക്കാര്‍ക്കും എണ്ണക്കമ്പനികള്‍ക്കുമൊക്കെ വേറെയും പണം നല്‍കാനുണ്ട്.
നിലവില്‍ എസ്.ബി.ഐയാണ് ജെറ്റ് എയര്‍വേസ് നടത്തുന്നത്. കമ്പനിയുടെ 75 ശതമാനം ഓഹരി വാങ്ങാന്‍ എസ്.ബി.ഐ ആളെ തേടുന്നുണ്ട്. ഏപ്രില്‍ 12 ഇതിനായുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനു കാലാവധിയുണ്ടായിരുന്നു.