ന്യൂദല്‍ഹി: 104 യാത്രക്കാരുമായി ജെറ്റ് എയര്‍വേയ്‌സ് വിമാനം അടിയന്തര ലാന്‍ഡിംങ് നടത്തി. എഞ്ചിന്‍ തകരാറിനെ തുടര്‍ന്നാണ് 36,000 അടിയോളം ഉയരത്തില്‍ എത്തിയ ശേഷം ജെറ്റ് എയര്‍വേയ്‌സ് വിമാനം അടിയന്തര ലാന്‍ഡിംങ് നടത്തിയത്. സംഭവത്തില്‍ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനങ്ങളില്‍ ഒന്നിന്റെ എഞ്ചിന്‍ തകരാറിലായ വിവരം ബോയിംങ് 737വിമാനത്തിന്റെ പൈലറ്റ് എയര്‍ ട്രാഫിക് കണ്ട്രോളില്‍(എ.ടി.സി) അറിയിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് വിമാനം താഴെയിറക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുകയായിരുന്നുവെന്ന് ഇന്‍ഡോറിലെ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ. സന്യാല്‍ പറഞ്ഞു. 104 യാത്രക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും സന്യാല്‍ പറഞ്ഞു.
ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട ജെറ്റ് എയര്‍വേയ്‌സ് 955 വിമാനമാണ് ഇന്‍ഡോറില്‍ അടിയന്തര ലാന്‍ഡിംങ് നടത്തിയത്. ഇന്‍ഡോറിലെ എയര്‍പോര്‍ട്ടില്‍ 12:06ന് ആയിരുന്നു വിമാനം ഇറക്കിയത്.
82 മിനിറ്റ് നീണ്ട യാത്രക്ക് ശേഷമാണ് എഞ്ചിന്‍ തകരാറിലായതായി കണ്ടെത്തിയത്. ഇതോടെ 850മൈല്‍ യാത്ര ചെയ്ത വിമാനം താഴെയിറക്കാന്‍ നടപടിയെടുക്കുകയായിരുന്നു. ജെറ്റ് എയര്‍വേയ്‌സിന്റെ എഞ്ചിനീയറിങ് ടീമുകള്‍ എയര്‍ലൈന്‍സ് പരിശോധിച്ചുവരികയാണ്. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നതായി ജെറ്റ് എയര്‍വേയ്‌സ് വക്താവ് അറിയിച്ചു.
കഴിഞ്ഞയാഴ്ച്ചയാണ് മുംബൈ- ജയ്പുര്‍ ജെറ്റ് എയര്‍വേയ്‌സ് വിമാനം മുംബൈയില്‍ അടിയന്തര ലാന്‍ഡിംങ് നടത്തിയത്. ക്യാബിനിലേക്കുള്ള സമ്മര്‍ദ്ദം മൂലം 30ഓളം യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.