ജെറ്റ് എയര്‍വേസിലെ സുരക്ഷാ വീഴ്ച; 30 ലക്ഷം നഷ്ടപരിഹാരം ചോദിച്ച് യാത്രക്കാര്‍
national news
ജെറ്റ് എയര്‍വേസിലെ സുരക്ഷാ വീഴ്ച; 30 ലക്ഷം നഷ്ടപരിഹാരം ചോദിച്ച് യാത്രക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st September 2018, 3:07 pm

മുംബൈ: ക്യാബിന്‍ മര്‍ദ്ദം നിയന്ത്രിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം ഒഴുകിയ സംഭവത്തില്‍ ജെറ്റ് എയര്‍വേസിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യാത്രക്കാര്‍.

സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന യാത്രക്കാരനാണ് എയര്‍ലൈന്‍ അധികൃതരുടെ വീഴ്ചയ്‌ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. യാത്രക്കാര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ ജെറ്റ് എയര്‍വേസിന് സാധിച്ചില്ലെന്നും 30 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും ഇദ്ദേഹം പറഞ്ഞു.

അതേസമയം വിമാനത്തിനുള്ളിലെ വീഡിയോ ഷൂട്ട് ചെയ്ത് ട്വിറ്ററിലിട്ട യാത്രക്കാരനെ എയര്‍ലൈന്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.


ജെറ്റ് എയര്‍വേസില്‍ ഗുരുതര വീഴ്ച; ക്യാബിന്‍ മര്‍ദ്ദം നിയന്ത്രിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം ഒഴുകി; വിമാനം തിരിച്ചിറക്കി


മുംബൈ-ജയ്പുര്‍ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലായിരുന്നു ഗുരുതര സുരക്ഷാ വീഴ്ച സംഭവിച്ചത്. മുംബൈയില്‍ നിന്ന് വിമാനം ഉയര്‍ന്ന ഉടന്‍ തന്നെ യാത്രക്കാര്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെടാന്‍ തുടങ്ങുകയായിരുന്നു. പലര്‍ക്കും മൂക്കിലൂടെയും ചെവിയിലൂടെയും രക്തം ഒഴുകാന്‍ തുടങ്ങി. പലര്‍ക്കും കടുത്ത തലവേദനയും തുടങ്ങി.

വിമാനം ടേക്ക് ഓഫ് ചെയ്യുന്ന വേളയില്‍ കാബിന്‍ സമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ പൈലറ്റിനോട് മറന്നുപോയതാണ് മര്‍ദ്ദനവ്യത്യാസത്തിന് കാരണമായതെന്ന് ഡി.ജി.സി.എ വ്യക്തമാക്കിയിരുന്നു. മര്‍ദം താണതിനെത്തുടര്‍ന്ന് ഓക്സിജന്‍ മാസ്‌ക്കുകള്‍ പുറത്തുവരികയും ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരാവുകയുമായിരുന്നു.

സംഭവത്തെ തുടര്‍ന്ന് വിമാനം മുംബൈയ്ക്ക് തിരിച്ചു വിടുകയും യാത്രക്കാരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തിരുന്നു. വിമാനത്തിനുള്ളിലെ അവസ്ഥ മൊബൈലില്‍ പകര്‍ത്തി യാത്രക്കാരനായ ദര്‍ഷക് ഹാത്തി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. എല്ലാ യാത്രക്കാരും ഓക്സിജന്‍ മാസ്‌ക് ധരിച്ച് ഇരിക്കുന്നത് വീഡിയോയില്‍ കാണുന്നുണ്ട്.

കൃത്യവിലോപം കാട്ടിയ ജീവനക്കാരെ ജോലിയില്‍ നിന്ന് നീക്കിയതായും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചിരുന്നു.

ഇക്കഴിഞ്ഞ ആഗസ്റ്റില്‍ റിയാദ് എയര്‍പോട്ടിലെ ടാക്‌സിവേയിലേക്ക് വിമാനം ഓടിച്ചുകയറ്റിയ ജെറ്റ് എയര്‍വേസിന്റെ രണ്ട് പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദ് ചെയ്തിരുന്നു.