ജെറ്റ് മുതലാളി പാപ്പരായത് സാധാരണ നിലയില്‍ നമ്മളെ ബാധിക്കേണ്ട വിഷയമല്ല. മുതലാളിമാര്‍ ബിസിനസുകള്‍ തുടങ്ങും, പൂട്ടും, ലാഭമുണ്ടാക്കും, നഷ്ടമുണ്ടാക്കും, ഇതൊക്കെ ലോകം മുഴുവന്‍ നടക്കുന്ന കാര്യങ്ങളാണ്. പക്ഷെ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് മാത്രം ബാധകമായ ഒരു കാര്യമുണ്ട് , മുതലാളിമാര്‍ ലാഭമുണ്ടാക്കിയാല്‍ അവര്‍ സുഖിക്കും, നഷ്ടമുണ്ടാക്കിയാല്‍ നമ്മള്‍ നാട്ടുകാര്‍ അനുഭവിക്കണം.
ഏകദേശം 7000 കോടിയുടെ കടമുണ്ട് നിലവില്‍ ജെറ്റ് എയര്‍വേസ് മുതലാളി നരേഷ് ഗോയലിന്, മൂന്നു മാസമായി തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ പറ്റിയിട്ടില്ല, വാടക കൊടുക്കാത്തതിന്റെ പേരില്‍ മിക്കവാറും വിമാനങ്ങള്‍ അതിന്റെ ഉടമസ്ഥര്‍ ജപ്തി ചെയ്തു, 450 സര്‍വീസുകള്‍ നടത്തിയിരുന്നത് ഇപ്പോള്‍ 150 ആയി കുറഞ്ഞു, ക്യാന്‍സല്‍ ചെയ്ത ടിക്കറ്റുകള്‍ക്ക് തിരിച്ചു കൊടുക്കാന്‍ കോടികള്‍ വേറെ വേണം.
വിമാനത്തില്‍ ഭക്ഷണം ഇല്ലാത്തതിന് പൈലറ്റ് യാത്രക്കാരോട് ക്ഷമ ചോദിക്കേണ്ടി വന്നത് മുതല്‍ ചെക്കിന്‍ കൌണ്ടര്‍ യാത്രക്കാര്‍ തല്ലി പൊളിക്കുന്നത് വരെ ഒരു കമ്പനി പൊളിയുമ്പോള്‍ സാധാരണ നടക്കുന്ന എല്ലാ കലാപരിപാടികളും നടന്നു കൊണ്ടിരിക്കുമ്പോഴാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ദേശസാല്‍കൃത ബാങ്കുകള്‍ക്ക് ഒരു നിര്‍ദേശം നല്‍കിയത്. ആ നിര്‍ദേശമാണ് നമുക്കുള്ള പണി.
മാര്‍ച്ച് 19 ന്റെ റോയിട്ടേഴ്സ് റിപ്പോര്‍ട് പ്രകാരം ധനകാര്യ മന്ത്രാലയം ദേശസാല്‍കൃത ബാങ്കുകളോട് – പ്രധാനമായും എസ്.ബി.ഐ – നിര്‍ദേശിച്ചതിന്റെ രത്‌നച്ചുരുക്കം ഇതാണ് – നരേഷ് ഗോയലിന് വേണ്ടത് എന്താണെന്ന് വച്ചാല്‍ കൊടുത്തേക്കണം, തിരഞ്ഞെടുപ്പാണ് വരുന്നത്, 17000 ത്തോളം തൊഴിലാളികള്‍ ഉള്ള ജെറ്റ് ഐര്‍വേസ് പൊളിഞ്ഞാല്‍ അത്രയും കുടുംബങ്ങളുടെ വോട്ട് ബി.ജെ.പിക്ക് നഷ്ടമാവും, എന്ത് വില കൊടുത്തായാലും അത് ഒഴിവാക്കണം, മാത്രമല്ല നരേഷ് ഗോയല്‍ ബി.ജെ.പിക്ക് ഒരു പാട് സംഭാവന നല്‍കിയ ആളാണ്, ബി.ജെ.പി നേതാക്കള്‍ പറന്നു നടക്കുന്ന ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ പകുതിയും കൊടുക്കുന്നത് ഗോയലാണ്, ഇത്രയുമാണ് നിര്‍ദേശം.
സര്‍ക്കാര്‍ പറഞ്ഞാല്‍ എസ്.ബി.ഐ അനുസരിക്കാതിരിക്കാന്‍ സാധ്യതയില്ല, ഒരു പതിനായിരം കോടി ഉടനെ എസ്.ബി.ഐ നരേഷ് ഗോയലിനു കൊടുക്കും, അത് കൊണ്ടൊന്നും ഏതായാലും ജെറ്റ് രക്ഷപ്പെടില്ല, നരേഷ് ഗോയല്‍ ലണ്ടനിലേക്കോ കയ്മാന്‍ ഐലണ്ടിലേക്കോ മുങ്ങും. പിന്നെ അവരെ പിടിക്കാനുള്ള ബഹളം, അതിനു വേണ്ടി കുറെ ഉദ്യോഗസ്ഥര്‍ വിദേശത്തക്ക്, വക്കീല്‍ ഫീസ്, കോടതി ചെലവ്, അങ്ങനെ കുറെ പൈസ കൂടി നാട്ടുകാരുടേത് പോയിക്കിട്ടും.
ഇതിപ്പോള്‍ ആദ്യത്തെതല്ല. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് കൂത്തുപാളയെടുപ്പിച്ചു വിജയ്മല്യ ക്രിക്കറ്റ് കളിയും ഫോര്‍മുല വണ്ണും ഒക്കെയായി നടക്കുന്ന കാലത്തു വീണ്ടും വീണ്ടും ടോപ്പ് അപ്പ് ലോണ്‍ കൊടുത്തു മല്യയെ രക്ഷിക്കാന്‍ ബാങ്കുകാരുണ്ടായിരുന്നു. മല്യയാണെങ്കില്‍ സമയാസമയം പണം മുഴുവന്‍ വിദേശത്തേക്ക് കടത്തി കൃത്യ സമയത്തു അരുണ്‍ജെയ്റ്റ്‌ലിയെ പാര്‍ലമെന്റിന്റെ വരാന്തയില്‍ കണ്ടു ടാറ്റ പറഞ്ഞു ലണ്ടനിലേക്ക് മുങ്ങി.
സര്‍ക്കാര്‍ ഏജന്‍സികള്‍ മല്യയുടെ യാത്രാ നിരോധനം നീക്കി അവരലാവുന്ന സഹായവും ചെയ്തു കൊടുത്തു. നമ്മള്‍ സാധാരണക്കാര്‍ക്ക് അറിയാവുന്ന പേരുകള്‍ മല്യ, മോദി , ചോക്സി തുടങ്ങിവയ ആണെങ്കിലും ഇവരേക്കാള്‍ വലിയ ബാധ്യത വരുത്തി മുങ്ങിയ നിരവധി പേരുണ്ട്, മുങ്ങാനിരിക്കുന്നവരുമുണ്ട്, അതില്‍ ഏറ്റവും പ്രധാനപ്പെട്ട പേരുകളിലൊന്നാണ് അനില്‍ അംബാനി.
വെറും 423 കോടി കൊടുക്കാനുള്ളതിനാണു എറിക്‌സണ്‍ എന്ന കമ്പനി അനില്‍ അംബാനിയെ സുപ്രീം കോടതിയില്‍ ക്ഷ വരപ്പിച്ചത് , മാര്‍ച്ച് 20 നു മുമ്പേ മുഴുവന്‍ കടവും കൊടുത്തു തീര്‍ത്തില്ലെങ്കില്‍ ജയിലില്‍ പോകാന്‍ സുപ്രീം കോടതി അനില്‍ അംബാനിയോട് പറഞ്ഞു, മാര്‍ച്ച് 19 നു ചേട്ടന്റെയും ചേട്ടത്തിയമ്മയുടെയും കയ്യും കാലും പിടിച്ചു അനില്‍ അംബാനി എറിക്സണ് കൊടുക്കാനുള്ള പണം മുഴുവന്‍ അടച്ചു തീര്‍ത്തു.
എന്നിട്ടും പൊതുമേഖലാ ബാങ്കുകള്‍ക്ക് അനില്‍ അംബാനി കൊടുക്കാനുള്ള തുക തിരിച്ചു കിട്ടാന്‍ വേണ്ടി ആരും ഒരു കേസും കൊടുത്തിട്ടില്ല, തുക ചെറിയതല്ല – 46,000 കോടി. ഇത്രയും ബാധ്യതയുള്ള അനില്‍ അംബാനിക്ക് റാഫേല്‍ വിമാനങ്ങളുടെ ഓഫ്‌സെറ്റ് കരാര്‍ നേടി കൊടുക്കാന്‍ വേണ്ടിയാണു ഇന്ത്യന്‍ പ്രധാനമന്ത്രി അയാളെയും കൂട്ടി പാരീസ് വരെ പോയത് !
ഏതായാലും ഈ ബാങ്ക് കൊള്ളക്കാരൊക്കെ കൂടി കൊള്ളയടിച്ച പണം, എന്‍.പി.എ എന്ന ഓമനപ്പേരില്‍ ഇംഗ്ലീഷിലും കിട്ടാക്കടം എന്ന് മലയാളത്തിലും പറയുന്ന തുക, 2018 അവസാനം വരെയുള്ള കണക്കനുസരിച്ചു ഒരു ട്രില്യന്‍ രൂപ വരും. ഇത് മൊത്തം കടമല്ല, കിട്ടാക്കടം എന്ന് ബാങ്കുകാര്‍ തന്നെ പറയുന്ന തുക മാത്രം. അനില്‍ അംബാനി കൊടുക്കാനുള്ളതൊന്നും ഇതുവരെ കിട്ടാക്കടം എന്ന കോളത്തിലേക്ക് നീങ്ങിയിട്ടില്ല. ഈ കിട്ടാകടങ്ങളൊക്കെ ആരാണ് വാങ്ങിച്ചതെന്ന് ചോദിച്ചു കൊണ്ടുള്ള ആര്‍.ടി.ഐ കള്‍ക്കൊന്നും ഇത് വരെ ഉത്തരമില്ല , പാര്‍ലമെന്റില്‍ പോലും ആ പേരുകള്‍ വെളിപ്പെടുത്തിയിട്ടുമില്ല.
ഇങ്ങനെ കിട്ടാക്കടം കൂടി കൂടി ബാങ്കുകള്‍ പൂട്ടിപോവും എന്ന നില വരുമ്പോഴാണ് സര്‍ക്കാരുകള്‍ ബെയില്‍ ഔട്ട്
എന്ന ഓമനപ്പേരില്‍ നമ്മള്‍ ജി.എസ്.ടി ആയും ഇന്‍കം ടാക്‌സ് ആയും സര്‍ക്കാരിന് കൊടുത്തപണം ബാങ്കുകള്‍ക്ക് കൊടുക്കുന്നത്. അങ്ങനെ 2018 ല്‍ മാത്രം മാത്രം ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ കൊടുത്തത് ഒരു ലക്ഷത്തി പത്തായിരം കോടി രൂപയാണ് – നമ്മുടെ കാശ്. പോയതു പോട്ടെ എന്ന് വയ്ക്കാം, ഇനി വേണ്ടെങ്കില്‍, എന്നാല്‍ അങ്ങനെയാണോ കാര്യങ്ങള്‍ ?
കാറുകളുടെയും മോട്ടോര്‍ സൈക്കിളുകളുടെയും വില്പനയില്‍ ഈ വര്‍ഷം എട്ടു ശതമാനത്തിന്റെ കുറവാണു വന്നത്, ഷോറൂമുകളില്‍ 100 ദിവസത്തിന് മുകളില്‍ വാഹനങ്ങള്‍ ചിലവാകാതെ നില്‍ക്കുന്നത് കാരണം നിര്‍മാണം കുറിച്ചിരിക്കുകയാണ് ബജാജ്, ടാറ്റ മോട്ടോര്‍സ് തുടങ്ങിയ വന്‍കിട വാഹന നിര്‍മാതാക്കള്‍. ഐ.ഐ.പി എന്ന് വിളിക്കുന്ന വ്യാവസായിക നിര്‍മാണ ഇന്‍ഡക്‌സ് കേവലം 1.7 ആണ് ഈക്കൊല്ലം, കഴിഞ്ഞ കൊല്ലം 7.5 ആയിരുന്ന സ്ഥാനത്തു ആണിത്. വ്യവസായങ്ങള്‍ക്കും ഫാക്ടറികള്‍ക്കും മുഴുവന്‍ ഫിനാന്‍സ് ചെയ്തിരിക്കുന്നത് മിക്കവാറും പൊതു മേഖലാ ബാങ്കുകളാണ്. നിര്‍മാണവും കച്ചവടവും കുറയുമ്പോള്‍ സ്വാഭാവികമായും കടം തിരിച്ചടക്കുന്നതും കുറയും. ഇതിന്റെ കൂടെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി പൂട്ടിപോയ ലക്ഷക്കണക്കിന് ചെറുകിട കമ്പനികളുടെ കിട്ടാകടം കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ത്തിയാകും.
മാന്യമായി തിരിച്ചടവ് പ്രതീക്ഷിക്കാവുമെന്ന വ്യക്തിഗത ലോണുകള്‍, പ്രധാനമായി വീട്ടു വായ്പകളും വാഹന വായ്പകളും വന്‍തോതില്‍ കുറയുന്നതാണ് ബാങ്കുകളുടെ മറ്റൊരു പ്രശനം. തൊഴിലില്ലായ്മ കഴിഞ്ഞ 36 വര്‍ഷത്തില്‍ ഏറ്റവും കൂടിയ നിലയിലാണെന്നതും, കൂടുതല്‍ തൊഴിലുകളോ മെച്ചപ്പെട്ട വേതനങ്ങളോ ഉണ്ടാവാനുള്ള യാതൊരു സാധ്യതയും ഇല്ലാത്തതും ഇത്തരം ലോണുകള്‍ നല്‍കി പിടിച്ചു നില്ക്കാന്‍ ബാങ്കുകള്‍ക്ക് അവസരം ഇല്ലാതാക്കും. പുതിയതായി ഫാക്ടറികളോ വ്യവസായങ്ങളോ ഇക്കഴിഞ്ഞ കാലത്തൊന്നും ഉണ്ടായിട്ടുമില്ല.
ഏതായാലും ബാങ്കുകളെ പൊളിയാന്‍ വിടാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയില്ല. നമ്മള്‍ ടാക്‌സ് അടക്കുന്ന പണം നല്‍കി ബാങ്കുകളെ ബെയില്‍ ഔട്ട് ചെയ്യുന്ന മിനിമം പരിപാടി അടുത്ത സര്‍ക്കാരിനും ചെയ്യാതിരിക്കാന്‍ കഴിയില്ല. അടുത്ത സര്‍ക്കാരുണ്ടാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് വലിയ ആവേശമൊന്നും കാണാത്തത് വെറുതെയാവാന്‍ വഴിയില്ല , ടാക്‌സ് വഴി കിട്ടുന്ന പണം മുഴുവന്‍ ബാങ്കുകാര്‍ക്ക് കൊടുത്തിട്ട് പിന്നെ സര്‍ക്കാര്‍ എന്ത് ചെയ്യാന്‍? മോഡിയായിട്ട് ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ മോഡി തന്നെ പരിഹരിക്കട്ടെ എന്നായിരിക്കും അദ്ദേഹം കണക്ക് കൂട്ടുന്നത്.
നമ്മുടെ കായംകുളം കൊച്ചുണ്ണിയുടെ അമേരിക്കന്‍ വേര്‍ഷന്‍ ആയിരുന്നു റോബിന്‍ഹുഡ്, പണക്കാരുടെ പണം മോഷ്ടിച്ച് പാവപ്പെട്ടവര്‍ക്ക് കൊടുത്തു ഹീറോ ആയ ആള്‍. ഇതിന്റെ നേരെ എതിര്‍ പ്രവര്‍ത്തിക്കുന്നതിനെ – പാവപ്പെട്ടവരുടെ പണം മോഷ്ടിച്ചു പണക്കാര്‍ക്ക് കൊടുക്കുന്ന ഏര്‍പ്പാടിനെ – റിവേഴ്സ് റോബിന്‍ ഹുഡ് എന്ന് പറയും അമേരിക്കക്കാര്‍. ചങ്ങാത്ത മുതലാളിത്തത്തിന്റെ എക്‌സ്ട്രീം വേര്‍ഷന്‍.