യേശുവിന് മഗ്ദലനമറിയത്തില്‍ രണ്ട് കുട്ടികളുണ്ടായിരുന്നെന്ന്; വിവാദ പരാമര്‍ശവുമായി 'ദ ലാസ്റ്റ് ഗോസ്പല്‍'
Daily News
യേശുവിന് മഗ്ദലനമറിയത്തില്‍ രണ്ട് കുട്ടികളുണ്ടായിരുന്നെന്ന്; വിവാദ പരാമര്‍ശവുമായി 'ദ ലാസ്റ്റ് ഗോസ്പല്‍'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th November 2014, 11:53 am

yesu1ലണ്ടന്‍: യേശു ക്രിസ്തു വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നെന്ന പരാമര്‍ശമുള്ള പുസ്തകം വിവാദമാകുന്നു. “ദ ലോസ്റ്റ് ഗോസ്പല്‍” എന്ന പുസ്തകത്തിലാണ് യേശു മഗ്ദലനമറിയത്തെ വിവാഹം കഴിച്ചെന്നും ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ടായിരുന്നുവെന്നും പരാമര്‍ശിക്കുന്നത്.

ബ്രിട്ടീഷ് ലൈബ്രറിയില്‍ നിന്നും കണ്ടെടുത്ത കയ്യെഴുത്തുപ്രതിയെ ആധാരമാക്കിയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. മധ്യ കിഴക്കന്‍ മേഖലയില്‍ 4 ാം നൂറ്റാണ്ടിനും 8ാം നൂറ്റാണ്ടിനും ഇടയില്‍ ഉപയോഗിച്ചിരുന്ന സിറിയാക് എന്ന ഭാഷണിയുള്ളതാണ് ഈ കയ്യെഴുത്തുപ്രതികള്‍. എ.ഡി 570ലാണ് ഇത് രചിക്കപ്പെട്ടത്. ഇരുപത് വര്‍ഷമായി ഇത് ബ്രിട്ടീഷ് ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

1847ല്‍ ബ്രിട്ടീഷ് മ്യൂസിയത്തിലെത്തിച്ച ഈ ചരിത്രരേഖകള്‍ പിന്നീട് ലൈബ്രറിയിലേക്ക് മാറ്റുകയായിരുന്നു. ഈജിപ്തിയിലെ പുരാതനമായ സെന്റ് മകാറിയസ് മൊണാസ്ട്രിയില്‍ നിന്നാണ് ഈ കയ്യെഴുത്ത് പ്രതികള്‍ ലഭിച്ചതെന്നാണ് മ്യൂസിയത്തില്‍ ഇത് ഏല്‍പ്പിച്ചയാള്‍ പറഞ്ഞത്.

കഴിഞ്ഞ 160 വര്‍ഷമായി ഈ കയ്യെഴുത്ത് പ്രതികളെക്കുറിച്ച് ഗവേഷണം നടക്കുന്നുണ്ട്. ഈ കയ്യെഴുത്ത് പ്രതികളെക്കുറിച്ച് ആറ് വര്‍ഷമായി ഗവേഷണം നടത്തിയ ഇസ്രാഈലി കനേഡിയന്‍ സിനിമാ സംവിധായകന്‍ സിംച യാക്കോബോവിച്ചിയും ടൊറന്റോക്കാരനായ പ്രൊഫസര്‍ ബാരി വില്‍സണുമാണ് “ദ ലാസ്റ്റ് ഗോസ്പല്‍” രചിച്ചത്.

മാത്യു, മാര്‍ക്ക്, ലൂക്ക്, ജോണ്‍ എന്നീ ശിഷ്യന്മാരെഴുതിയ സുവിശേഷത്തിന് പുറമേ യേശുവിന്റെ ജീവിതം സംബന്ധിച്ച അഞ്ചാമത്തെ സുവിശേഷമാണ് ബ്രിട്ടീഷ് ലൈബ്രറിയിലുള്ളതെന്ന് പുസ്തകത്തിന്റെ രചയിതാക്കള്‍ അവകാശപ്പെടുന്നു.

ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുറിപ്പ് വലുതാക്കി ചിത്രീകരിക്കുകയും സിറിയാക്കിയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് അത് പരിഭാഷപ്പെടുത്തിയുമാണ് ഇവര്‍ കയ്യെഴുത്ത് പ്രതിയെക്കുറിച്ച് പഠിച്ചത്. കയ്യെഴുത്ത് പ്രതിയില്‍ പറയുന്നത് ജോസഫ് യേശുവും അനസേത് മഗ്ദലനമറിയവുമാണെന്ന് യാക്കോബോവിച്ചി പറയുന്നു. ഈജിപ്തിലെ ഫറവോമാരിലൊരാളാണ് ഇവരുടെ വിവാഹത്തിന് കാര്‍മികത്വം വഹിച്ചത്. ഏഴ് ദിവസത്തെ വിവാഹാഘോഷമാണ് നടന്നത്. വിവാഹത്തോടെ അനസേത്ത് ദൈവപുത്രിയായി മാറിയെന്ന് ഫറവോ പറഞ്ഞതായും ഗ്രന്ഥകാരന്മാര്‍ അവകാശപ്പെടുന്നു.

മനാസേയും ഇബ്രാഹിമുമാണ് ഇവരുടെ പുത്രന്മാര്‍. ഇവര്‍ ജോസഫിന്റെ വീട്ടില്‍ വളര്‍ന്നെന്നാണ് കയ്യെഴുത്ത് പ്രതി സൂചിപ്പിക്കുന്നതെന്നും ലാസ്റ്റ് ഗോസ്പല്‍ അവകാശപ്പെടുന്നു.

ഈ രേഖയില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെങ്കില്‍ യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വെളിപ്പെടുത്തലുകളിലൊന്നാണിത്.