| Monday, 25th December 2023, 2:05 pm

ബെത്‌ലഹേമില്‍ 'ഇന്‍ക്യുബേറ്ററിലെ ഉണ്ണിയേശു'; ലോകശ്രദ്ധ നേടി ഫലസ്തീനികളുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ക്രിസ്മസ് ദിനത്തില്‍ യേശുവിന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ബെത് ലഹേമില്‍ പ്രദര്‍ശിപ്പിച്ച ഇന്‍ക്യുബേറ്ററിനുള്ളിലെ ഉണ്ണിയേശുവിന്റെ രൂപം ലോകശ്രദ്ധ നേടുന്നു. ബെത്‌ലഹേമിലെ ചര്‍ച്ച് ഓഫ് നേറ്റിവിറ്റിക്ക് മുന്നിലാണ് ഇന്‍ക്യുബേറ്ററിനുള്ളിലെ ഉണ്ണിയേശുവിന്റെ രൂപം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ലോകജനത ഉറ്റുനോക്കുന്ന ഈ നിര്‍മിതിയുടെ രൂപകല്‍പനക്ക് പിന്നില്‍ സന ഫറ ബിഷാറ എന്ന ഫലസ്തീനിയന്‍ ആര്‍ട്ടിസ്റ്റാണ്.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണയായി ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ ജെറുസലേമില്‍ റദ്ദാക്കിയിരുന്നു. ജെറുസലേമില്‍ ഇസ്രഈലിനെതിരെയുള്ള ആഹ്വാനങ്ങള്‍ മാത്രമാണ് നിലവില്‍ മുഴങ്ങുന്നത്.

നഗരത്തില്‍ ‘ഗസയിലെ വെടിനിര്‍ത്തലിനായി ബെത്ലഹേമിലെ മണി മുഴങ്ങുന്നു’ എന്നെഴുതിയ ബാനറോടുകൂടിയ പ്രതിഷേധങ്ങള്‍ നടന്നു. ജെറുസലേം പട്ടണത്തിന് മുന്നിൽ പ്രതിഷേധക്കാർ കൂറ്റൻ ഫലസ്തീൻ പതാക ഉയർത്തികൊണ്ട് യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

‘ഒരുപാട് ആളുകള്‍ ഈ ഭൂമിക്കുവേണ്ടി മരിക്കുന്നു,’ എന്ന് ഫലസ്തീനിയായ നിക്കോള്‍ നജ്ജാര്‍ എന്ന 18 വയസുകാരി മാധ്യമങ്ങളോട് പറഞ്ഞു. നമ്മുടെ ആളുകള്‍ യുദ്ധത്തില്‍ മരിക്കുമ്പോള്‍ ക്രിസ്മസ് ആഘോഷിക്കുന്നത് ശരിക്കും ബുദ്ധിമുട്ടാണെന്നും നജ്ജാര്‍ കൂട്ടിച്ചേര്‍ത്തു.

ഗസയിലും വെസ്റ്റ് ബാങ്കിലും മറ്റു ഫലസ്തീനിയന്‍ പ്രദേശങ്ങളിലും നടക്കുന്ന അതിക്രമങ്ങള്‍ കാരണം ദുഃഖത്തോടെയാണ് ബെത്ലഹേം ക്രിസ്മസ് ആഘോഷിക്കുന്നതെന്ന് ഫലസ്തീനിയന്‍ ടൂറിസം മന്ത്രി റുല മായ പറഞ്ഞു.

ജെറുസലേമിലെ ലാറ്റിന്‍ പാത്രിയര്‍ക്കീസ് പിയര്‍ബറ്റിസ്റ്റ പിസബല്ല പരമ്പരാഗതമായ കെഫിയെ ധരിച്ച് ചര്‍ച്ച് ഓഫ് നേറ്റിവിറ്റിയില്‍ എത്തിയിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലാറ്റിന്‍ പാത്രിയര്‍ക്കീസിനെ സ്വാഗതം ചെയ്യുന്ന ഘോഷയാത്രയില്‍, ഫലസ്തീനിലെ സ്‌കൗട്ടിങ് വിദ്യാര്‍ത്ഥികള്‍ ഇസ്രഈല്‍ – ഫലസ്തീന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന ബാനറുകള്‍ ഉയര്‍ത്തുകയുണ്ടായി.

ഇസ്രഈല്‍ നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഗസയില്‍ ഉടനെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു.

Content Highlight: ‘Jesus in the Incubator’ gets attention at Beth Lahem

We use cookies to give you the best possible experience. Learn more