ജെറുസലേം: ഉയിര്‍ത്തെഴുന്നേല്‍പ്പിന് മുന്‍പ് യേശുക്രിസ്തുവിന്റെ ഭൗതിക ശരീരം അടക്കം ചെയ്തുവെന്ന് കരുതപ്പെടുന്ന കല്ലറ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്നു. ബുധനാഴ്ച മുതലാണ് കല്ലറ പൊതുജനങ്ങള്‍ക്കായി തുറക്കുക. ഒന്‍പത് മാസത്തെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് ശേഷമാണ് കല്ലറ ഇപ്പോള്‍ തുറക്കുന്നത്.
ജെറുസലേമിലുള്ള ചര്‍ച്ച് ഓഫ് ദി ഹോളി സെപല്‍കെറിലാണ് യേശുവിന്റേതെന്ന് കരുതപ്പെടുന്ന കല്ലറ സ്ഥിതി ചെയ്യുന്നത്. നാഷണല്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഏതന്‍സില്‍ നിന്നുള്ള സംഘമാണ് കല്ലറ തുറന്ന് നവീകരണം നടത്തിയത്.
പള്ളിയ്ക്കുള്ളിലെ “എഡിക്യൂള്‍” (ചെറിയ വീട്) എന്ന ഭാഗമാണ് സംഘം പുനരുദ്ധരിച്ചത്. യേശുവിന്റെ കല്ലറയും ഭൗതികശരീരം കിടത്തിയ ശവമഞ്ചവും ഉള്ള ഭാഗമാണ് എഡിക്യൂള്‍. സര്‍വ്വകലാശാലയില്‍ നിന്നുള്ള സംഘം ടൈറ്റാനിയം ബോള്‍ട്ടുകളും മോര്‍ട്ടാറും ഉപയോഗിച്ച് എഡിക്യൂളിന്റെ ഘടന ശക്തിപ്പെടുത്തുകയാണ് പ്രധാനമായും ചെയ്തത്.
എ.ഡി. 1555-ല്‍ കല്ലറയെ പൊതിഞ്ഞ് മാര്‍ബിള്‍ ആവരണം സ്ഥാപിച്ചതായി നേരത്തേ കണ്ടെത്തിയിരുന്നു. കല്ലറയുടെ മാര്‍ബിള്‍ ആവരണം നീക്കിയ പര്യവേക്ഷകസംഘത്തെ അതില്‍ അടക്കം ചെയ്തിരിക്കുന്ന വസ്തുക്കളുടെ അളവ് അത്ഭുതപ്പെടുത്തിയിരുന്നു. യേശുവിനെ കിടത്തിയതായി കരുതുന്ന പ്രതലം ശാസ്ത്രീയപഠനങ്ങള്‍ക്ക് വിധേയമാക്കുന്നുണ്ട്. കല്ലറയിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ പഠനത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.