|

ഇവന് മുന്നിൽ പൊള്ളാർഡിന്റെ റെക്കോഡും തകർന്നടിഞ്ഞു; കൊൽക്കത്തയുടെ വജ്രായുധത്തിന് മൂർച്ചകൂടുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് എലിമിനേറ്റര്‍ മത്സരത്തില്‍ ഇസ്ലാമാബാദ് യുണൈറ്റഡിന് തകര്‍പ്പന്‍ വിജയം. ക്വാറ്റ ഗ്ലാഡിയേറ്റേഴ്‌സിനെ 39 റണ്‍സിനാണ് ഇസ്ലാമാബാദ് പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ തോല്‍വി നേരിടേണ്ടി വന്നെങ്കിലും ഒരു ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഗ്ലാഡിയേറ്റേഴ്‌സിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജേസണ്‍ റോയ്.

മത്സരത്തില്‍ ഗ്ലാഡിയേറ്റസിന്റെ ഫീല്‍ഡിങ്ങില്‍ മൂന്നു ക്യാച്ചുകള്‍ നേടി മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് താരം നടത്തിയത്. ഇസ്ലാമാബാദ് താരങ്ങളായ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, അലക്‌സ് ഹെയ്ല്‍സ്, സല്‍മാന്‍ അല്‍ അഗ എന്നിവരുടെ ക്യാച്ചുകളാണ് റോയ് നേടിയത്. ഇതിനു പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം സ്വന്തമാക്കിയത്.

പാകിസ്ഥാന്‍ സൂപ്പര്‍ ഇതിന്റെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന താരമായി മാറാനാണ് ഇംഗ്ലണ്ട് താരത്തിന് സാധിച്ചത്. ഈ സീസണില്‍ 12 ക്യാച്ചുകള്‍ ആണ് ജേസണ്‍ റോയ് നേടിയത്.

11 ക്യാച്ചുകള്‍ നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസതാരം കീറോണ്‍ പൊള്ളാര്‍ഡിനെ മറികടന്നുകൊണ്ടാണ് റോയ് ഈ നേട്ടത്തില്‍ എത്തിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇസ്ലാമാബാദ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് ആണ് നേടിയത്.

ഇസ്ലാമാബാദ് ബാറ്റിങ്ങില്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 47 പന്തില്‍ 56 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അഞ്ച് ഫോറുകളും ഒരു സിക്‌സുമാണ് ന്യൂസിലാന്‍ഡ് താരം നേടിയത്.

ഗ്ലാഡിയേറ്റേഴ്‌സ് ബൗളിങ് നിരയില്‍ മുഹമ്മദ് അമീര്‍, അക്കീല്‍ ഹുസൈന്‍ എന്നിവര്‍ രണ്ടു വീതം വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം നടത്തി.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗ്ലാഡിയേറ്റേഴ്‌സ് 18.4 ഓവറില്‍ 135 റണ്‍സിന് പുറത്താവുകയായിരുന്നു. ഇസ്ലാമാബാദ് ബൗളിങ്ങില്‍ ഇമാത് വസീം മൂന്നു വിക്കറ്റ് നസീം ഷാ രണ്ട് വിക്കറ്റും വീഴ്ത്തികൊണ്ട് ഗ്ലാഡിയേറ്റേഴ്‌സിനെ തകര്‍ക്കുകയായിരുന്നു.

ക്വാറ്റ ബാറ്റിങ്ങില്‍ യൂസഫ് 37 പന്തില്‍ 50 റണ്‍സും അകീല്‍ ഹുസൈന്‍ 18 പന്തില്‍ 31 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും 39 റണ്‍സകലെ വിജയം നഷ്ടമാവുകയായിരുന്നു.

Content Highlight: Jeson Roy breaks Kieron Pollard record in psl

Latest Stories