| Wednesday, 8th March 2023, 9:57 am

റയൽ പ്രസിഡന്റിന് എംബാപ്പെയോട് ദേഷ്യം; താരത്തെ ഇനി ക്ലബ്ബ് വാങ്ങാൻ സാധ്യതയില്ല; മുൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

സ്പാനിഷ് ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലാ ലിഗയിൽ ഈ സീസണിൽ ബാഴ്സലോണക്ക് പിന്നാലെയാണ് റയലിന്റെ കുതിപ്പ്.
നിലവിലെ ലാ ലിഗ, ചാമ്പ്യൻസ് ലീഗ് ജേതാക്കൾക്ക്  സീസണിൽ ഒരിക്കൽ പോലും ബാഴ്സലോണയുടെ അപ്രമാദിത്യത്തെ മറികടക്കാൻ സാധിച്ചിട്ടില്ല.

എന്നാലിപ്പോൾ ലീഗിൽ ഏറ്റ തിരിച്ചടികൾക്ക് പിന്നാലെ റയലിന്റെ സ്വപ്ന സൈനിങ്ങായ എംബാപ്പെയെ ടീം ഇനി ഒരിക്കലും സൈൻ ചെയ്യാൻ സാധ്യതയില്ല എന്ന് വെളിപ്പെടുത്തി മുന്നോട്ട് വന്നിരിക്കുകയാണ് മുൻ റയൽ മാഡ്രിഡ്‌ താരമായ ജെസെ റോഡ്രിഗസ്.

2022-2023 സീസണിൽ ഫ്രീ ഏജന്റായി മാറിയ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ ശ്രമിച്ചതിന് ശേഷം അവസാന നിമിഷം പി.എസ്.ജിയിൽ തുടരുകയായിരുന്നു എന്നാണ് ജെസെ റോഡ്രിഗസ് പറഞ്ഞത്.

അതിനാൽ തന്നെ റയൽ പ്രസിഡന്റ്‌ പെരസ് എംബാപ്പെയെ ഇനി സാന്തിയാഗോ ബെർണാബ്യൂവിലേക്ക് എത്തിക്കാൻ ശ്രമിക്കില്ല എന്നാണ് റോഡ്രിഗസ് പറയുന്നത്.

2024 വരെയാണ് എംബാപ്പെക്ക് പി.എസ്.ജിയിൽ കരാറുള്ളത്. അതിനാൽ തന്നെ അതിന് ശേഷം റയലിലേക്ക് വരണമെന്ന് താരം വിചാരിച്ചാലും പെരസിന് അതിനോട് താൽപര്യമില്ലെന്നും എംബാപ്പെ അവസാന നിമിഷം റയൽ വിട്ട് പി.എസ്.ജിയിലേക്ക് പോയത് പെരസിന് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നുമാണ് ജെസെ റോഡ്രിഗസ് പറഞ്ഞത്.

“എനിക്കറിയില്ല ചിലപ്പോൾ പെരസ് എംബാപ്പെയെ റയലിൽ ഇനി സൈൻ ചെയ്യാൻ താൽപര്യപ്പെടില്ലായിരിക്കും. എംബാപ്പെ ചെയ്തത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെന്നത് എനിക്ക് ഉറപ്പാണ്,’ റോഡ്രിഗസ് പറഞ്ഞു.

ഉടൻ റയൽ വിടാൻ സാധ്യതയുള്ള കരിം ബെൻസെമക്ക് പകരക്കാരനായാണ് എംബാപ്പെയെ ക്ലബ്ബിലെത്തിക്കാൻ റയൽ ശ്രമിച്ചിരുന്നത്.
ഈ സീസണിൽ മുപ്പത് മത്സരങ്ങളിൽ നിന്നും മുപ്പത് ഗോളുകളാണ് എംബാപ്പെ  പി.എസ്.ജിക്കായി നേടിയത്.

നിലവിൽ 24 മത്സരങ്ങളിൽ നിന്നും 16 വിജയങ്ങളുമായി 53 പോയിന്റോടെ ലാ ലിഗയിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്‌.
മാർച്ച് 11ന് എസ്പാന്യോളുമായാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights: Jese Rodriguez believes real madrid president Florentino Perez could refuse to sign r Kylian Mbappe

We use cookies to give you the best possible experience. Learn more