ലണ്ടന്‍: മാതാപിതാക്കളില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തുന്ന യു.എസിന്റെ അഭയാര്‍ത്ഥി നയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍. ട്രംപിന്റെ നീക്കം അധാര്‍മ്മികവും മൗലിക അവകാശങ്ങളുടെ ലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു.
“മൃഗങ്ങളെപ്പോലെ കുട്ടികളെ കൂട്ടിലിട്ടിരിക്കുന്നതു കാണുന്നത് ഞെട്ടലുണ്ടാക്കുന്നു. മാതാപിതാക്കളില്‍ നിന്നും ബലപ്രയോഗത്തിലൂടെ അടര്‍ത്തിമാറ്റപ്പെട്ട ഇവരുടെ കരച്ചില്‍ വേദനിപ്പിക്കുന്നു.” അദ്ദേഹം പറഞ്ഞു.
കുടിയേറ്റത്തോടുള്ള അമേരിക്കയുടെ രാഷ്ട്രീയ കാഴ്ചപ്പാട് എന്തുതന്നെയായാലും ഈ ക്രൂരവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിക്ക് യാതൊരു ന്യായീകരണവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മാതാപിതാക്കളില്‍ നിന്ന് കുട്ടികളെ അകറ്റിനിര്‍ത്തുന്ന അമേരിക്കയുടെ അഭയാര്‍ത്ഥി നയത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ലോകത്തിന്റെ പലഭാഗത്തുനിന്നും ഉയരുന്നത്. വിമര്‍ശനങ്ങള്‍ തുടരുമ്പോഴും അഭയാര്‍ത്ഥികളോടുള്ള നിലപാടില്‍ ഒരുമാറ്റവും വരുത്താതെ ട്രംപ് മുന്നോട്ടുപോകുകയാണ്.
മറ്റ് രാജ്യങ്ങളെപ്പോലെ അമേരിക്കയെ ഒരു അഭയാര്‍ത്ഥി ക്യാമ്പായി മാറ്റാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് ഈ ക്രൂരതയെ ന്യായീകരിക്കുന്നത്.
ഏപ്രിലില്‍ തുടങ്ങിയ നടപടിയുടെ ഭാഗമായി 2000ത്തോളം കുട്ടികളെയാണ് മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തി ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇവരുടെ മാതാപിതാക്കളെ സുരക്ഷാ സേന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്യുന്നുണ്ട്.