യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പി.എസ്.ജി പുറത്തായതോടെ സൂപ്പര്‍താരം ലയണല്‍ മെസിക്കെതിരെ വിമര്‍ശനങ്ങളും ശക്തമായിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബയേണ്‍ സ്വന്തം തട്ടകമായ അലയന്‍സ് അരേണയില്‍ പി.എസ്.ജിയെ തകര്‍ത്തെറിഞ്ഞത്.
ലോകകപ്പിലെടുത്ത പ്രകടനം മെസി പി.എസ്.ജിയില്‍ കാഴ്ചവെക്കുന്നില്ലെന്നും ക്ലബ്ബിനോട് താരത്തിന് ബഹുമാനമില്ലെന്നൊക്കെയുമാണ് പരക്കെയുള്ള വിമര്‍ശനങ്ങള്‍. ഇപ്പോള്‍ താരത്തിനെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് മുന്‍ പി.എസ്.ജി താരം ജെറോം റോഥന്‍. മെസി പി.എസ്.ജിയില്‍ എത്തിയപ്പോള്‍ തൊട്ട് താന്‍ നിരാശനായിരുന്നെന്നും അദ്ദേഹം പി.എസ്.ജി വിട്ട് പോകണമെന്നും റോഥന്‍ പറഞ്ഞു.
‘ഗുഡ് ബൈ ലിയോ, നിങ്ങള്‍ എങ്ങോട്ടെങ്കിലും പോകൂ, എനിക്കറിയില്ല എവിടേക്കാണെന്ന്. നിങ്ങള്‍ക്കെല്ലാവിധ ആശംസകളും. പക്ഷെ പി.എസ്.ജിയില്‍ ഇനി ഉണ്ടാകരുത്. മെസിയെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നത് ശരിയല്ലായിരിക്കാം. പറയാന്‍ ഞാന്‍ ആരുമല്ല. പക്ഷെ അദ്ദേഹം എത്തിയപ്പോള്‍ തൊട്ട് ഞാന്‍ നിരാശ അനുഭവിക്കുകയാണ്.
മെസി ഒരു മികച്ച കളിക്കാരനാണെന്ന നിലക്കാണ് ഞാന്‍ അദ്ദേഹത്തെ വിലയിരുത്തുന്നത്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന നിലയില്‍ അദ്ദേഹം പി.എസ്.ജിക്കായി എന്തെങ്കിലും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷെ അതുണ്ടായില്ല,’ റോഥന്‍ പറഞ്ഞു.
മെസി ക്ലബ്ബുമായി ചേര്‍ന്ന് കളിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും ചാമ്പ്യന്‍സ് ലീഗ് പോലെ പ്രധാന മത്സരങ്ങളില്‍ മെസിയുടെ പ്രകടനം അപ്രത്യക്ഷമാവുകയാണെന്നും റോഥന്‍ പറഞ്ഞു. ഫ്രഞ്ച് റേഡിയോ സ്റ്റേഷനായ ആര്‍.എം.സിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ ഘട്ടത്തിലെ രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്ക് പി.എസ്.ജിയെ പരാജയപ്പെടുത്തിയതോടെയാണ് ക്ലബ്ബിന്റെ കന്നി ചാമ്പ്യന്‍സ് ലീഗ് കിരീട സ്വപ്നം വീണ്ടും തകര്‍ക്കപ്പെട്ടത്.
ഇതോടെ ആദ്യ പാദ മത്സരത്തില്‍ ബയേണിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട പി.എസ്.ജിയുടെ മൊത്തം പരാജയമാര്‍ജിന്‍ 3-0 എന്ന തരത്തിലായി.
പല തവണ ബയേണ്‍ മുന്നേറ്റ നിരയിലേക്ക് എത്താന്‍ ബയേണിന് സാധിച്ചെങ്കിലും ജര്‍മന്‍ ക്ലബ്ബിന്റെ പ്രതിരോധക്കോട്ട തകര്‍ക്കാന്‍ മെസിക്കായില്ല. കൂടാതെ മെസിക്ക് അനങ്ങാന്‍ പോലും ബയേണ്‍ പ്രതിരോധം സ്പെയ്സ് നല്‍കിയില്ല.
ലീഗ് വണ്ണില്‍ നിലവില്‍ 26 മത്സരങ്ങളില്‍ നിന്നും 20 വിജയങ്ങളോടെ 63 പോയിന്റുമായി ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി. മാര്‍ച്ച് 12ന് ബ്രെസ്റ്റ് എഫ്.സിക്കെതിരെയാണ് പാരിസ് ക്ലബ്ബിന്റെ അടുത്ത മത്സരം.
Content Highlights: Jerome Rothen criticizes Messi