| Sunday, 19th March 2023, 1:37 pm

അവന് വേണ്ടത്ര ഗൗരവമില്ല, മെസിയെ കൂകിവിളിക്കുന്നവര്‍ അവനെയും പരിഹസിക്കണം; രൂക്ഷവിമര്‍ശനവുമായി മുന്‍ പി.എസ്.ജി താരം

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പി.എസ്.ജി പുറത്തായതിന് ശേഷം വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയനായ താരമാണ് ലയണല്‍ മെസി. റൗണ്ട് ഓഫ് 16ല്‍ ബയേണ്‍ മ്യൂണിക്കിനെതിരെ രണ്ട് മത്സരങ്ങള്‍ കളിച്ചിരുന്നെങ്കിലും താരത്തിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് പി.എസ്.ജി ആരാധകര്‍ മെസിയെ കൂകിവിളിക്കാനും വിമര്‍ശിക്കാനും വേട്ടയാടാന്‍ തുടങ്ങിയത്.

എന്നാല്‍ മെസിയെ കൂകിവിൡക്കുന്നവര്‍ അദ്ദേഹത്തിന്റെ സഹതാരമായ മാര്‍ക്കോ വെരാട്ടിയെ കൂടി പരിഹസിക്കണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ മുന്‍ പി.എസ്.ജി താരം ജെറോം റോഥന്‍.

വെരാട്ടി കഴിഞ്ഞ 10 വര്‍ഷമായി പി.എസ്.ജിയിലുണ്ടെന്നും അദ്ദേഹത്തിന് ഇനിയും വേണ്ടത്ര ഗൗരവം വന്നിട്ടില്ലെന്നും റോഥന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കാര്യത്തില്‍ തങ്ങള്‍ വളരെ നിരാശരാണെന്നും റോഥന്‍ പറഞ്ഞു.

‘മാര്‍ക്കോ വെരാട്ടി, 10 വര്‍ഷമായി അദ്ദേഹം പി.എസ്ജിയിലുണ്ട്. മത്സരങ്ങള്‍ക്ക് വേണ്ടത്ര പരിഗണന കൊടുക്കാത്ത ആളാണ് വെരാട്ടി. ജോലി കാര്യത്തില്‍ ഒട്ടും ആത്മാര്‍ത്ഥതയില്ല. ഞങ്ങള്‍ വളരെയധികം നിരാശരാണ് നിങ്ങള്‍ക്ക് അദ്ദേഹത്തെയും കൂകിവിളിക്കുകയും പരിഹസിക്കുകയും ചെയ്യാം,’ റോഥന്‍ പറഞ്ഞു.

2012ലാണ് മാര്‍ക്കോ വെരാട്ടി പാരീസിയന്‍ ക്ലബ്ബിലേക്ക് ചേക്കേറിയത്. എട്ട് ലീഗ് വണ്‍ ടൈറ്റിലുകളടക്കം 29 പ്രധാന ട്രോഫികള്‍ അദ്ദേഹം പി.എസ്.ജിക്കായി നേടിയിട്ടുണ്ട്.

Content Highlights: Jerome Rothen criticizes Marco Veratti

We use cookies to give you the best possible experience. Learn more