| Thursday, 9th March 2023, 1:51 pm

ലോകകപ്പ് നേടിയത് രാജ്യത്തിനോടുള്ള സ്‌നേഹമാണ് സമ്മതിച്ചു, ക്ലബ്ബിനോട് ഒരിത്തിരി? മെസിക്കെതിരെ മുന്‍ പി.എസ്.ജി താരം

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പി.എസ്.ജി പുറത്തായതിന് പിന്നാലെ മെസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം ജെറോം റോഥന്‍.

മെസി ക്ലബ്ബുമായി ചേര്‍ന്ന് കളിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും ചാമ്പ്യന്‍സ് ലീഗ് പോലെ പ്രധാന മത്സരങ്ങളില്‍ മെസിയുടെ പ്രകടനം അപ്രത്യക്ഷമാവുകയാണെന്നും റോഥന്‍ ആരോപിച്ചു. ഫ്രഞ്ച് റേഡിയോ സ്‌റ്റേഷനായ ആര്‍.എം.സിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇതല്ല മെസിയില്‍ നിന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അദ്ദേഹം ഈ ക്ലബ്ബുമായി ഇഴകിച്ചേരാന്‍ താത്പര്യപ്പെടുന്നില്ല. അദ്ദേഹം പറയുന്നു ഞാന്‍ ടീമുമായി ഇണങ്ങിച്ചേര്‍ന്നിട്ടുണ്ടെന്ന്. പക്ഷെ, എന്താണ് അതുകൊണ്ടുദ്ദേശിക്കുന്നത്?

ഈ വര്‍ഷം എയ്‌ഞ്ചേഴ്‌സിനും ക്ലെര്‍മോണ്ടിനുമെതിരെ മെസി 18 ഗോളും 16 അസിസ്റ്റുകളും നേടിയിട്ടുണ്ട്. എന്നാല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് പോലെ പ്രധാനപ്പെട്ട മാച്ചുകള്‍ നടക്കുമ്പോള്‍ മെസി എന്താണ് അപ്രത്യക്ഷമാകുന്നത്?

തമാശയെന്താണെന്ന് വെച്ചാല്‍ നമ്മളെല്ലാവരും ലോകകപ്പ് കണ്ടതാണ്. അദ്ദേഹത്തിന്റെ പ്രകടനവും ഡെഡിക്കേഷനും എല്ലാം നമ്മള്‍ കണ്ടു.

ഞാന്‍ അത് കാര്യമാക്കുന്നില്ല. കാരണം, അത് നാഷണല്‍ ടീമിന്റെ ജേഴ്‌സിയിലാണ്. വേറെ തന്നെ കാര്യമാണ്. എന്നാലും ക്ലബ്ബിനോട് കുറച്ചെങ്കിലും ബഹുമാനം കാണില്ലേ?,’ റോഥന്‍ പറഞ്ഞു.

അതേസമയം, ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ ഘട്ടത്തിലെ രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്ക് പി.എസ്.ജിയെ പരാജയപ്പെടുത്തിയതോടെയാണ് ക്ലബ്ബിന്റെ കന്നി ചാമ്പ്യന്‍സ് ലീഗ് കിരീട സ്വപ്നം വീണ്ടും തകര്‍ക്കപ്പെട്ടത്.

ഇതോടെ ആദ്യ പാദ മത്സരത്തില്‍ ബയേണിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട പി.എസ്.ജിയുടെ മൊത്തം പരാജയമാര്‍ജിന്‍ 3-0 എന്ന തരത്തിലായി.

പല തവണ ബയേണ്‍ മുന്നേറ്റ നിരയിലേക്ക് എത്താന്‍ ബയേണിന് സാധിച്ചെങ്കിലും ജര്‍മന്‍ ക്ലബ്ബിന്റെ പ്രതിരോധക്കോട്ട തകര്‍ക്കാന്‍ മെസിക്കായില്ല. കൂടാതെ മെസിക്ക് അനങ്ങാന്‍ പോലും ബയേണ്‍ പ്രതിരോധം സ്‌പെയ്‌സ് നല്‍കിയില്ല.

ലീഗ് വണ്ണില്‍ നിലവില്‍ 26 മത്സരങ്ങളില്‍ നിന്നും 20 വിജയങ്ങളോടെ 63 പോയിന്റുമായി ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി. മാര്‍ച്ച് 12ന് ബ്രെസ്റ്റ് എഫ്.സിക്കെതിരെയാണ് പാരിസ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights: Jerome Rothen criticizes Lionel Messi

We use cookies to give you the best possible experience. Learn more