സൂപ്പര്‍ താരം ഹ്യൂഗോ ലോറിസ് വിരമിച്ചതോടെ അടുത്ത ഫ്രഞ്ച് ക്യാപ്റ്റനായി ആരെ തിരഞ്ഞെടുക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ആരാധകര്‍. ഖത്തര്‍ ലോകകപ്പിലടക്കം മികച്ച പ്രകടനം കാഴ്ച വെച്ച ഫ്രാന്‍സിന്റെ യങ് സൂപ്പര്‍ സ്റ്റാര്‍ കിലിയന്‍ എംബാപ്പെയാണ് ഫ്രഞ്ച് പടയുടെ നായക സ്ഥാനത്തേക്ക് യോഗ്യന്‍ എന്നാണ് ആരാധകരില്‍ പലരും വിശ്വസിക്കുന്നത്.
എന്നാല്‍ എംബാപ്പെക്ക് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് നായക പദവി നല്‍കുമെന്ന് തോന്നുന്നില്ലെന്ന് മുന്‍ ഫ്രഞ്ച് താരവും മുന്‍ പി.എസ്.ജി താരവുമായ ജെറോം റോഥന്‍ പറഞ്ഞു.
കിലിയന്‍ എംബാപ്പെ ഫ്രഞ്ച് ദേശീയ ടീമിന്റെ ആം ബാന്റ് അണിയാന്‍ സാധ്യതയുണ്ടെന്ന് പ്രശസ്ത ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകന്‍ ജൂലിയന്‍ ലോറസ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ റോഥന്‍ വിഷയത്തില്‍ തന്റെ അഭിപ്രായവുമായി എത്തുകയായിരുന്നു.
‘ഞാനായിരുന്നെങ്കില്‍ എംബാപ്പെയെ നീലക്കുപ്പായക്കാരുടെ ക്യാപ്റ്റനാക്കുമായിരുന്നു. എന്നാല്‍ കോച്ച് ദിദിയര്‍ ദെഷാംപ്‌സിനെ അറിയാവുന്നിടത്തോളം അദ്ദേഹം എംബാപ്പെയെ ക്യാപ്റ്റനാക്കാന്‍ സാധ്യതയില്ല. അവന്‍ അനാവശ്യമായി ബഹളമുണ്ടാക്കുന്നത് തന്നെയാണ് കാരണം,’ റോഥര്‍ പറഞ്ഞു.
ലോകകപ്പിന് മുമ്പ് സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട ഫ്രാന്‍സിന്റെ ദേശീയ ടീമിനൊപ്പമുള്ള ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കാന്‍ എംബാപ്പെ വിസമ്മതിച്ചിരുന്നു. അതുപോലെ ഫാസ്റ്റ് ഫുഡ് പ്രമോട്ടര്‍ക്കെതിരെയും ബെറ്റിങ് സ്ഥാപനങ്ങള്‍ക്കെതിരെയുമെല്ലാം നിലപാടെടുക്കുന്ന വ്യക്തി കൂടിയാണ് എംബാപ്പെ എന്നതും യുവതാരത്തെ ക്യാപ്റ്റനാക്കുന്നതിന് മുമ്പ് ഫ്രാന്‍സിന് കണക്കിലെടുക്കേണ്ടിവരുമെന്നാണ് കരുതുന്നത്.
ഫ്രാന്‍സിന്റെ ദേശീയ ടീമിനാകട്ടെ കൊക്കോ കോള, കെ.എഫ്.സി, ഊബര്‍ ഈറ്റ്‌സ്, ബെറ്റിങ് സ്ഥാപനമായ ബെറ്റ്ക്ലിക്ക് എന്നിവയുമായി സ്‌പോണ്‍സര്‍ഷിപ്പ് കരാറുകളുണ്ട്.
എംബാപ്പെയെ നായകനാക്കിയാല്‍ ഇത്തരം സ്‌പോണ്‍സര്‍മാരോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിന്റെ കാര്യത്തിലും ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന് ആശങ്കയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Jerome Rothen criticizes kylian Mbappe