സബീനപാര്‍ക്ക്: ജസ്പ്രീത് ബുംറയുടെ ബൗണ്‍സറില്‍ തലയ്ക്ക് ഏറ് കൊണ്ട് പരിക്കേറ്റ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ഡാരന്‍ ബ്രാവോ രണ്ടാം ടെസ്റ്റ് മതിയാക്കി.
ടെസ്റ്റിന്റെ മൂന്നാം ദിനമായ ഞായറാഴ്ച ബുംറ എറിഞ്ഞ അവസാന ഓവറിലാണ് ബ്രാവോയ്ക്ക് തലയ്ക്ക് പന്ത് കൊണ്ടത്. ഇന്നലെ അവസാന രണ്ട് ബോളുകള്‍ നേരിട്ട ബ്രാവോ ഇന്ന് പത്ത് പന്തുകള്‍ മാത്രമാണ് നേരിടാനായത്.
ഹെല്‍മെറ്റിന്റെ വലത് വശത്താണ് ബ്രാവോയ്ക്ക് ഏറുകൊണ്ടത്. പരിശോധന നടത്തിയ വൈദ്യസംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ജെര്‍മൈന്‍ ബ്ലാക്ക്വുഡിനെ ഇറക്കാന്‍ തീരുമാനമായത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇത് രണ്ടാം തവണയാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിനെ ഇറക്കുന്നത്. ആഷസിനിടെ ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സര്‍ കഴുത്തിന് കൊണ്ട് പരിക്കേറ്റ സ്റ്റീവ് സ്മിത്തിന് പകരം മര്‍നസ് ലബുഷാഗ്‌നെയെ ഇറക്കിയിരുന്നു. കണ്‍കഷന്‍ സബ്സറ്റിറ്റിയൂട്ട് എന്ന പേരില്‍ ക്രിക്കറ്റ് ചരിത്രത്തിലാദ്യത്തെ മാറ്റമായിരുന്നു അത്.
ഇതുവരെ ക്രിക്കറ്റിലുണ്ടായിരുന്ന പകരക്കാരനില്‍ നിന്ന് വ്യത്യസ്തമായി പകരക്കാരന് ബാറ്റ് ചെയ്യാനും പന്തെറിയാനും കഴിയുമെന്നാതാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിന്റെ പ്രത്യേകത