| Friday, 23rd June 2017, 4:25 pm

'ഞാന്‍ തലകുനിക്കില്ല' ബ്രിട്ടീഷ് പാര്‍ലമെന്റില്‍ രാജ്ഞിക്കുമുമ്പില്‍ എല്ലാവരും തലകുനിച്ചപ്പോള്‍ നിവര്‍ന്നുനിന്ന് ജെറമി കോര്‍ബിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞിയ്ക്കു മുമ്പില്‍ തലകുനിക്കാന്‍ തയ്യാറാവാതെ ജെറമി കോര്‍ബിന്‍. ബുധനാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിക്കാനായി രാഞ്ജിയെത്തിയവേളയിലായിരുന്നു കോര്‍ബിന്‍ ധീരമായി തലയുയര്‍ത്തി തന്നെ നിന്നത്.

രാജ്ഞി പാര്‍ലമെന്റിലേക്കു കടന്നയുടന്‍ സ്പീക്കറും മറ്റ് ഉദ്യോഗസ്ഥരും കോര്‍ബിനു സമീപത്തായുണ്ടായിരുന്ന കണ്‍സര്‍വേറ്റീവ് നേതാവ് തെരേസാ മെയുമെല്ലാം ബഹുമാനസൂചകമായി തലകുനിച്ചു. എന്നാല്‍ കോര്‍ബിന്‍ തലയുയര്‍ത്തി തന്നെ നിന്നു.

അതേസമയം രാജ്ഞിയ്ക്കു മുമ്പില്‍ തലകുനിക്കാത്തതിന്റെ പേരില്‍ കോര്‍ബിനെ ആക്രമിക്കുന്ന നിലപാടാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ സ്വീകരിച്ചത്. കോര്‍ബിന്റെ നടപടിയെ “ദേശത്തിന് അപമാനം” എന്നാണ് ബ്രിട്ടീഷ് പത്രമായ എക്‌സ്പ്രസ്.കോ.യു.കെ വിശേഷിപ്പിച്ചത്.

കോര്‍ബിന്റെ നടപടി രാജ്ഞിയെ അനാദരിക്കലാണെന്നാരോപിച്ച് കോര്‍ബിനെതിരെ ബ്രിട്ടനിലെ സോഷ്യല്‍ മീഡിയകളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഇത്തരമൊരു ചടങ്ങിന്റെ ആവശ്യകതയെന്താണെന്നാണ് കോര്‍ബിന്‍ അനുകൂലികള്‍ ചോദിക്കുന്നത്.

അത്തരമൊരു പ്രോട്ട്രോക്കോള്‍ നിലവിലില്ല എന്നു പറഞ്ഞുകൊണ്ടാണ് കോര്‍ബിന്റെ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി ഇതിനെ പ്രതിരോധിച്ചത്. രാജ്ഞിയെ പാര്‍ലമെന്റിലെ എം.പിമാര്‍ക്കുവേണ്ടി സ്പീക്കര്‍ വണങ്ങുന്ന രീതിയാണ് ഉണ്ടായിരുന്നതെന്നും ലേബര്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.

ഇതാദ്യമായല്ല കോര്‍ബിന്‍ ബ്രിട്ടീഷ് രാജവംശത്തിനു മുമ്പില്‍ തലകുനിക്കാതെ നില്‍ക്കുന്നത്. നേരത്തെ പ്രിവി കൗണ്‍സില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്തും അദ്ദേഹം രാജ്ഞിയ്ക്കു മുമ്പില്‍ തലകുനിക്കാന്‍ തയ്യാറായിരുന്നില്ല.

ആ ചടങ്ങിനു മുന്നോടിയായി ഐ.ടി.വി ന്യൂസിനോടു അദ്ദേഹം പറഞ്ഞത് ” ഞാന്‍ തലകുനിക്കുമെന്ന് പ്രതീക്ഷിക്കേണ്ട. തലകുനിക്കില്ല. എന്നെ പ്രൈവി കൗണ്‍സിലില്‍ നാമനിര്‍ദേശം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അത്രമാത്രം.” എന്നാണ്.

ഇതിനു പുറമേ 2015ല്‍ ഒരു സ്മരണാ ചടങ്ങില്‍ ദേശീയഗാനം ആലപിക്കാത്തതിന്റെ പേരിലും കോര്‍ബിനെതിരെ വിമര്‍ശമുയര്‍ന്നിരുന്നു.

We use cookies to give you the best possible experience. Learn more