| Sunday, 8th October 2023, 2:44 pm

ഇസ്രഈല്‍ അധിനിവേശം അവസാനിപ്പിക്കലാണ് ഏക പരിഹാരം; യുദ്ധം ഭയാനകം: ജെറെമി കോര്‍ബിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ പ്രതികരിച്ച് ബ്രിട്ടനിലെ പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി മുന്‍ നേതാവ് ജെറെമി കോര്‍ബിന്‍ . ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള പോരാട്ടം ഭയാനകരമാണെന്നും അടിയന്തര യുദ്ധവിരാമം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘ആക്രമണത്തിന്റെ അതിദാരുണമായ ഈ ഘട്ടത്തില്‍ നിന്ന് നമുക്കൊരു മോചനം വേണം. അധിനിവേശം അവസാനിപ്പിക്കുക മാത്രമാണ് നീതിയും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള ഏക മാര്‍ഗം,’ ജെറെമി കോര്‍ബിന്‍ എക്‌സില്‍ കുറിച്ചു.

വ്യാപക ആക്രമണം തുടരുന്ന ഇസ്രഈല്‍-ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇന്നലെ മാത്രം 450ലേറെ ആളുകള്‍ കൊല്ലപ്പെട്ടു. 3000ത്തിലധികം പേര്‍ക്ക് പരിക്കേറ്റു. നിരവധിയാളുകളെ ഹമാസ് ബന്ദികളാക്കിയതായി ഇസ്രഈല്‍ സ്ഥിരീകരിച്ചു. ഇസ്രഈല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 232 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1697 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അതേസമയം, ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഇസ്രഈലിന്റെ ഇന്റലിജന്‍സ് സംവിധാനം ചര്‍ച്ചയായി. ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രഈല്‍ സേന തിരിച്ചടി ആരംഭിച്ചെങ്കിലും ശക്തമായ ആക്രമണത്തിന് കാരണമായത് ഇസ്രഈലിന്റെ ഇന്റലിജന്‍സ് സംവിധാനത്തിലുണ്ടായ പാളിച്ചയാണെന്നാണ് വിലയിരുത്തല്‍.

എന്താണ് സംഭവിക്കുന്നതെന്നതിനെ കുറിച്ച് യാതൊരു സൂചനയും ഇല്ലെന്നാണ് ഇസ്രഈല്‍ രഹസ്യാന്വേഷണ സ്ഥാപനമായ മൊസാദിന്റെ മുന്‍ മേധാവി എഫ്രേം ഹാലവി പ്രതികരിച്ചത്.

1973ലെ യോം കിപ്പുര്‍ യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികം കഴിഞ്ഞ് തൊട്ടടുത്തദിവസമാണ് ഹമാസ് സായുധസംഘം ഇസ്രഈലിലേക്ക് കടന്നുകയറി ആക്രമണം നടത്തിയത്. യോം കിപ്പുര്‍ യുദ്ധത്തിന് സമാനമായ ആക്രമാണ് നടന്നിരിക്കുന്നത് എന്നാണ് ഇസ്രഈല്‍ ദേശീയ സുരക്ഷ കൗണ്‍സില്‍ മുന്‍ മേധാവി ജനറല്‍ ജിയോറ ഐലന്‍ഡിന്റെ പ്രതികരണം.

Content Highlights: Jeremy Corbyn reacts on Israel Palestine

We use cookies to give you the best possible experience. Learn more