| Sunday, 8th April 2018, 11:47 pm

ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ നിശബ്ദത പാലിക്കുന്ന പശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ ജെര്‍മി കോര്‍ബിന്‍; ഇസ്രായേലിന് ആയുധം കൊടുക്കുന്നത് ബ്രിട്ടന്‍ നിര്‍ത്തിവെക്കണമെന്നും ലേബര്‍ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: മാധ്യമപ്രവര്‍ത്തകനെയടക്കം ഗാസ അതിര്‍ത്തിയില്‍ നിരപരാധികളെ കൊന്നൊടുക്കിയ ഇസ്രായേലിനെതിരെ നിശബ്ദത പാലിക്കുന്ന പശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍. ഡൗണിംങ് സ്ട്രീറ്റില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് കോര്‍ബിന്റെ വിമര്‍ശനം.

“ഗാസയിലെ ഭൂരിപക്ഷം ജനങ്ങളും അഭയാര്‍ത്ഥികളെ പോലെ കഴിയുന്നവരാണ്. വര്‍ഷങ്ങളോളം അടിസ്ഥാനപരമായ മനുഷ്യാവകാശം പോലും നിഷേധിക്കപ്പെട്ടവര്‍. വെള്ളവും വൈദ്യുതിയുംമടക്കം സന്നദ്ധ സഹായങ്ങളെ ആശ്രയിച്ചാണ് അവിടത്തെ മുന്നല്‍ രണ്ട് ജനതയും കഴിയുന്നത്. അതുകൊണ്ട് ഭീഷണികള്‍ക്കും അധിനിവേശത്തിനുമെതിരെ സ്വന്തം ഭൂമി തിരിച്ചു പിടിക്കാനും സ്വയം നിര്‍ണ്ണയവകാശത്തിനും സമരം നടത്താന്‍ അവര്‍ക്ക് അവകാശമുണ്ട്.

നിരായുധരായ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നത് നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. ഇതിനെ അംഗീകരിക്കാന്‍ കഴിയില്ല. സംഘര്‍ഷമവസാനിപ്പിക്കാന്‍ ഉത്തരവാദിത്വമുള്ള അന്താരാഷ്ട്ര രാജ്യങ്ങളുടെ നിശബ്ദദയെ അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയ ഇസ്രായേലികളെയും ഞങ്ങള്‍ പിന്തുണ പ്രഖ്യാപിക്കുകയാണ്.


Read more:  സിറിയയിലെ രാസാക്രമണം; മൃഗമായ അസദിനെ പിന്തുണയ്ക്കുന്ന പുടിനും ഇറാനും വലിയ വില നല്‍കേണ്ടി വരുമെന്ന് ട്രംപ്


ഗാസയിലെ ഇസ്രായേല്‍ കൊലപാതകത്തില്‍ സ്വതന്ത്രാന്വേഷണം നടത്താനുള്ള യു.എന്‍ സെക്രട്ടറി ജനറലിന്റെ നിര്‍ദേശത്തെ യു.കെ സര്‍ക്കാര്‍ പിന്തുണയ്ക്കണം. ഒപ്പം ഇസ്രായേലിന് ആയുധം വില്‍ക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും കോര്‍ബിന്‍ പറഞ്ഞു.

ഗാസ അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന പലസ്തീന്‍ യുവാവിനെ പിറകില്‍ നിന്ന് വെടിവെച്ചു കൊല്ലുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തു വന്നതോടെ ഇസ്രായേല്‍ പ്രതിസന്ധിയിലായിരുന്നു. പലസ്തീനികള്‍ക്ക് സ്വന്തം മണ്ണ് തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് “ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍” എന്നു വിളിക്കുന്ന പ്രക്ഷോഭത്തില്‍ പതിനായിരങ്ങള്‍ നടത്തിയ പ്രകടനത്തിന് നേരെയാണ് ഇസ്രേല്‍ സൈന്യം വെടിയുതിര്‍ത്തത്.

We use cookies to give you the best possible experience. Learn more