| Saturday, 9th March 2024, 4:18 pm

ആല്‍ബം എഡിറ്റ് ചെയ്യാന്‍ മഹേഷ് നാരായണന്റെ കൈയില്‍ കൊടുത്തു, റഷസ് കണ്ടതും 'എടുത്തോണ്ട് പോടാ' എന്നു പറഞ്ഞു: ജിയോ ബേബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് ജിയോ ബേബി. രണ്ട് പെണ്‍കുട്ടികള്‍, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്നീ സിനിമകള്‍ വേണ്ട രീതിയില്‍ ചര്‍ച്ചയായില്ലെങ്കിലും മൂന്നാമത്തെ സിനിമ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഇന്ത്യ മുഴുവന്‍ ചര്‍ച്ചയായി. ചിത്രം പറയുന്ന ശക്തമായ രാഷ്ട്രീയം സംഘപരിവാറിനെ ചൊടിപ്പിച്ചിരുന്നു. പിന്നീടിറങ്ങിയ ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റിനും ഗംഭീര അഭിപ്രായമായിരുന്നു. കഴിഞ്ഞ വര്‍ഷമിറങ്ങിയ കാതലിനും ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പ്രശംസ ലഭിച്ചിരുന്നു.

സിനിമാമോഹിയായി നടന്ന കാലത്തെ അനുഭവങ്ങള്‍ ക്യൂ സ്റ്റുഡിയോയിലെ ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ പങ്കുവെച്ചു. കുട്ടിക്കാലം മുതല്‍ക്കേ സിനിമാക്കാരനാകണമെന്ന മോഹം ഉണ്ടായിരുന്നെന്നും, പ്രീ ഡിഗ്രിക്ക് ചേര്‍ന്ന സമയം മുതലാണ് സിനിമാമോഹം കലശലാക്കിയതെന്നും ജിയോ പറഞ്ഞു. ആദ്യകാലത്ത് ഒരു ആല്‍ബം ചെയ്തിരുന്നെന്നും അത് എഡിറ്റ് ചെയ്യാന്‍ മഹേഷ് നാരായണന്റെയടുത്താണ് കൊണ്ടുപോയതെന്നും ജിയോ പറഞ്ഞു.

‘കുട്ടിക്കാലം മുതലേ ഇഷ്ടംപോലെ സിനിമകള്‍ കാണുമായിരുന്നു. അന്നുതൊട്ടേ എങ്ങനെയെങ്കിലും സിനിമയില്‍ കേറണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. പ്രീ ഡിഗ്രിക്ക് ചേര്‍ന്ന സമയത്ത് ആഗ്രഹം കലശലായി. ആ സമയത്ത് സിനിമാ മേക്കിങ്ങിന്റെ ചില ടേംസ് പഠിച്ചു. ഷോട്ട്, ടേക്ക് അങ്ങനെയുള്ള വാക്കുകള്‍ ആ സമയത്താണ് പഠിച്ചത്. അപ്പോഴൊക്കെ ഒരു ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഒടുവില്‍ 2005-2006 കാലഘട്ടത്തില്‍ ഒരു ആല്‍ബം ചെയ്തിരുന്നു. ആ സമയത്ത് മഹേഷ് നാരായണന്‍ അറിയപ്പെടുന്ന എഡിറ്ററാണ്. വി.കെ പ്രകാശിന്റെ സിനിമയിലൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു.

മഹേഷിന്റെ ഒരു ഫ്രണ്ട് ഉണ്ട്, നോബിന്‍. അവനാണ് ഞങ്ങളെ മഹേഷിന്റെയടുത്ത് ഞങ്ങളെ കൊണ്ട് ചെല്ലുന്നത്. ഞങ്ങള്‍ ചെയ്തതിന്റെ റഷസ് കണ്ടിട്ട് എടുത്തോണ്ട് പോടാ എന്ന് പറഞ്ഞിരുന്നു. അത്രക്ക് അബദ്ധമായിരുന്നു അത്. നീല്‍ ഡി കുഞ്ഞാണ് അത് ഷൂട്ട് ചെയ്തത്. മഹേഷ് ഒടുവില്‍ എന്തൊക്കെയോ ചെയ്ത് അത് അത്യാവശ്യം നന്നാക്കി കൈയില്‍ തന്നു. അത് റിലീസ് ചെയ്ത ശേഷം മിസ്റ്റ് എന്ന് പറയുന്ന പ്രോഗ്രാമിലൊക്കെ ഇട്ടിട്ടുണ്ടായിരുന്നു,’ ജിയോ ബേബി പറഞ്ഞു.

Content Highlight: Jeo Bbay shares old experience with Mahesh Narayanan

Latest Stories

We use cookies to give you the best possible experience. Learn more