| Wednesday, 6th December 2023, 9:57 pm

മടപ്പള്ളി കോളേജിന്റെ ഫെസ്റ്റിൽ ജിയോ ബേബി പങ്കെടുക്കും; വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതാണ് കേരളത്തിലെ കലാലയങ്ങളുടെ 'കാതൽ' എന്ന് എസ്.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എസ്.എഫ്.ഐ നേതൃത്വം നൽകുന്ന മടപ്പള്ളി കോളേജ് യൂണിയൻ സംഘടിപ്പിക്കുന്ന മാച്ചിനാരി ഫെസ്റ്റിൽ സംവിധായകൻ ജിയോ ബേബി പങ്കെടുക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ.

വൈവിധ്യങ്ങളെ അംഗീകരിക്കുന്നതും ഉൾക്കൊള്ളുന്നതുമാണ് കേരളത്തിലെ കലാലയങ്ങളുടെ ‘കാതൽ’ എന്നും അതിന് അപവാദമായ നീക്കങ്ങൾ എതിർക്കപ്പെടേണ്ടതും ആവർത്തിക്കപ്പെടാൻ പാടില്ലാത്തതുമാണെന്നും ആർഷോ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫാറൂഖ് കോളേജിലെ ഫിലിം ക്ലബ്ബിന്റെ പരിപാടിയിൽ ഉദ്ഘാടകനായി തന്നെ ക്ഷണിച്ച ശേഷം പരിപാടി റദ്ദ് ചെയ്തുവെന്ന് ജിയോ ബേബി പറഞ്ഞിരുന്നു.

കോഴിക്കോട് എത്തിയതിനുശേഷം ആണ് പരിപാടി ക്യാൻസൽ ചെയ്തതായി താൻ അറിയുന്നതെന്നും താൻ അപമാനിക്കപ്പെട്ടു എന്നും ജിയോ ബേബി പറഞ്ഞിരുന്നു.

സംവിധായകന്റെ പരാമർശങ്ങൾ കോളേജിന്റെ ധാർമിക മൂല്യങ്ങൾക്ക് എതിരായതിനാൽ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളേജ് വിദ്യാർത്ഥി യൂണിയൻ സഹകരിക്കില്ലെന്ന് അറിയിച്ച് സ്റ്റുഡൻസ് യൂണിയന്റെ കത്ത് ജിയോ ബേബിക്ക് ഫോർവേഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു.

കോളേജ് വിദ്യാർത്ഥി യൂണിയൻ പരിപാടിയുമായി സഹകരിക്കില്ലെന്നും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും അറിയിച്ചപ്പോൾ അതിഥിക്ക് പ്രയാസം ഉണ്ടാകാതിരിക്കാനാണ് പരിപാടി മാറ്റിവെച്ചതെന്ന് കോളേജ് വിശദീകരണവുമായി രംഗത്ത് വന്നിരുന്നു.

പരിപാടിയിൽ നിന്ന് സംവിധായകൻ ജിയോ ബേബിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഫാറൂഖ് കോളേജ് ഫിലിം ക്ലബ് കോർഡിനേറ്ററായ അധ്യാപകൻ മൻസൂർ അലി പദവിയിൽ നിന്ന് രാജി വെച്ചിരുന്നു.

Content Highlight: Jeo baby will participate in Madappally college fest; Campuses in Kerala include diversity says SFI

We use cookies to give you the best possible experience. Learn more