മമ്മൂട്ടി, ജ്യോതിക എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ കാതല്‍ ദി കോര്‍ റിലീസ് ചെയ്തിരികുകയാണ്. റിലീസ് ദിനം മുതല്‍ മികച്ച അഭിപ്രായമാണ് ജിയോ ബേബി സംവിധാനം ചെയ്ത കാതലിന് ലഭിക്കുന്നത്.
ചിത്രത്തില്‍ മമ്മൂട്ടിയും ജ്യോതികയും തമ്മിലുള്ള ഒരു ഇമോഷണല്‍ രംഗത്തില്‍ എന്റെ ദൈവമേ എന്ന് വിളിക്കുന്ന ഡയലോഗ് വലിയ ചര്‍ച്ചയായിരുന്നു. ഈ ഡയലോഗ് സ്‌ക്രിപ്റ്റിലുണ്ടായിരുന്നില്ലെന്നും മമ്മൂട്ടിയുടെ കോണ്‍ട്രിബ്യൂഷനായിരുന്നു എന്നും പറയുകയാണ് സംവിധായകന്‍ ജിയോ ബേബി. വേണമെങ്കില്‍ അത് കട്ട് ചെയ്‌തോളാന്‍ മമ്മൂട്ടി പറഞ്ഞിരുന്നുവെന്നും എന്നാല്‍ താന്‍ അത് ചെയ്തില്ലെന്നും ജിയോ ബേബി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദൈവമേ എന്നുള്ള വിളി സ്‌ക്രീന്‍ പ്ലേയിലില്ല. ഇന്നതൊക്കെയാണ് പറയുന്നതെന്ന് മമ്മൂക്കക്കും ജ്യോതികക്കും അറിയാം. പിന്നെ ഇവരങ്ങ് ചെയ്യുകയാണ്. ഞാന്‍ ഇങ്ങനെയൊരു സാധനം കയ്യില്‍ നിന്നുമിട്ടിട്ടുണ്ട്, തനിക്ക് വേണ്ടെങ്കില്‍ താനത് കളഞ്ഞോളാന്‍ മമ്മൂക്ക പറഞ്ഞിരുന്നു. വേറെ ഒരു ഷോട്ട് ബാക്കില്‍ നിന്നുമെടുത്തിരുന്നു.
പിന്നെ ആ ഷോട്ട് കണ്ട് നോക്കിയപ്പോള്‍ അത് ഓക്കെയാണ്. എഴുതാത്ത സാധനം പറഞ്ഞതുകൊണ്ട് ഞാന്‍ വീണ്ടും കണ്ടു. അത് വേണ്ടെങ്കില്‍ കളഞ്ഞേക്ക്, ഇല്ലെങ്കില്‍ സൗണ്ട് കുറച്ച് ഞാന്‍ ഡബ്ബ് ചെയ്ത് തരാം എന്ന് മമ്മൂക്ക പറഞ്ഞിരുന്നു. അങ്ങനെയൊക്കെ പറഞ്ഞെങ്കില്‍ നമ്മള്‍ അത് തന്നെയാണ് വെച്ചിരിക്കുന്നത്. ആദ്യത്തെ ടേക്കില്‍ തന്നെയാണ് അത് വന്നിരിക്കുന്നതും,’ ജിയോ ബേബി പറഞ്ഞു.
നവംബര്‍ 23നാണ് കാതല്‍ ദി കോര്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ആണ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന കാതല്‍ തിയേറ്ററുകളിലെത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണ് കാതല്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കാതല്‍ ദി കോര്‍. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: Jeo baby talks about the contributed dialogue by mammootty in kaathal the core