കാതലിന്റെ കഥകേട്ട് മമ്മൂക്ക ഒരേയൊരു കാര്യം മാത്രമാണ് എന്നോട് ചോദിച്ചത്: ജിയോ ബേബി
Entertainment
കാതലിന്റെ കഥകേട്ട് മമ്മൂക്ക ഒരേയൊരു കാര്യം മാത്രമാണ് എന്നോട് ചോദിച്ചത്: ജിയോ ബേബി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th October 2024, 12:44 pm

മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതല്‍. സ്വവര്‍ഗാനുരാഗം പ്രമേയമായി വന്ന ചിത്രം ഈ വര്‍ഷത്തെ മികച്ച സിനിമക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു. മമ്മൂട്ടിയെ പോലൊരു സൂപ്പര്‍സ്റ്റാര്‍ ഹോമോസെക്ഷ്വല്‍ കഥാപാത്രത്തെ അവതരിപ്പിച്ചതിനെ ഇന്ത്യന്‍ സിനിമയിലെ പലരും അഭിനന്ദിച്ചിരുന്നു. ചിത്രം നിര്‍മിച്ചതും മമ്മൂട്ടി തന്നെയായിരുന്നു.

കാതല്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജിയോ ബേബി. കാതലിലെ മാത്യു ദേവസ്യയായി മമ്മൂട്ടിയെ കണ്‍വിന്‍സ് ചെയ്യിക്കേണ്ട ആവശ്യമൊന്നും വന്നില്ലെന്നും കഥ കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് ഇഷ്ടമായെന്നും ജിയോ ബേബി പറയുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളാണ് മമ്മൂട്ടി അന്വേഷിക്കുന്നതെന്നും സിനിമയുടെ കഥ പറഞ്ഞപ്പോള്‍ ആകെ ഒരു കാര്യം മാത്രമാണ് മമ്മൂട്ടി തന്റെ അടുത്ത് ചോദിച്ചതെന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു.

സിനിമക്ക് നിര്‍മാതാവിനെ കിട്ടിയോയെന്നും ഇല്ലെങ്കില്‍ താന്‍ പ്രൊഡ്യൂസ് ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞെന്നും ജിയോ പറയുന്നു. കാതലിലെ എല്ലാ മനുഷ്യരും നിഷ്‌കളങ്കരാണെന്നും സാമൂഹിക വ്യവസ്ഥയാണ് അവരെ അങ്ങനെ ആക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിയോ ബേബി.

‘മമ്മൂട്ടിയെ ആ കഥാപാത്രത്തിന് വേണ്ടി കണ്‍വിന്‍സ് ചെയ്യേണ്ട ആവശ്യമൊന്നും വന്നിട്ടില്ല. അദ്ദേഹത്തിന്റെ അടുത്ത് പോയി കഥ പറഞ്ഞു. അദ്ദേഹത്തിനത് ഇഷ്ടമായി. മമ്മൂട്ടി സാര്‍ ആകെ ചോദിച്ചൊരു കാര്യം ഈ സിനിമക്ക് നിങ്ങള്‍ക്ക് നിര്‍മാതാവിനെ കിട്ടിയോ എന്നുള്ളതാണ്. ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തന്നെ ഈ ചിത്രം നിര്‍മിക്കാം അത് നിങ്ങള്‍ക്ക് ഓക്കേ ആണോയെന്ന് അദ്ദേഹം എന്നോട് ചോദിച്ചു.

മമ്മൂട്ടി സാര്‍ ഇത്തരം കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളാണ് അദ്ദേഹത്തിന് വേണ്ടത്. മമ്മൂട്ടി സാര്‍ ഈ സിനിമയിലേക്ക് വന്നതിന് ശേഷം സിനിമയുമായി ബന്ധപ്പെട്ട എല്ലാം കുറച്ച് കൂടെ ഈസി ആയി നടന്നു.

കാതലിലെ എല്ലാ മനുഷ്യരും വളരെ നിഷ്‌കളങ്കരായവരാണ്. ആ പള്ളീലച്ചനടക്കം. പിന്നെ എന്തുകൊണ്ടാണ് ആളുകള്‍ എങ്ങനെയെന്ന് ചോദിച്ചാല്‍ അത് കാലങ്ങളായിട്ട് നമ്മള്‍ കണ്ടുവരുന്ന ചില സാമൂഹിക വ്യവസ്ഥമൂലമാണ്,’ ജിയോ ബേബി പറയുന്നു.

Content Highlight: Jeo Baby Talks About Kaathal-The Core Movie And Mamootty