സ്വാതന്ത്ര്യം, അടുക്കള എന്നീ രണ്ട് വാക്കുകളിലാണ് ജിയോ ബേബിയുടെ ചിത്രങ്ങളെ വിശേഷിപ്പിക്കാറുള്ളത്. പുതിയ ചിത്രമായ ശ്രീധന്യ കാറ്ററിങ് സര്‍വീസിലൂടെയും അടുക്കളയുടെ കഥ തന്നെയാണ് അദ്ദേഹം പറയുന്നത്. റിലേഷന്‍ഷിപ്പിലുള്ള തന്റെ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുകയാണ് ജിയോ ബേബി. റിലേഷന്‍ഷിപ്പുകളിലാണ് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യമില്ലായ്മ അനുഭവിക്കുന്നതെന്നും ഒരു ബന്ധത്തില്‍ സ്വാതന്ത്ര്യം ഉണ്ടാകുമ്പോഴാണ് സ്‌നേഹം കൂടുന്നതെന്നും ജിയോ ബേബി പറയുന്നു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലാണ് റിലേഷന്‍ഷിപ്പിലും സ്വാതന്ത്ര്യത്തിലുമുള്ള തന്റെ കാഴ്ചപ്പാടുകളെ പറ്റി ജിയോ ബേബി പറഞ്ഞത്.
‘വിസിബിലിറ്റി ഇല്ലാത്ത ഫ്രീഡം ഇഷ്യൂസ് ഉണ്ട്. റിലേഷന്‍ഷിപ്പിലാണ് ഏറ്റവും കൂടുതല്‍ സ്വാതന്ത്യമില്ലായ്മ അനുഭവിക്കുന്നത്. കല്യാണം കഴിച്ച് കഴിഞ്ഞാല്‍ ആരേയും പ്രണയിക്കാന്‍ പോലും പറ്റാത്ത സ്വാതന്ത്ര്യമില്ലായ്മയാണ്. എല്ലാവരും പ്രണയിക്കുന്നുണ്ട്, പക്ഷേ ആരും അത് അറിയാന്‍ പാടില്ല. ഭയങ്കര റെസ്ട്രിക്ഷനാണ്. കുട്ടികളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. അവരോട് എന്തെല്ലാം നോ ആണ് പറയുന്നതെന്ന് മനസിലാക്കി എടുക്കണമെങ്കില്‍ തന്നെ കുറെ സമയം എടുക്കും. അങ്ങനെ എല്ലാ തരത്തിലും സ്വാതന്ത്യമില്ലായ്മയുടെ ലോകത്താണ് ജീവിക്കുന്നത്.
ഞാന്‍ എപ്പോഴും റിലേഷന്‍ഷിപ്പിലെ ഫ്രീഡത്തെ കുറിച്ച് ആലോചിക്കാറുണ്ട്. ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും റിലേഷന്‍ഷിപ്പുമായി ബന്ധമുണ്ട്. അമ്മക്ക് ഇഷ്ടപ്പെടില്ല, അച്ഛന് ഇഷ്ടപ്പെടില്ല, ഹസ്‌ബെന്റിന് ഇഷ്ടപ്പെടില്ല എന്നുള്ളത് ചിന്തിക്കും. ഒരു ബന്ധത്തില്‍ സ്വാതന്ത്ര്യം ഉണ്ടാകുമ്പോഴാണ് നമുക്ക് സ്‌നേഹം കൂടുക. എന്റെ ഭാര്യ ബീന ഇപ്പോള്‍ അവെയറാണ് അതിനെക്കുറിച്ച്. ഞങ്ങള്‍ ഇപ്പോള്‍ സംസാരിക്കുന്നത് എക്‌സ്ട്രാ മാരിറ്റല്‍ അഫെയറിനെ പറ്റിയൊക്കെയാണ്. അതൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറയണമെന്നുള്ള രീതിയിലോട്ടൊക്കെ ഞങ്ങള്‍ എത്തുന്നുണ്ട്.
ഞങ്ങള്‍ ഇന്റര്‍കാസ്റ്റ് അറേഞ്ച്ഡ് മാര്യേജാണ്. ഞങ്ങള്‍ തമ്മില്‍ കല്യാണത്തിന് മുമ്പ് ഒരു രണ്ട് മാസത്തെ പരിചയമേ ഉള്ളൂ. ഞാനായിരിക്കില്ല നിന്റെ ഒരു പെര്‍ഫെക്റ്റ് പാര്‍ട്ണര്‍ എന്ന് ഞാന്‍ ബീനയോട് പറയാറുണ്ട്. നമ്മള്‍ ഭാരത് മാട്രിമോണിയിലൂടെ കണ്ടുമുട്ടിയ രണ്ട് മനുഷ്യരാണ്. നമ്മുടെ ഇന്ററസ്റ്റുകള്‍ വ്യത്യസ്തമാകാം. കറക്റ്റ് ആയിട്ട് കണക്റ്റ് ആവുന്ന ഒരു മനുഷ്യനെ നീ കണ്ടെത്തി പ്രേമിക്കാന്‍ പറയും, പക്ഷേ കല്യാണം കഴിക്കണ്ട. കല്യാണം എന്ന് പറയുന്നത് അബദ്ധമാണല്ലോ. സ്വാതന്ത്ര്യമില്ലായ്മയിലേക്ക് കരാര്‍ എഴുതി കൊടുത്തിട്ട് നമ്മള്‍ കേറി ചെല്ലുന്നതാണ്. കല്യാണം കഴിക്കണ്ട, അയാളുടെ കൂടെ സമയം സ്‌പെന്റ് ചെയ്യാമല്ലോ.
മിക്കവാറും ഇപ്പോള്‍ എന്റെ ഫോണെടുത്ത് നോക്കിയാല്‍ അവളുടെ കുറെ മെസേജ് കാണും എനിക്കൊരാളെ പ്രേമിക്കാന്‍ തോന്നുന്നുണ്ടെന്ന്. ഡു ഇറ്റ് എന്ന് ഞാന്‍ പറയും. എന്തെങ്കിലും റിലേഷന്‍ഷിപ്പുണ്ടേല്‍ എന്നോട് പറയണ്ട, അതങ്ങ് എന്‍ജോയ് ചെയ്യണം,’ ജിയോ ബേബി പറഞ്ഞു.
Content Highlight: Jeo Baby talks about his views on freedom in relationship