സിനിമയ്ക്ക് മേല്‍ മത-രാഷ്ട്രീയ സെന്‍സറിങ്, എനിക്ക് ഭയം: ജിയോ ബേബി
Film News
സിനിമയ്ക്ക് മേല്‍ മത-രാഷ്ട്രീയ സെന്‍സറിങ്, എനിക്ക് ഭയം: ജിയോ ബേബി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd February 2024, 11:10 am

ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ തനിക്ക് ഭയം തോന്നുന്നുവെന്നും. സിനിമയ്ക്ക് മേല്‍ മതപരമായും രാഷ്ട്രീയപരമായും സെന്‍സറിങ് നടക്കുകയാണെന്നും സംവിധായകന്‍ ജിയോ ബേബി. ഇത് സംവിധായകരെയോ നിര്‍മാതാക്കളെയോ മാത്രമല്ല, അഭിനേതാക്കളെയും ബാധിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.

നിര്‍ഭാഗ്യവശാല്‍, അടുത്തിടെ ഒരു സിനിമ പിന്‍വലിച്ചത് പോലെ ആളുകള്‍ ഈ സെന്‍സറിങ്ങിന് വഴങ്ങുകയാണെന്നും അതുവഴി തങ്ങള്‍ കുറ്റം ചെയ്യുകയാണെന്ന് അവര്‍ സ്വയം അംഗീകരിക്കുകയാണെന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു. അത് സിനിമയ്‌ക്കോ കലാകാരന്മാര്‍ക്കോ സമൂഹത്തിനോ നല്ലതല്ലെന്ന് പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജിയോ ബേബി പറഞ്ഞു.

‘ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ എനിക്ക് ഭയം തോന്നുന്നു. സിനിമയ്ക്ക് മേല്‍ മതപരമായും രാഷ്ട്രീയപരമായും സെന്‍സറിങ് നടക്കുകയാണ്. ഇത് സംവിധായകരെയോ നിര്‍മാതാക്കളെയോ മാത്രമല്ല, അഭിനേതാക്കളെയും ബാധിക്കുന്നതാണ്.

നിര്‍ഭാഗ്യവശാല്‍, ആളുകള്‍ അതിന് വഴങ്ങുന്നു. അടുത്തിടെ ഒരു സിനിമ പിന്‍വലിച്ചത് പോലെ. ഫലത്തില്‍, തങ്ങള്‍ ഒരു കുറ്റകൃത്യമോ മറ്റെന്തെങ്കിലുമോ ചെയ്യുകയാണെന്ന് അവര്‍ സ്വയം അംഗീകരിക്കുകയാണ്. അത് സിനിമയ്‌ക്കോ കലാകാരന്മാര്‍ക്കോ സമൂഹത്തിനോ നല്ലതല്ല.

ഇത്തരത്തിലുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനോ സ്ട്രീം ചെയ്യുന്നതിനോ വേണ്ടി നമ്മള്‍ പുതിയ പ്ലാറ്റ്‌ഫോമുകള്‍ കണ്ടെത്തണം. സാമൂഹിക വ്യവസ്ഥയ്ക്കെതിരെ പോരാടുന്നതിന് നമ്മളെല്ലാവരും ഒരുമിക്കണമെന്നാണ് ഞാന്‍ കരുതുന്നത്.

ചില സമയങ്ങളില്‍ ഒരുപാട് കലാകാരന്മാര്‍ അവരുടെ കലയുടെ പേരില്‍ ജയിലിലാകാന്‍ സാധ്യതയുണ്ട്. അതിനാല്‍, ഞാന്‍ ഭയപ്പെടുന്നു. എന്നാല്‍ നമ്മള്‍ ഒരുമിച്ച് പോരാടിയാല്‍ നമ്മള്‍ ഇതില്‍ വിജയിക്കും. എനിക്കറിയാം. കലയിലൂടെ പ്രതീക്ഷയുണ്ട്,’ ജിയോ ബേബി പറയുന്നു.

Content Highlight: Jeo Baby Talks About Censorship In Indian Movies