ജിയോ ബേബിയുടെ സംവിധാനത്തിൽ പുറത്തിറങ്ങി വലിയ രീതിയിൽ ചർച്ചയായി മാറിയ ചിത്രമായിരുന്നു ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. നിമിഷ സജയൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം നിരൂപക പ്രശംസയ്‌ക്കൊപ്പം നിരവധി പുരസ്‌കാരങ്ങളും നേടിയിരുന്നു. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയാണ് ജിയോ ബേബി.
ജീവിതത്തിൽ ഒരു ഘട്ടത്തിൽ രാവിലെ മുതൽ രാത്രി വരെ അടുക്കള പണിയെടുക്കേണ്ടി വന്നപ്പോഴാണ് താൻ സ്ത്രീകളെ കുറിച്ച് ചിന്തിച്ചതെന്നും ഇങ്ങനെയൊരു കഥ ആലോചിക്കാൻ പ്രചോദനം നൽകിയത് തന്റെ പാർട്ണറും അനിയത്തിയുമാണെന്നും ജിയോ പറഞ്ഞു. സിനിമയിലെ സുരാജ് താൻ തന്നെയാണെന്നും ഫെമിനിസം എന്താണെന്ന് ജീവിതം കൊണ്ടാണ് മനസിലാക്കേണ്ടതെന്നും മലയാള മനോരമ കോൺക്ലേവിൽ ജിയോ ബേബി പറഞ്ഞു,
‘അടുത്ത സിനിമ ഇങ്ങനെ രാഷ്ട്രീയം പറയുന്നതാവണം എന്ന് കരുതിയില്ല ചെയ്യുന്നത്. എനിക്ക് കൂടുതൽ അറിയാവുന്ന കാര്യങ്ങളാണ് സിനിമയിൽ ചെയ്യാൻ ശ്രമിക്കാറുള്ളത്. ഗ്രേറ്റ് ഇന്ത്യൻ കിച്ചണിനെ കുറിച്ച് പറയുമ്പോൾ അതിലെ നിമിഷയും സുരാജുമെല്ലാം ഞാൻ തന്നെയാണ്. ഞാൻ ജീവിച്ച ഒരു ജീവിതമാണ് നിമിഷയിലേക്ക് കൊണ്ടുവന്നത്.
അതുപോലെ രാവിലെ മുതൽ രാത്രി വരെ ഒരു അടുക്കളയിൽ പണിയെടുക്കുമ്പോഴാണ് ഞാൻ പെണ്ണുങ്ങളെ കുറിച്ച് ആലോചിക്കുക. കേരളത്തിലെ ഒരു സാധാരണ വീട്ടിൽ ജനിച്ചു വളരുന്ന ഒരു ആൺകുട്ടിയുടെ എല്ലാ പ്രിവിലേജുമുള്ള ഒരാൾ തന്നെയായിരുന്നു ഞാൻ. ജീവിതത്തിൽ ഒരു ഘട്ടത്തിൽ എനിക്ക് ഇങ്ങനെ പണി ചെയ്യേണ്ടി വന്നപ്പോൾ എനിക്കൊരു സിനിമ കാണാൻ പറ്റുന്നില്ല, വായിക്കാൻ പറ്റുന്നില്ല, എഴുതാൻ പറ്റുന്നില്ല. എനിക്ക് ഭ്രാന്തായി.
അപ്പോൾ ഞാൻ എന്റെ കൂട്ടുക്കാരികളെ പറ്റിയും എന്റെ പാർട്ണറിനെ പറ്റിയും അനിയത്തിയെ പറ്റിയും, അമ്മയെ പറ്റിയുമെല്ലാം ആലോചിച്ചു. ഞാൻ അവരോടൊക്കെയാണ് പറഞ്ഞത്, ഇങ്ങനെയൊരു സിനിമയെടുക്കാൻ ആലോചിക്കുന്നുണ്ടെന്ന്. പെണ്ണുങ്ങളുടെ ജീവിതം വലിയ പ്രശ്നമാണല്ലേ എന്ന് ചോദിച്ചപ്പോൾ, ഞങ്ങൾ പറഞ്ഞു തരാമെന്ന് പറഞ്ഞത് അവരാണ്. എന്റെ അനിയത്തിയും പാർട്ണറുമാണ് എനിക്ക് ഏറ്റവും കൂടുതൽ പ്രചോദനം നൽകിയത്.
എന്റെ കൂട്ടുക്കാരികളൊടെല്ലാം ഇതിനെ കുറിച്ച് പറഞ്ഞപ്പോൾ അവരെല്ലാം ഒരുപാട് കഥകൾ എന്റെ മേൽ വന്നു തട്ടുകയാണ്. അതിന്റെയെല്ലാം ഓരോ അംശങ്ങൾ ചേർത്തുണ്ടാക്കിയതാണ് ആ ചിത്രം. അതിൽ തീർച്ചയായും സുരാജ് ഞാൻ തന്നെയാണല്ലോ. പുരുഷൻ എവിടെ നിൽക്കുന്നു സ്ത്രീ എവിടെ നിൽക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് ഫെമിനിസം എന്താണെന്ന് ജീവിതം കൊണ്ട് മനസിലാക്കണം, അല്ലാതെ വായനയിലൂടെയോ എഴുത്തിലൂടെയോ ഒന്നുമല്ല. അത് മനസിലാവുന്ന നിമിഷമാണ് ആ സിനിമ ചെയ്യുന്നത്,’ജിയോ ബേബി പറയുന്നു.
Content Highlight: Jeo Baby Talk About The Great Indian Kitchen Movie