നവാഗതനായ നഹാസ് ഹിദായത്തിന്റെ സംവിധാനത്തിൽ കഴിഞ്ഞ വർഷം തിയേറ്ററിൽ എത്തി വലിയ വിജയമായ ചിത്രമായിരുന്നു ആർ. ഡി.എക്സ്.
ഷെയ്ൻ നിഗം, ആന്റണി വർഗീസ് പെപ്പേ, നീരജ് മാധവ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയിൽ ഹിറ്റായി മാറിയിരുന്നു. സാം സി. എസ് ഒരുക്കിയ നീല നിലവെ എന്ന ഗാനം കേരളത്തിന് പുറത്തും ശ്രദ്ധിക്കപ്പെട്ടു.
ഈ ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജിയോ ബേബി. നീല നിലവെ പോലുള്ള ഗാനങ്ങൾ മലയാള സിനിമയിൽ കണ്ടിട്ട് കുറച്ചായെന്നും തനിക്ക് അങ്ങനെയൊരു പാട്ട് ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നുവെന്നും ജിയോ ബേബി പറയുന്നു.
നഹാസ് ചെയ്തത് കൊണ്ട് ഉടനെ താനത് ചെയ്യുന്നില്ലെന്നും സംവിധായകരായ പ്രിയദർശനും ലാൽജോസുമെല്ലാം എക്സ്പ്ലോർ ചെയ്ത ഭാഗമാണ് അതെന്നും അദ്ദേഹം പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു ജിയോ.
‘ആർ. ഡി.എക്‌സിലെ നീല നിലവെ പോലുള്ള പാട്ടുകളുള്ള സിനിമകൾ കണ്ടിട്ട് ഇപ്പോൾ കുറച്ചുനാളായി. മലയാള സിനിമയിൽ ഒരു സമയത്ത് അങ്ങനെയുള്ള പാട്ടുകൾ ഒരുപാട് ഉണ്ടായിരുന്നു.
ആ പാട്ടിൽ ലിപ് ഉണ്ട്, ബാക്ക്ഗ്രൗണ്ടിൽ ഡാൻസേർസ് ഉണ്ട്. ഞാനും ആലോചിച്ചിരുന്നു, ഒരു സിനിമ ചെയ്യുമ്പോൾ അങ്ങനെയൊക്കെ ചെയ്യണമെന്ന്. നഹാസ് ചെയ്തത് കൊണ്ട് ഇനി ഉടനെ ഞാൻ ചെയ്യുന്നില്ല. അങ്ങനെ കണ്ടിട്ട് കുറച്ച് നാളായി. ബാക്ക്ഗ്രൗണ്ടിലെ ഡാൻസുകളും കളർ ഫുള്ളായിട്ടുള്ള പരിപാടിയൊക്കെ.
പ്രിയദർശനും ലാൽജോസ് സാറും കമൽസാറുമൊക്കെ എക്സ്പ്ലോർ ചെയ്ത ഒരു ഏരിയയാണ്. പക്ഷെ കുറച്ച് നാളായി മലയാളത്തിൽ അത് വന്നിട്ട്. ഞാൻ അതിനെ കുറിച്ചൊക്കെ ചിന്തിക്കുമ്പോൾ പ്രേക്ഷകർക്കും അത് കണക്റ്റ് ആവണം. എന്നാൽ മാത്രമേ ഒരു സംവിധായകൻ എന്ന നിലയിൽ നിലനിൽപ്പുള്ളൂ,’ജിയോ ബേബി പറയുന്നു.
Content Highlight: Jeo baby Talk About RDX movie Neela Nilave Song