മലയാള സിനിമയിൽ നിരവധി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകരാണ് പ്രിയദർശൻ, ലാൽ ജോസ്, കമൽ എന്നിവരെല്ലാം. എന്നും പ്രേക്ഷകർക്ക് ഇഷ്ടമാവുന്ന വിധത്തിലുള്ള ചിത്രങ്ങളാണ് അവർ ഒരുക്കിയിട്ടുള്ളത്. തങ്ങളുടെ ചിത്രത്തിലെ ഗാനങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന സംവിധായകരാണ് മൂവരും.
മലയാളത്തിൽ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ പല ഗാനങ്ങളും പ്രിയദർശൻ, കമൽ തുടങ്ങിയ സംവിധായരുടെ സിനിമകളിൽ ഉള്ളവയാണ്. മലയാള സിനിമയിൽ ഇപ്പോൾ ഗാനങ്ങൾ കുറവാണെന്നും അവരെല്ലാം എക്സ്പ്ലോർ ചെയ്ത ആ ഏരിയാ തനിക്കും പരീക്ഷിക്കണമെന്നുണ്ടെന്നും സംവിധായകൻ ജിയോ ബേബി പറയുന്നു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രിയദർശനും ലാൽജോസ് സാറും കമൽസാറുമൊക്കെ എക്സ്പ്ലോർ ചെയ്ത ഒരു ഏരിയയാണ്. പക്ഷെ കുറച്ച് നാളായി മലയാളത്തിൽ അത് വന്നിട്ട്. ഞാൻ അതിനെ കുറിച്ചൊക്കെ ചിന്തിക്കുമ്പോൾ പ്രേക്ഷകർക്കും അത് കണക്റ്റ് ആവണം. എന്നാൽ മാത്രമേ ഒരു സംവിധായകൻ എന്ന നിലയിൽ നിലനിൽപ്പുള്ളൂ,’ജിയോ ബേബി പറയുന്നു.
ആർ. ഡി. എക്‌സിലെ നീല നിലവേ പോലുള്ള ഗാനങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ട് നാളേറെയായെന്നും ഒരു സിനിമ ചെയ്യുമ്പോൾ അത്തരത്തിലുള്ള ഗാനം ഉൾപ്പെടുത്തണമെന്ന് താനും ആഗ്രഹിച്ചിരുന്നുവെന്നും ജിയോ കൂട്ടിച്ചേർത്തു.
‘ആർ. ഡി.എക്‌സിലെ നീല നിലവെ പോലുള്ള പാട്ടുകളുള്ള സിനിമകൾ കണ്ടിട്ട് ഇപ്പോൾ കുറച്ചുനാളായി. മലയാള സിനിമയിൽ ഒരു സമയത്ത് അങ്ങനെയുള്ള പാട്ടുകൾ ഒരുപാട് ഉണ്ടായിരുന്നു.
ആ പാട്ടിൽ ലിപ് ഉണ്ട്, ബാക്ക്ഗ്രൗണ്ടിൽ ഡാൻസേർസ് ഉണ്ട്. ഞാനും ആലോചിച്ചിരുന്നു, ഒരു സിനിമ ചെയ്യുമ്പോൾ അങ്ങനെയൊക്കെ ചെയ്യണമെന്ന്. നഹാസ് ചെയ്തത് കൊണ്ട് ഇനി ഉടനെ ഞാൻ ചെയ്യുന്നില്ല. അങ്ങനെ കണ്ടിട്ട് കുറച്ച് നാളായി. ബാക്ക്ഗ്രൗണ്ടിലെ ഡാൻസുകളും കളർ ഫുള്ളായിട്ടുള്ള പരിപാടിയൊക്കെ,’ജിയോ ബേബി പറയുന്നു.
Content Highlight: Jeo baby Talk About Priyadarshan, Laljose, Kamal