പ്രമേയം കൊണ്ടും അവതരണം കൊണ്ടും വലിയ രീതിയിൽ ശ്രദ്ധ നേടിയ മമ്മൂട്ടി ചിത്രമായിരുന്നു കഴിഞ്ഞ വർഷം മലയാളത്തിൽ ഇറങ്ങിയ കാതൽ ദി കോർ.
ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു വിവിധ ഭാഷകളിൽ നിന്നും ലഭിച്ചത്. തെന്നിന്ത്യൻ താരം ജ്യോതികയായിരുന്നു ചിത്രത്തിലെ നായിക. മമ്മൂട്ടിയുടെ സിനിമ തെരഞ്ഞെടുപ്പുകളിൽ വലിയ പ്രശംസ നേടികൊടുത്ത ചിത്രം കൂടെയായിരുന്നു കാതൽ. കാതലിന് ശേഷം മമ്മൂട്ടിയുമൊത്ത് മറ്റൊരു സിനിമ ഉണ്ടാവുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ജിയോ ബേബി.
അതിനെ കുറിച്ചൊന്നും തീരുമാനിച്ചിട്ടില്ലെന്നും വീണ്ടും സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറയുന്നു. ആടുജീവിതം സിനിമയുടെ ഓഡിയോ ലോഞ്ചിന് വന്നപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അറിയില്ല, ഉണ്ടായിവരണം. അങ്ങനെയൊരു സിനിമ ഉണ്ടാവട്ടെയെന്ന് ആഗ്രഹിക്കുന്നു. പുതിയ സിനിമയൊന്നും ആയിട്ടില്ല,’ജിയോ ബേബി പറയുന്നു.
ആടുജീവിതം സിനിമയെ കുറിച്ചും ജിയോ ബേബി സംസാരിച്ചു. മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ചിത്രം മലയാളത്തിന് ഒരു അഭിമാനമാണെന്നും. വലിയ ടെക്നീഷ്യൻമാർ മലയാളത്തിൽ വന്ന് വർക്ക് ചെയ്ത ചിത്രമാണ് ഇതൊന്നും അദ്ദേഹം പറഞ്ഞു. ബ്ലെസിയുടെ സിനിമകൾ തന്റെ പഠനകാലത്ത് കാണാറുണ്ടായിരുന്നുവെന്നും ജിയോ പറഞ്ഞു.
‘ആടുജീവിതം വലിയ അഭിമാനമുണ്ടാക്കുന്ന ഒരു സിനിമയാണ്. മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന ഒരാളെന്ന നിലയിൽ എ. ആർ. റഹ്മാനെ പോലെ വലിയ വലിയ ആളുകൾ നമ്മുടെ സിനിമകളിൽ വർക്ക് ചെയ്യാൻ വരുന്നത് വലിയ കാര്യമാണ്. അതുപോലെ തന്നെ വേറെയും ഒരുപാടാളുകളുണ്ട്. അവരൊക്കെ മലയാള സിനിമയിൽ വരുന്നു എന്നത് നമുക്ക് വലിയ അഭിമാനമാണ്.
പൃഥ്വിരാജ് ആണെങ്കിലും ബ്ലെസിയാണെങ്കിലും ഇവരുടെയൊക്കെ സിനിമകൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് ബ്ലെസി ചേട്ടന്റെയൊക്കെ സിനിമകൾ. സ്കൂളിൽ പഠിച്ചിരുന്നപ്പോൾ നമുക്കൊരു സിനിമാക്കാരൻ ആവണമെന്ന് തോന്നിയ സിനിമയാണ് കാഴ്ച്ചയൊക്കെ.
ഇന്നിപ്പോൾ അദ്ദേഹത്തിന്റെ വലിയൊരു സിനിമയുടെ പരിപാടിയിൽ വന്ന് പങ്കെടുക്കാൻ പറ്റുന്നത് ഭാഗ്യമാണ്. ഒരുപാട് സന്തോഷമുണ്ട്.
Content Highlight: Jeo Baby Talk About Mammooty And Kaathal movie