| Thursday, 30th May 2024, 12:11 pm

എന്നെ അടിച്ച എല്ലാ അധ്യാപകരോടും വെറുപ്പാണ്, കുട്ടികളുടെ ദേഹത്ത് കൈവെക്കുന്നവര്‍ ഗുണ്ടകളാണ്: ജിയോ ബേബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ സിനിമകളിലൂടെ വലിയ രീതിയിൽ ശ്രദ്ധ നേടിയ സംവിധായകനാണ് ജിയോ ബേബി. ചെയ്ത സിനിമകളിൽ ഭൂരിഭാഗവും പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

നല്ല പാരന്റിങും ടീച്ചിങ്ങും ഇവിടെ നടക്കുന്നില്ലെന്നും ദേഹോപദ്രവം നടത്തുന്ന അധ്യാപകരെ താൻ വെറുക്കുന്നുവെന്നും അവർ ഗുണ്ടകൾക്ക് സമമാണെന്നും ജിയോ ബേബി പറയുന്നു.

ഒരു ഷോർട്ട് ഫിലിം ചെയ്തതിന്റെ പേരിൽ പഠനകാലത്ത് ജിയോ ബേബി കോളേജിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. ഷോർട്ട് ഫിലിമിന്റെ ഹോമോസെക്ഷ്വൽ കണ്ടന്റ് ആയിരുന്നു പ്രശ്നം. അന്ന് കൂടെ നിൽക്കാൻ ഒന്നോ രണ്ടോ അധ്യാപകർ മാത്രമാണ് ഉണ്ടായിരുന്നതെന്നും തന്നെ പഠിപ്പിച്ച ഭൂരിഭാഗം അധ്യാപകരെയും താൻ വെറുക്കുന്നുവെന്നും ജിയോ ബേബി പറഞ്ഞു. ജാങ്കോ സ്പേസ് ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെയും പ്രധാന കാരണം രക്ഷിതാക്കളും അധ്യാപകരുമൊക്കെയാണ്. ഒരു കുട്ടി ജനിച്ചു കഴിഞ്ഞാൽ ഒരു നാല് വയസ് മുതൽ ടീച്ചർമാരുടെ അടുത്താണ്.

ഇവിടെ രണ്ട് കാര്യങ്ങളും നന്നായി നടക്കുന്നില്ല. നല്ല പാരന്റിങ്ങും നടക്കുന്നില്ല നല്ല ടീച്ചിങ്ങും നടക്കുന്നില്ല. നമ്മുടെ അധ്യാപക സുഹൃത്തുക്കൾക്കൊക്കെ ഇത് പറയുമ്പോൾ വിരോധം തോന്നുമായിരിക്കും. പക്ഷെ പറയാതിരിക്കാൻ പറ്റില്ല.

എന്റെ ജീവിതത്തിൽ ഞാൻ സ്നേഹത്തോടെ ഓർത്തെടുക്കുന്ന രണ്ടോ മൂന്നോ അധ്യാപകരേയുള്ളൂ. അന്ന് കോളേജിൽ നിന്ന് പുറത്താക്കുമ്പോൾ ചില അധ്യാപകർ കൂടെ നിന്നിട്ടുണ്ട്. അവരെയൊക്കെയാണ് കൂടുതൽ ഓർക്കുന്നത്.

സ്കൂളിൽ പഠിപ്പിച്ചതിൽ ആകെ രണ്ട് പേരെയെങ്ങാനുമാണ് ഓർത്ത് വെക്കാൻ പറ്റുള്ളൂ. ഇത്രയും കാലം പഠിച്ചിട്ടും ഒരു നാലോ അഞ്ചോ ആളുകളെ മാത്രമേ നമുക്ക് ഓർക്കാനുള്ളൂ. ബാക്കി എല്ലാ അധ്യാപകരെയും ഞാൻ വെറുക്കുന്നു. എന്നെ നുള്ളിയിട്ടുള്ള അടിച്ചിട്ടുള്ളവരെയെല്ലാം വെറുക്കുന്നു. ഇപ്പോഴും എന്റെ മക്കളെയൊക്കെ സ്കൂളിൽ അടിക്കുന്നുണ്ട്. അവരെയൊക്കെ അതി ഭീകരമായി ഞാൻ വെറുക്കുന്നു. നുള്ളി കഴിഞ്ഞാൽ നമ്മുടെ തൊലി എടുത്തുകൊണ്ടാണ് ചിലവൻമാർ പോവുന്നത്. ഞാൻ അവന്മാർ എന്ന് തന്നെ പറയും. എനിക്ക് ഇത്രയും വെറുപ്പുള്ള മറ്റൊരു വർഗമില്ല.

വേറേ രീതിയിൽ പഠിപ്പിക്കാം ഇവിടെ. അതവർക്ക് അറിയില്ല. ഗവണ്മെന്റ് നല്ലൊരു വിദ്യാഭ്യാസ രീതി ഉണ്ടാക്കി വെച്ചിട്ടുണ്ട്. നമ്മുടെ വിദ്യാഭ്യാസ രീതിയൊക്കെ മറ്റൊരു രീതിയിലാണ്. പക്ഷെ അതൊന്നും ഇമ്പ്ലിമെന്റ് ചെയ്യാൻ ഈ അധ്യാപക വർഗത്തിന് പറ്റുന്നില്ല. നമ്മളെ ദേഹത്ത് കൈ വെക്കുന്നുണ്ടെങ്കിൽ ഒരു തരത്തിൽ ഗുണ്ടകൾ ആയിട്ടാണ് എനിക്കതിനെ തോന്നുന്നത്. ദേഹോപദ്രവം കൊണ്ടൊന്നും ആർക്കും ആരെയും നന്നാക്കാൻ പറ്റില്ല.. അങ്ങനെ ആരും നന്നായിട്ടില്ല,’ജിയോ ബേബി

Content Highlight: Jeo Baby Talk About  His Teachers

We use cookies to give you the best possible experience. Learn more