മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നു എന്നതിനെ കുറിച്ച് വലിയ രീതിയിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഈയിടെ മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, ആവേശം എന്നീ സിനിമകളിലൊന്നും ശക്തരായ സ്ത്രീ കഥാപാത്രങ്ങൾ ഇല്ലെന്ന് ചില വിമർശനങ്ങൾ ഉയർന്നിരുന്നു.
വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജിയോ ബേബി. ആവേശത്തെയും മഞ്ഞുമ്മൽ ബോയ്സിനെയും താൻ കുറ്റം പറയില്ലെന്നും സ്ത്രീകൾ ഇല്ലെങ്കിലും രണ്ടും തനിക്ക് ആസ്വദിക്കാൻ പറ്റിയ സിനിമയാണെന്നും ജിയോ ബേബി പറഞ്ഞു. ക്രിയേറ്റീവായി ചിന്തിക്കുന്ന സ്ഥലത്തേക്ക് സ്ത്രീകൾക്ക് വരാൻ കഴിയുന്നില്ലെന്നും അതിന് കുറ്റം പറയേണ്ടത് അവരെയല്ലെന്നും ജിഞ്ചർ മീഡിയയോട് ജിയോ പറഞ്ഞു.
‘ആവേശം പോലെയുള്ള സിനിമയെയോ അല്ലെങ്കിൽ മഞ്ഞുമ്മൽ ബോയ്സിനെയോ ഞാൻ കുറ്റം പറയില്ല. രണ്ടിലും പെണ്ണുങ്ങൾ ഇല്ല. പക്ഷെ രണ്ടും എനിക്ക് ആസ്വദിക്കാൻ പറ്റിയ സിനിമയാണ്.
പെണ്ണുങ്ങൾ മാത്രമുള്ള സിനിമകൾ ഇവിടെയുണ്ടോ. ഉണ്ടാക്കുന്നുണ്ടോ. ഉണ്ടാക്കാൻ പറ്റുന്നുണ്ടാവില്ല. കാരണം ക്രിയേറ്റീവായി ചിന്തിക്കാൻ പറ്റുന്ന സ്ഥലത്തേക്ക് സ്ത്രീകൾക്ക് വരാൻ പറ്റണ്ടേ.
വരാൻ ബാധ്യതയായി നിൽക്കുന്ന തടസങ്ങൾ ഒരുപാട് ഉണ്ടല്ലോ. പാട്രിയാർക്കി ഉള്ളപ്പെടെ സൊസൈറ്റിയുടെ ഒരുപാട് വ്യവസ്ഥിതികളുമൊക്കെ ഇങ്ങനെ നിൽക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവും.
അല്ലെങ്കിൽ തന്നെ പെണ്ണുങ്ങൾ മാത്രമുള്ള സിനിമകൾ ഉണ്ടാക്കുന്നത് തന്നെ ചില ആണുങ്ങൾ ആയിരിക്കും. പെൺ എഴുത്തുകൾ വരുന്നില്ല, സിനിമകൾ വരുന്നില്ല. പക്ഷെ അതിന് പെണ്ണുങ്ങളെയല്ല കുറ്റം പറയേണ്ടത്. അവരെ ഇങ്ങോട്ട് വിടാത്തത് ആരാണ്.
ഒരു സിനിമ എന്ന നിലയിൽ ഇങ്ങനെയുള്ള എല്ലാ സിനിമയും നമുക്ക് വേണം. പെണ്ണുങ്ങൾ സംവിധാനം ചെയ്യുന്ന സിനിമ നമുക്ക് വർക്ക് ആവുന്നത് കൊണ്ടല്ലേ ഇവിടെ സക്സസ് ആവുന്നത്.