| Tuesday, 8th October 2024, 12:40 pm

സ്‌കൂള്‍ കുട്ടികള്‍ക്ക് കാതല്‍ കാണിച്ചുകൊടുക്കണമെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക പറഞ്ഞ മറുപടി അങ്ങനെയായിരുന്നു: ജിയോ ബേബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട സിനിമയാണ് കാതല്‍. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. സ്വവര്‍ഗാനുരാഗം മുഖ്യപ്രമേയമായി വന്ന ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടി സ്വവര്‍ഗാനുരാഗിയയാി വേഷമിട്ടതിനെക്കുറിച്ച് മറ്റ് ഇന്‍ഡസ്ട്രിയില്‍ വരെ ചര്‍ച്ചകള്‍ നടന്നു. ചിത്രം നിര്‍മിച്ചതും മമ്മൂട്ടിക്കമ്പനി തന്നെയായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ജിയോ ബേബി.

ചിത്രത്തിന്റെ ഷൂട്ടെല്ലാം കഴിഞ്ഞപ്പോള്‍ അത് സ്‌കൂള്‍ കുട്ടികളെ കാണിക്കണമെന്നും അതിന് മുന്‍കൈയെടുക്കാന്‍ മമ്മൂട്ടിയോട് താന്‍ ആവശ്യപ്പെട്ടുവെന്നും ജിയോ ബേബി പറഞ്ഞു. എന്നാല്‍ അവരൊക്കെ കാണുന്നെങ്കില്‍ കണ്ടോട്ടെ, നമ്മള്‍ നിര്‍ബന്ധിച്ച് കാണിക്കണ്ട എന്നായിരുന്നു മമ്മൂട്ടി മറുപടി നല്‍കിയതെന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ സിനിമ വര്‍ക്കായെന്നും പല കുടുംബങ്ങളും കുട്ടികളെയും കൂട്ടിയാണ് കാതല്‍ കാണാന്‍ വന്നതെന്നും ജിയോ ബേബി പറഞ്ഞു.

നാലാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകന് ആണും ആണും തമ്മില്‍ സ്‌നേഹിക്കുമെന്നുള്ള ധാരണ ഈ സിനിമ കണ്ട് ലഭിച്ചുവെന്നും ആ അറിവ് അവന്റെ കൂട്ടുകാരിലേക്ക് എത്തിക്കുമെന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു. ഈ സിനിമ കണ്ടതുകൊണ്ട് ഒരുപാട് ജെന്‍ഡറുകളുണ്ടെന്ന ബോധ്യം അവന് ലഭിച്ചുവെന്നും ജിയോ ബേബി പറഞ്ഞു. എന്നാല്‍ എല്ലാ കുട്ടികള്‍ക്കും ഇത് മനസിലാകുമെന്നൊന്നും താന്‍ കരുതുന്നില്ലെന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കാതല്‍ റിലീസാകുന്നതിന് മുമ്പ് ഞാന്‍ മമ്മൂക്കയുമായി സംസാരിച്ചിരുന്നു. ഈ സിനിമ സ്‌കൂള്‍ കുട്ടികളെക്കൊണ്ട് കാണിക്കണം, മമ്മൂക്ക വിചാരിച്ചാല്‍ വിദ്യാഭ്യാസവകുപ്പ് വഴി ഇക്കാര്യം നടക്കാന്‍ ചാന്‍സുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. ‘അതൊന്നും വേണ്ട ബേബി, അവര്‍ കാണുന്നെങ്കില്‍ കാണട്ടെ, നമ്മള്‍ നിര്‍ബന്ധിച്ച് കാണിക്കുകയൊന്നും വേണ്ട’ എന്നാണ് മറുപടി പറഞ്ഞത്. പക്ഷേ ആ സിനിമ വര്‍ക്കായിട്ടുണ്ട്. പല ഫാമിലിയും കുട്ടികളെയും കൂട്ടിയാണ് കാതല്‍ കാണാന്‍ വന്നത്.

എന്റെ മകന്‍ നാലാം ക്ലാസിലാണ് പഠിക്കുന്നത്. അവന്‍ ഈ സിനിമ കണ്ടപ്പോള്‍ ആണും ആണും തമ്മില്‍ സ്‌നേഹിക്കുമെന്നും അവര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ പറ്റുമെന്നും സ്ത്രീകള്‍ക്കും അതുപോലെ ചെയ്യാമെന്നും അവന് ചെറുതായി മനസിലായിട്ടുണ്ട്. അവന്റെ ഫ്രണ്ട്‌സിനോടും ഇക്കാര്യം അവന്‍ ഷെയര്‍ ചെയ്യും. ഇതെല്ലാം കേട്ടിട്ട് അവന്റെ ജനറേഷനിലെ പിള്ളേരെല്ലാം ഇതിനെപ്പറ്റി വലിയ അറിവുള്ളവരാകുമെന്നൊന്നും ഞാന്‍ ചിന്തിക്കുന്നില്ല,’ ജിയോ ബേബി പറഞ്ഞു.

Content Highlight: Jeo Baby shares the shooting experience with Mammootty in Kaathal movie

We use cookies to give you the best possible experience. Learn more