മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതല്‍ ദി കോര്‍. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. സ്വവര്‍ഗാനുരാഗം പ്രധാനപ്രമേയമായി വന്ന ചിത്രം കേരളത്തിന് പുറത്തും ചര്‍ച്ചചെയ്യപ്പെട്ടു.
കാതലിന്റെ ക്ലൈമാക്‌സില്‍ ഇലക്ഷന് നില്‍ക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രം വിജയിക്കുന്നതായാണ് കാണിക്കുന്നത്. സിനിമയിലെ ക്ലൈമാക്‌സ് പോലെയുള്ള നമ്മുടെ സമൂഹത്തില്‍ ഉണ്ടാകുമോ എന്ന മോഡറേറ്ററിന്റെ ചോദ്യത്തിന് മാതൃഭൂമിയുടെ ‘ക’ ഫെസ്റ്റില്‍ മറുപടി നല്‍കുകയാണ് ജിയോ ബേബി.
കാതലിന്റെ തിരക്കഥയില്‍ പോലും ആ സീന്‍ ഇല്ലായിരുന്നുവെന്നും തന്റെ സ്വപ്നമാണ് അതിലൂടെ പറഞ്ഞതെന്നും ജിയോ ബേബി പറയുന്നു. സമൂഹത്തില്‍ അത്തരം ഒന്ന് സമീപ ഭാവിയില്ലെങ്കിലും നടക്കട്ടെയെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘കാതല്‍ സിനിമയുടെ ക്ലൈമാക്‌സ് ഷോട്ടിലാണ് മമ്മൂക്ക ഇലക്ഷന് വിജയിക്കുന്നതായി കാണിക്കുന്നത്. എന്റെ സിനിമകള്‍ കണ്ടിട്ടുണ്ടെങ്കില്‍ മനസിലാകും എല്ലാ സിനിമകളും എന്റെ ഒരു തരം സ്വപ്നങ്ങളാണ്.
കാതലില്‍ മമ്മൂക്കയുടെ ക്യാരക്ടര്‍ ഇലക്ഷനില്‍ ജയിക്കുക എന്നത് തിരക്കഥയില്‍ പോലുമില്ല.
കാതല്‍ എന്ന് പറയുന്ന ചിത്രം നമ്മള്‍ മാക്‌സിമം മനുഷ്യരെ കാണിക്കാന്‍ വേണ്ടി ഉണ്ടാക്കിയ സിനിമയാണ്. ക്ലൈമാക്‌സില്‍ മമ്മൂക്ക കോഫി ഷോപ്പില്‍ നിന്നിറങ്ങിവന്ന് നില്‍ക്കുമ്പോള്‍ കാണുന്ന നമുക്ക് ഒരു വിഷമവും ഇമോഷനുമൊക്കെ ഉണ്ടെങ്കിലും ഒരു പോസിറ്റീവായിട്ട് ആ സിനിമയെ നിര്‍ത്താന്‍ എന്താണ് മാര്‍ഗമെന്ന് ഞാന്‍ കുറെ ആലോചിച്ചു.
സിനിമയുടെ ഷൂട്ട് നടക്കുമ്പോഴുമെല്ലാം ഇതായിരുന്നു എന്റെ ചിന്തയില്‍. അങ്ങനെയുള്ള എന്റെ നിരന്തര അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് അത്തരം ഒരു ഷോട്ട് എടുത്തത്. അത്തരത്തില്‍ ഒന്ന് സമീപ ഭാവിയില്ലെങ്കിലും സമൂഹത്തില്‍ നടക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
ഇതുവരെ നടന്നിട്ടില്ല. സംഭവിക്കുമോ എന്ന് ചോദിച്ചാല്‍, അത് സംഭവിക്കുന്ന അവസ്ഥയിലേക്ക് സമൂഹം എത്തട്ടേയെന്ന് ആഗ്രഹിക്കുന്നു. കാതലിന്റെ ക്ലൈമാക്‌സ് എന്റെ സ്വപ്നം മാത്രമാണ്,’ ജിയോ ബേബി പറയുന്നു.
Content highlight: Jeo Baby says the climax of Kaathal Movie was his dream