ഏറെ നാളുകൾക്കു ശേഷം സിനിമാ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിയൊരിക്കിയ ചിത്രമാണ് ‘കാതൽ ദി കോർ’. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് മമ്മൂട്ടിയായിരുന്നു.
വ്യത്യസ്തമായ ഒരു പ്രണയകഥ പറയുന്ന ചിത്രത്തിൽ നായികയായെത്തിയത് തെന്നിന്ത്യൻ താരം ജ്യോതികയായിരുന്നു.
വർഷങ്ങൾക്കുശേഷം ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്നു എന്നൊരു പ്രത്യേകത കൂടി കാതൽ എന്ന ചിത്രത്തിന് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കാതൽ.
എന്നാൽ ചിത്രത്തിലെ നായികയാവാൻ ആദ്യം പല നടിമാരെയും പരിഗണിച്ചിരുന്നുവെന്നും ചിത്രത്തിനായി നടി വിദ്യാബാലനെ അപ്പ്രോച്ച് ചെയ്തിരുന്നുവെന്നും സംവിധായകൻ ജിയോ ബേബി പറയുന്നു.
സമയ തിരക്കുകൾ കാരണം നടക്കാതെ വരികയും മലയാളത്തിലെയും പല അഭിനേതാക്കളെയും ആലോചിച്ച് ഒടുവിലാണ് ജ്യോതികയിലേക്ക് എത്തുന്നതെന്നും ജിയോ ബേബി പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ജിയോ ബേബി.
‘ജ്യോതിക അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് ഒരുപാട് പേരെ ആദ്യം മനസിൽ കരുതിയിരുന്നു. സിനിമയ്ക്ക് വേണ്ടി നടി വിദ്യാബാലനെ ഞങ്ങൾ അപ്പ്രോച്ച് ചെയ്തിരുന്നു. പക്ഷെ അവർക്ക് ആ സമയത്ത് ഓരോ തിരക്കുകൾ ആയിരുന്നു. അങ്ങനെ ഒരുപാട് നടിമാരെ ഞങ്ങൾ സിനിമയിലേക്ക് കരുതിയിരുന്നു. പക്ഷെ എല്ലാവരുടെയും പേരൊന്നും ഇപ്പോൾ ഓർക്കുന്നില്ല
മലയാളത്തിൽ തന്നെയുള്ള നടിമാരെയും ഞങ്ങൾ വിചാരിച്ചിരുന്നു. ഒരുപക്ഷെ ജ്യോതിക വന്നില്ലായിരുന്നുവെങ്കിൽ അങ്ങനെ ആരിലേക്കെങ്കിലും ഞങ്ങൾ പോയേനെ. ജ്യോതിക വന്നപ്പോൾ ഒരുപാട് സന്തോഷം,’ജിയോ ബേബി പറയുന്നു.
മികച്ച അഭിപ്രായവുമായി തിയേറ്ററിൽ മുന്നേറുന്ന കാതൽ മലയാള സിനിമ അധികം പരീക്ഷിട്ടില്ലാത്ത പ്രമേയമാണ് സംസാരിക്കുന്നത്.
മമ്മൂട്ടി അടക്കമുള്ള താരങ്ങളുടെ പ്രകടനത്തിലൂടെ ഇതിനോടകം വലിയ പ്രശംസകൾ ചിത്രം നേടിയിട്ടുണ്ട്.
Content Highlight: Jeo baby Says That They Approach Vidhya Balan For Kaathal Movie