| Saturday, 25th November 2023, 10:44 am

കാതലിലേക്ക് 'എന്തുകൊണ്ട് ഞാൻ' എന്ന് മമ്മൂക്ക എന്നോട് ചോദിച്ചിരുന്നു: ജിയോ ബേബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രണയത്തിന് ഒരുപാട് തലമുണ്ടെന്ന് പറഞ്ഞുവെക്കുന്ന ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതൽ ദി കോർ. പടം ഇറങ്ങിയപ്പോൾ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതിൽ ഒരുപാട് ചർച്ചകൾ ഉണ്ടായിരുന്നു.

പടത്തിലേക്ക് മമ്മൂട്ടി എത്തുമ്പോൾ അദ്ദേഹവും എന്തുകൊണ്ട് തന്നെ ചൂസ് ചെയ്‌തെന്ന് ചോദിച്ചിരുന്നെന്ന് ജിയോ ബേബി പറയുകയാണ്. ഇത് എല്ലാവരും ചെയ്യില്ലെന്നും ഒരു ആക്ടറിന് പുറമെ ഒരു നല്ല മനുഷ്യന് മാത്രമേ ഇത് ചെയ്യാൻ കഴിയുമെന്ന് മമ്മൂട്ടിയോട് പറഞ്ഞെന്നും ജിയോ ബേബി പറഞ്ഞു. റിപ്പോട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജിയോ ബേബി ഇത് പറയുന്നത്.

‘മമ്മൂക്ക സിനിമയിലേക്ക് വരുമ്പോഴുള്ള പ്രാധാന്യം നമുക്കറിയാം. ഇതേ സിനിമ അറിയപ്പെടാത്ത ആക്ടറിലേക്ക് പോകുമ്പോൾ ഈ സിനിമയുടെ റീച്ച് ഭയങ്കര കുറയും. ജ്യോതിക, മമ്മൂക്ക, മമ്മൂട്ടി കമ്പനി അതൊക്കെ നമുക്ക് ഒരുപാട് ഉപകാരമായിട്ടുണ്ട്. അത് ഈ സിനിമയ്ക്ക് ആവശ്യവുമാണ്. ഞാനത് മമ്മൂക്കയോട് പറഞ്ഞിരുന്നു. കഥ കേട്ടിട്ട് ഞാനിത് ചെയ്യുന്നു എന്ന് ഒരു സംശയവും ഇല്ലാതെ പറഞ്ഞ ആളാണ് മമ്മൂക്ക.

‘എന്തുകൊണ്ട് എന്നെ തെരഞ്ഞെടുക്കുന്നു’ എന്ന് മമ്മൂക്ക എന്നോട് ചോദിച്ചിരുന്നു. ഇത് എല്ലാവരും ചെയ്യില്ല മമ്മൂക്ക എന്നാണ് ഞാൻ പറഞ്ഞത്. ഈ സിനിമ മമ്മൂക്കയോട് പറയാനാണ് എനിക്ക് തോന്നുന്നത്. ഈ സിനിമ എല്ലാവർക്കും മനസ്സിലാവുകയില്ല. ഒരു ആക്ടറിനു പുറമെ ഒരു നല്ല മനുഷ്യനാണ് ഈ സിനിമ ചെയ്യാൻ കഴിയുക എന്ന് ഞാൻ മമ്മൂക്കയ്ക്ക് ഒരു വോയിസ് നോട്ട് അയച്ചിരുന്നു.

ഞാൻ സിനോപ്സിസ് അയച്ചു കഴിഞ്ഞപ്പോൾ ‘വൈ യു ചൂസ് മി’ എന്ന് ചോദിച്ചിരുന്നു. സിനോപ്സിസ് അയച്ചപ്പോൾ ആയിരുന്നു മീറ്റ് ചെയ്യാമെന്ന് പറഞ്ഞത്. അങ്ങനെ ഒരു സെൻസിബിൾ ആയിട്ടുള്ള ആളാണെന്ന് അറിഞ്ഞിട്ട് തന്നെയാണ് മമ്മൂക്കയുടെ അടുത്ത് ഇങ്ങനെ എൻ്റെ ഒരു സിനിമ ചെയ്യുമോ എന്ന് ചോദിക്കുന്നത്. ‘അതിനെന്താ ഞാൻ ചെയ്യാം’ എന്നാണ് മമ്മൂക്ക പറഞ്ഞത്. എപ്പോൾ കഥ കേൾക്കാൻ പറ്റും എന്ന് ചോദിച്ചപ്പോൾ കുറച്ചു സമയം എടുക്കും എന്ന് പറഞ്ഞെങ്കിലും എല്ലാം പെട്ടെന്ന് തന്നെ സംഭവിച്ചു,’ ജിയോ ബേബി പറയുന്നു.

Content Highlight: Jeo Baby said he asked him why he chose Mammootty for Kathal

We use cookies to give you the best possible experience. Learn more