ലോകമെമ്പാടുമുള്ള മലയാളികളെ ഇരുത്തിചിന്തിപ്പിച്ച സ്ത്രീപക്ഷ സിനിമയായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.
ഇന്ത്യന്‍ കിച്ചണിന് ശേഷം ജിയോ ബേബി അവതരിപ്പിച്ച സിനിമയാണ് ഫ്രീഡം ഫൈറ്റ്. ജിയോ ബേബി, അഖില്‍ അനില്‍കുമാര്‍, കുഞ്ഞില മാസിലാമണി, ഫ്രാന്‍സിസ് ലൂയിസ്, ജിതിന്‍ ഐസക് തോമസ് എന്നീ അഞ്ച് സംവിധായകരുടെ സിനിമകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആന്തോളജി ആയാണ് ഫ്രീഡം ഫൈറ്റ് പുറത്തിറങ്ങിയത്.
ഫെബ്രുവരി 11ന് സോണി ലിവിലായിരുന്നു ചിത്രം റിലീസ് ചെയ്തത്.
മലയാളത്തില്‍ ഇറങ്ങിയ സിനിമകളിലെ പൊളിറ്റിക്കല്‍ കറക്ട്‌നസിനെക്കുറിച്ചും സിനിമകളില്‍ കോമഡി എന്ന പേരില്‍ ചില പ്രത്യേക വിഭാഗങ്ങളെ കളിയാക്കിക്കൊണ്ട് സീനുകള്‍ എടുക്കുന്നതിനെയും വിമര്‍ശിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍ ജിയേ ബേബി.
ബിഹൈന്‍ഡ്വുഡ്സ് ഐസ് നടത്തിയ ഡയറക്ടേഴ്‌സ് റൗണ്ട്ടേബിളില്‍ ഫ്രീഡം ഫൈറ്റിലെ മറ്റ് സംവിധായകര്‍ക്കൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജിയോ ബേബി.
”പൊളിറ്റിക്കല്‍ കറക്ട്‌നെസ് പലരീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. പലരും പലരീതിയില്‍ അത് മനസിലാക്കിയിട്ടുണ്ട്.
നമ്മുടെ മലയാളത്തിലെ കഴിഞ്ഞുപോയ സിനിമകള്‍ ഒന്നുകൂടെ കാണുമ്പോള്‍ മനപൂര്‍വവും അല്ലാതെയും കുത്തിനിറച്ചിരിക്കുന്ന സ്ത്രീവിരുദ്ധതയും ജാതിവിരുദ്ധതയും മറ്റ് ഒരുപാട് വിരുദ്ധതകളും കാണാം.
അതില്‍ ചിലത് അറിഞ്ഞായിരിക്കും അല്ലെങ്കില്‍ ഇത്തരത്തിലുള്ള സാമൂഹ്യപരിസരത്തില്‍ നിന്നും വരുന്ന തിരക്കഥാകൃത്തുക്കളും സംവിധായകരും സിനിമ ചെയ്യുന്നത് കൊണ്ടാവും.
അത് തെറ്റാണെന്ന് നമ്മള്‍ തിരിച്ചറിയുന്ന നിമിഷത്തില്‍, നമ്മുടെ സിനിമകളില്‍ അത്തരം കാര്യങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്.
റേപ് ചെയ്തയാളെ പ്രധാന കഥാപാത്രമാക്കി നമുക്ക് സിനിമ ചെയ്യാം. അങ്ങനെ ചെയ്യുന്നത് പെളിറ്റിക്കലി കറക്ട് അല്ലാതാവുന്നില്ല. ആ സിനിമയിലൂടെ നമ്മള്‍ എന്ത് പറഞ്ഞുവെക്കുന്നു, നമ്മുടെ സ്റ്റാന്റ് എന്താണ് എന്നതാണ് ആത്യന്തികമായി പ്രധാനം.
നമ്മുടെ സിനിമ ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടോ, ഒരു പ്രയോജനവുമില്ലാത്ത എന്തെങ്കിലും കാര്യങ്ങള്‍ ചിത്രത്തിലൂടെ തെറ്റായി സമൂഹത്തിലെത്തുന്നുണ്ടോ എന്നൊക്കെ വീണ്ടും ചെക്ക് ചെയ്യാറുണ്ട്.
നമ്മുടെ സിനിമകളില്‍ ഉപയോഗിച്ചിരിക്കുന്ന പല കാര്യങ്ങളും പലരെയും വേദനിപ്പിക്കുന്നതാണ്. ഇങ്ങനെ ചിരിപ്പിക്കേണ്ട കാര്യമില്ല. അത് ചിരിയായി ഞാന്‍ കണക്കാക്കുന്നില്ല.
ചിരിപ്പിക്കാന്‍ നിങ്ങള്‍ വേറെ മാര്‍ഗങ്ങള്‍ തേടണം. നിങ്ങളുടെ ക്രിയേറ്റിവിറ്റി വേറെ രീതിയില്‍ ഉപയോഗിക്കണം. ഒരു പ്രത്യേക വിഭാഗത്തെ കളിയാക്കിക്കൊണ്ട് ഉണ്ടാക്കുന്ന ചിരിയോട് ഇപ്പോള്‍ നമുക്ക് എതിര്‍പ്പാണ്. അപ്പോള്‍ എന്റെ പടങ്ങളില്‍ അത് വരാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്,” ജിയോ ബേബി പറഞ്ഞു.
Content Highlight: Jeo Baby on Political correctness and comedy in Malayalam cinema